Connect with us

Articles

ത്രിപുര കലാപം: ഇരകള്‍ക്ക് നീതി കിട്ടാക്കനിയാകുമോ?

ബി ജെ പി വരുന്നത് വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഭീതി നിറഞ്ഞ പ്രദേശമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് മുസ്‌ലിം ജീവിതം സാധ്യമാകാത്ത ഇടങ്ങളിലേക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ പേരായി ത്രിപുര ചേര്‍ക്കപ്പെടുകയാണ്. വി എച്ച് പിയുടെ ആക്രമണങ്ങള്‍ക്ക് ശേഷം ഭീതിയുടെ നിഴലിലാണ് പ്രദേശത്തെ മുസ്‌ലിംകള്‍. പലരും പലായനത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്.

Published

|

Last Updated

തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം മുസ്ലിംകള്‍ക്കെതിരെ കലാപം ആരംഭിച്ച് കൃത്യം ഒരാഴ്ച കഴിഞ്ഞ് ഒക്ടോബര്‍ 22നാണ് ത്രിപുര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍സിപ്പല്‍ ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ മാസം ഇരുപത്തിയഞ്ചിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പേ ബി ജെ പി വിജയം പ്രഖ്യാപിച്ചിരിക്കുന്നു. ഏഴ് നഗരസഭകളിലേക്ക് എതിരാളികളില്ലാതെയാണ് ബി ജെ പി തിരഞ്ഞെടുക്കപ്പെട്ടത്. മതത്തെയും സമുദായ വിദ്വേഷത്തെയും തിരഞ്ഞെടുപ്പ് ടൂളായി ഉപയോഗിക്കുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗം കൂടിയായിരുന്നു ത്രിപുരയിലെ മുസ്ലിംവിരുദ്ധ ആക്രമണമെന്നാണ് മനസ്സിലാകുന്നത്. വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) റാലികള്‍ക്കിടെയായിരുന്നു പ്രധാനമായും അക്രമികള്‍ അഴിഞ്ഞാടിയിരുന്നത്. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. മൂന്ന് ഭാഗവും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ത്രിപുരയില്‍ ഇക്കാലമത്രയും മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരേ ഈ രീതിയില്‍ ഒരതിക്രമം അരങ്ങേറിയിട്ടില്ല. ഭരണകൂടം ഇന്ത്യയില്‍ നടന്ന മറ്റ് കലാപങ്ങള്‍ പോലെ ഇവിടെയും കാഴ്ചക്കാരാണ്. അതിക്രമം തടയേണ്ട പോലീസ് അക്രമകാരികള്‍ക്ക് വഴിയൊരുക്കുന്ന തിരക്കിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരണം.

ത്രിപുരയിലെ എട്ട് ജില്ലകളില്‍ നാലിടത്തും അക്രമം അരങ്ങേറിയിട്ടുണ്ട്. നോര്‍ത്ത് ത്രിപുര ജില്ലയുടെ ആസ്ഥാനമായ ധരംനഗറിലെ പാനി സാഗറിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വസുതാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഘടിച്ചെത്തുന്ന ആള്‍ക്കൂട്ടം മുസ്ലിം പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചെത്തുകയും മസ്ജിദുകള്‍ തകര്‍ക്കുകയും കടകളും വീടുകളും അഗ്നിക്കിരയാക്കുകയുമാണ് ചെയ്തത്. പ്രദേശത്തിന് പുറത്തുനിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാകുന്നതായി കലാപത്തിന് ഇരയാക്കപ്പെട്ടവര്‍ പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇവിടെ മറുപടി നല്‍കണമെന്ന് ഒരു വിഭാഗം സംസ്ഥാനത്ത് ബോധപൂര്‍വം പ്രചാരണം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണങ്ങള്‍. ഈ പ്രചാരണത്തില്‍ പ്രാദേശിക ജനത വീണുപോയിട്ടില്ലെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും പാനി സാഗറിലെ ഇരകള്‍ ഡല്‍ഹിയില്‍ നിന്ന് പോയ വസ്തുതാന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും മസ്ജിദുകളും മുസ്ലിം കേന്ദ്രങ്ങളുമാണ് തകര്‍ക്കപ്പെട്ടതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ഡല്‍ഹിയിലെത്തി സംഘം വിവരങ്ങള്‍ പുറത്തുവിട്ടതോടെ വസ്തുതാന്വേഷണത്തിന്റെ ഭാഗമായവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘത്തിന്റെ ഭാഗമായിരുന്ന, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പങ്കുവെച്ചുവെന്നാരോപിച്ച് ത്രിപുര പോലീസ് യു എ പി എ നിയമ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരതിക്രമവും നടന്നിട്ടില്ലെന്ന നിലപാടാണ് ത്രിപുര സര്‍ക്കാറും പോലീസും സ്വീകരിക്കുന്നത്. മുസ്ലിംകള്‍ക്കെതിരെ ആസൂത്രിതമായ അതിക്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത 102 പേര്‍ക്കെതിരെയും യുഎ പി എ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്ന സ്ഥിരം രീതിയാണിത്. ട്വിറ്ററില്‍ പ്രതികരിച്ച 68 പേര്‍, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 32 പേര്‍, യുട്യൂബില്‍ രണ്ട് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ സംസ്ഥാനത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഇടയാക്കുമെന്നും അത് കലാപത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് യു എ പി എ ചുമത്തിയത്. എന്നാല്‍, ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇവിടെ മറുപടി നല്‍കണമെന്ന പ്രചാരണത്തിനെതിരെ സംസ്ഥാനത്ത് ഒരു കേസ് പോലും എടുത്തതായി റിപ്പോര്‍ട്ടുകളില്ല. മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ളവ അക്രമിച്ചതിലും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.

മുസ്ലിംകളെ മാത്രമല്ല തീവ്രഹിന്ദുത്വം ലക്ഷ്യം വെക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ്, സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെയും അക്രമകാരികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ ആക്രമണവും ഭീഷണിയും നേരിടുന്നുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സി പി എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും സി പി എം ആരോപിച്ചു. ഭീഷണിയുടെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്റെ 20ാം വാര്‍ഡിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി സോമ ഘോഷ് ദേബ് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഏഴ് നഗരസഭകളിലേക്ക് ബി ജെ പി എതിരില്ലാതെ പോയതിന് പിന്നിലും ഭീഷണിയും ആക്രമണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറയുന്നു. വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നുവെന്നും എന്നാല്‍ ഭീഷണിയും ആക്രമണവും കാരണം പലയിടങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നു. മത്സരിക്കുന്ന പല സ്ഥാനാര്‍ഥികളും അക്രമം ഭയന്ന് പ്രചാരണത്തിന് പോലും ഇറങ്ങാത്ത സ്ഥിതിയുമുണ്ട്. ബെലോണിയ, അഗര്‍ത്തല, ഖോവായ്, ധര്‍മ നഗര്‍ തുടങ്ങിയ നഗര പ്രദേശങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സ്വതന്ത്രവും നീതിപൂര്‍വവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കക്ഷികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാന്‍ കമ്മീഷന് സാധ്യമായിട്ടില്ല. പല സ്ഥാനാര്‍ഥികളും നേരിട്ടും സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള കക്ഷികളും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നടക്കുന്ന 28 വരെ നടപടി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.

പോലീസ് നിഷ്‌ക്രിയമായിട്ടാണ് ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്നത്. മുസ്ലിംകള്‍ക്കെതിരെ നടന്ന അക്രമങ്ങളിലോ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വിവിധ കക്ഷികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലോ ഒരു വിധത്തിലുമുള്ള നടപടിയും സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് പോലീസിന്റെ ഇടപെടല്‍. ഡല്‍ഹിയില്‍ നടന്ന മുസ്ലിം വംശഹത്യ പോലെ പോലീസ് നിഷ്‌ക്രിയമായിരിക്കുകയും അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുക. ഇതോടൊപ്പം അക്രമത്തെ അപലപിക്കുകയോ തുറന്നു കാട്ടുകയോ ചെയ്യുന്നവര്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുക്കുകയുമാണ് ത്രിപുര പോലീസും ചെയ്യുന്നത്. പോലീസിന്റെ നിലപാടിനെതിരെ ഡല്‍ഹിയില്‍ നിന്ന് പോയ വസ്തുതാന്വേഷണ സംഘം ഉള്‍പ്പെടെയുള്ളവര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്ക് സൗകര്യമൊരുക്കിയ പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ത്രിപുരയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയില്‍ നിന്നും ഡി ജി പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ത്രിപുരയിലെ രാഷ്ട്രീയ ആക്രമണങ്ങളും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങളും ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സ് വക്താവും സാമൂഹിക പ്രവര്‍ത്തകനുമായ സാകെ ഗോഖലെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്. സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് ഗോഖലെ പരാതി നല്‍കിയിരുന്നത്. സര്‍ക്കാര്‍ അക്രമകാരികള്‍ക്കൊപ്പം ചേരുകയും നടപടി സ്വീകരിക്കാതെ കാഴ്ചക്കാരെപ്പോലെ പെരുമാറുകയുമാണെന്ന് ഗോഖലെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരാതികളിലോ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളിലോ പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നില്ല.

ബി ജെ പി വരുന്നത് വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഭീതി നിറഞ്ഞ പ്രദേശമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് മുസ്ലിം ജീവിതം സാധ്യമാകാത്ത ഇടങ്ങളിലേക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ പേരായി ത്രിപുര ചേര്‍ക്കപ്പെടുകയാണ്. വി എച്ച് പിയുടെ ആക്രമണങ്ങള്‍ക്ക് ശേഷം ഭീതിയുടെ നിഴലിലാണ് പ്രദേശത്തെ മുസ്ലിംകള്‍. പലരും പലായനത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ബി ജെ പി ഭരണത്തിന് കീഴില്‍ ഇതുവരെ അന്വേഷണ ഏജന്‍സികളെയും പോലീസിനെയും ഉപയോഗിച്ചാണ് പ്രതിപക്ഷ കക്ഷി നേതാക്കളെ ഒതുക്കിയിരുന്നതെങ്കില്‍ ത്രിപുരയില്‍ അത് നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ബി ജെ പി പുറത്തെടുക്കാന്‍ പോകുന്ന പുതിയ രാഷ്ട്രീയത്തിന്റെ ട്രെയലാണോ ത്രിപുരയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.