Connect with us

Kerala

മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍

ഉപകരണ ക്ഷാമം കാരണം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. പലപ്പോഴും രോഗികള്‍ തന്നെ ഉപകരണം വാങ്ങിത്തരേണ്ടി വരുന്ന സ്ഥിതി.

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉപകരണ ക്ഷാമം കാരണം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നത് വസ്തുതയാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലും പ്രതിസന്ധി നിലനില്‍ക്കുന്ന കാര്യം സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും നേരത്തെത്തന്നെ വിവരമറിയിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പലിനൊപ്പം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടും കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍, ഒരിടപെടലും ഉണ്ടായില്ല. ആരോഗ്യ മന്ത്രിക്ക് വിഷയം ഒരു പക്ഷേ അറിയില്ലായിരിക്കാമെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.

നിരവധി രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. പലപ്പോഴും രോഗികള്‍ തന്നെ ഉപകരണം വാങ്ങിത്തരേണ്ടി വരുന്ന സ്ഥിതിയാണ്. ശസ്ത്രക്രിയാ ഉപകരണത്തിനായി മുമ്പ് കത്ത് നല്‍കുകയും ലഭിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ മുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.

കാര്യങ്ങള്‍ തുറന്നുപറയുന്നതിനാല്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കാനും കൈക്കൂലി ആരോപണം ഉയര്‍ത്താനും സാധ്യതയുണ്ട്. കടുത്ത മാനസിക സമ്മര്‍ദമാണ് താനിപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍, ഒറ്റപ്പെടുമെന്ന ആശങ്കയോ നടപടിയെ ഭയമോ ഇല്ല. എന്ത് അന്വേഷണം വന്നാലും സഹകരിക്കും. ഒരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് സാമൂഹിക മാധ്യമത്തിലൂടെ വസ്തുതകള്‍ പുറത്തുവിട്ടത്. ഞാന്‍ അല്ല, എന്റെ വകുപ്പാണ് സംസാരിക്കുന്നതെന്നും എന്റെ രോഗികള്‍ക്കും എന്റെ വകുപ്പിനും വേണ്ടിയാണ് ഇതെന്നും ഡോ. ഹാരിസ് ബീരാന്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest