Connect with us

Kerala

വിനോദസഞ്ചാര പദ്ധതി: ലക്ഷ്യത്തിലെത്താതെ എയർസ്ട്രിപ്പ് പാതിവഴിയിൽ

എയർസ്ട്രിപ്പുകളും ഹെലിപ്പാഡുകളും സജ്ജീകരിച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കലായിരുന്നു പദ്ധതി ലക്ഷ്യം

Published

|

Last Updated

പാലക്കാട് | വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതി എയർസ്ട്രിപ്പ് ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ. പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയിരിക്കുകയാണ്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ എയർസ്ട്രിപ്പ് പദ്ധതിക്കായി വിശദമായ പ്രൊജക്ട് റിപോർട്ട് ( ഡി പി ആർ) തയ്യാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി കഴിഞ്ഞ ബജറ്റിൽ 4.51 കോടിയാണ് വകയിരുത്തിയത്. ഇതിന് പുറമെ എയർ സ്ട്രിപ്പ് ശൃംഖലയുടെ പ്രീ എൻജിനീയറിംഗ് സാധ്യതാ റിപോർട്ട് തയ്യാറാക്കുന്നതിന് അഞ്ച് കോടിയും ബജറ്റിൽ നീക്കിവെച്ചിരുന്നു.

എയർസ്ട്രിപ്പുകളും ഹെലിപ്പാഡുകളും സജ്ജീകരിച്ച് കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള അതിമനോഹര പദ്ധതിക്കും രൂപം നൽകിയിരുന്നു. എന്നാൽ, ഗതാഗത വകുപ്പ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാത്തതാണ് പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണം നിലക്കാൻ കാരണം.
പദ്ധതി ചലനമറ്റ നിലക്ക് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ വീണ്ടും തുക നീക്കിവെക്കുമോയെന്നത് സംശയമാണ്. അതേസമയം, എൻ സി സി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ വണ്ടിപ്പെരിയാറിൽ 13 കോടി ചെലവിൽ സർക്കാർ എയർസ്ട്രിപ് പൂർത്തീകരിച്ചിരുന്നു.

ഇത്തരം മാതൃകയിൽ സംസ്ഥാനത്തെ പ്രധാന ടൂറിസം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് എയർസ്ട്രിപ് പദ്ധതിയുമായെത്തിയത്. ഇത് നടപ്പായാൽ വിദേശ ടൂറിസ്റ്റുകളുൾപ്പെടെയുള്ളവർക്ക് റോഡ് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കും. ഇതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുമുണ്ടാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്.

ചെറുകിട വിമാനത്താവളത്തിന് മാത്രമല്ല സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുൾപ്പെടെയുള്ള വികസനത്തിന് ഈ പദ്ധതി ഗുണം ചെയ്യും. എന്നാൽ, വ്യോമയാനത്തിന് പ്രത്യേക വകുപ്പില്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ ഗതാഗതവകുപ്പാണ് വ്യോമയാനം ഉൾപ്പെടെ നിയന്ത്രിക്കുന്നത്. ഇത്തരം പദ്ധതി സർക്കാർ പ്രഖ്യാപിച്ചാലും കേന്ദ്ര സർക്കാറിൻ്റെ അനുമതി വേണം. ഇതൊക്കെ നടപ്പാക്കാൻ നിലവിലെ ഗതാഗതവകുപ്പിന് കടമ്പകളേറെയാണ്. ഈ സാഹചര്യത്തിൽ വ്യോമയാനം നോക്കുന്നതിന് പ്രത്യേക വകുപ്പ് ഒരുക്കിയാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടക്കുന്നതിന് പ്രത്യേക വ്യോമയാന മന്ത്രാലയം സംസ്ഥാനത്ത് ഇല്ലാത്തതാണ് തടസ്സമായി നിൽക്കുന്നതെന്നും ആരോപണമുണ്ട്.

 

 

Latest