Connect with us

local body election 2025

നാളെ പോളിംഗ് ബൂത്തിലേക്ക്

ചെറുപൂരം പോലെ വാര്‍ഡുകളിലെ മുക്കിലും മൂലയിലും അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍.

Published

|

Last Updated

പാലക്കാട് | തിരഞ്ഞെടുപ്പ് പ്രചാരണാവേശം വാനോളമുയര്‍ത്തി നാടെങ്ങും കൊട്ടിക്കലാശം.ചെറുപൂരം പോലെ വാര്‍ഡുകളിലെ മുക്കിലും മൂലയിലും അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍. കലാപ്രകടനവുമായി വിവിധ പാര്‍ട്ടികളും കളംപിടിച്ചതോടെ ആഴ്ചകള്‍ നീണ്ട ആവേശത്തിനൊടുവില്‍ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി.

വാര്‍ഡ് അടിസ്ഥാനത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രകടനങ്ങളും ബൈക്ക് റാലികളും നടന്നു. സ്ത്രീകളും മുതിര്‍ന്നവരുമടക്കമുള്ള പ്രവര്‍ത്തകര്‍ വാദ്യമേളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തും ആര്‍പ്പുവിളിച്ചും കൊട്ടിക്കലാശം ആഘോഷമാക്കി. പ്രവര്‍ത്തവര്‍ക്കൊപ്പം നേതാക്കളും എത്തിയതോടെ ആവേശം അലതല്ലി.മേള അകമ്പടിയില്‍ അണികളെ ആവേശത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന കലാശക്കൊട്ടാണ് പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ നടന്നത്.

ബാന്‍ഡ്‌മേളവും ശിങ്കാരി മേളവുമടക്കം ഒരുക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ ആവേശത്തിലാക്കിയത്. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് റോഡ് ഷോ രാവിലെ ജൈനിമേടില്‍ നിന്നാരംഭിച്ചു. ഒലവക്കോട്, തോണിപ്പാളയം, മാട്ടുമന്ത, കല്ലേപ്പുള്ളി, കൊപ്പം, നരികുത്തി, പറക്കുന്നം, ശെല്‍വപാളയം, കല്‍മണ്ഡപം, ചിറക്കാട്, മേപ്പറമ്പ്, മേലാമുറി, പട്ടിക്കര, പട്ടാണിത്തെരുവ്, കള്ളിക്കാട്, പാളയം, കേനാത്തപറമ്പ്, കാടങ്കോട്, പുതുപ്പള്ളിതെരുവ്, കോട്ടമൈതാനം വഴി സുല്‍ത്താന്‍പേട്ടയില്‍ സമാപിച്ചു.

എല്‍ ഡി എഫിന്റെ പ്രചാരണം വൈകിട്ട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച് താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫീസ് വഴി സുല്‍ത്താന്‍ പേട്ടക്ക് സമീപമുള്ള കേരള ബേങ്കിന് സമീപം സമാപിച്ചു. എൻ ഡി എ തിരഞ്ഞെടുപ്പ് പ്രചാരണറാലി വടക്കന്തറ മൈതാനത്ത് നിന്നാരംഭിച്ച് മാര്‍ക്കറ്റ് റോഡ്, ടൗണ്‍ റെയില്‍വേ മേല്‍പ്പാലം, ജി ബി റോഡ് വഴി സുല്‍ത്താന്‍പേട്ടയില്‍ സമാപിച്ചു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തത്. 5.40ഒാടെ സുല്‍ത്താന്‍പേട്ടയിലെത്തി. പിന്നീട് നടന്നത് ചെറുപൂരാഘോഷമായിരുന്നു. മേളത്തിനൊപ്പം ചുവടുവച്ച നേതാക്കളെ പ്രവര്‍ത്തകര്‍ തോളിലേറ്റി ആര്‍പ്പുവിളിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൃത്യം ആറോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ് അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.

പട്ടാമ്പി  പ്രചാരണത്തിന്റെ കലാശക്കൊട്ട് ഇത്തവണ പട്ടാമ്പിയില്‍ നഗരസഭ വാര്‍ഡ്തലങ്ങളിലായിരുന്നു. സാധാരണ പട്ടാമ്പി ടൗണില്‍ വിവിധ പാര്‍ട്ടികള്‍ ശക്തി തെളിയിച്ചാണ് പ്രചാരണം അവസാനിപ്പിക്കാറ്. ഇതില്‍ ആയിരക്കണക്കിന് ആളുകളാണ് അണിചേരാറുള്ളത്. എന്നാല്‍ ഇത്തവണ ആ രീതി മാറി. ഗതാഗതക്കുരുക്കും റോഡ് പണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നടക്കുന്നതിനിടെ പാര്‍ട്ടികളുടെ പ്രകടനം കൂടി എത്തിയാല്‍ അത് ഇപ്പോഴത്തെ അവസ്ഥയില്‍ പട്ടാമ്പി നഗരത്തിന് താങ്ങാനാകില്ല. അതുകൊണ്ടുതന്നെ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും നിർദേശപ്രകാരം അതത് വാര്‍ഡുകളിലാണ് ഇത്തവണ കലാശക്കൊട്ട് നടന്നത്.

ഒറ്റപ്പാലം  തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം നെഞ്ചേറ്റി ഒറ്റപ്പാലം ടൗണില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം. ഒറ്റപ്പാലത്തെ പ്രധാന സെന്ററുകള്‍ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടത്തിയതിനാല്‍ ടൗണിലെ കലാശം ആവേശം കുറഞ്ഞതായി. ഒറ്റപ്പാലം ടൗണ്‍ കൂടാതെ പാലപ്പുറം, വരോട്, കണ്ണിയംപുറം ഭാഗങ്ങളിലാണ് പ്രചാരണം കൊടുമ്പിരി കൊണ്ടത്. ചുനങ്ങാട് റോഡ് കവലയില്‍ മുസ്‌‌ലിം ലീഗിന്റെ നേതൃത്വത്തിലും കൊട്ടിക്കലാശം ഗംഭീരമാക്കി. മേളത്തിന്റെയും തംമ്പോല മേളത്തിന്റെയും ബൈക്ക് റാലികളുടെയും പ്രകടനത്തോടെയാണ് പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ചത്.

ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എ അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും പരമാവധി ശ്രമിച്ചു.

മുടപ്പല്ലൂരില്‍ കൊട്ടിക്കലാശം കഴിഞ്ഞിട്ടും പിന്മാറ്റത്തര്‍ക്കം

ആലത്തൂര്‍  കൊട്ടിക്കലാശത്തിനൊടുവില്‍ പിന്മാറ്റതര്‍ക്കം. വണ്ടാഴി പഞ്ചായത്തിലെ മുടപ്പല്ലൂര്‍ ടൗണില്‍നടന്ന കൊട്ടിക്കലാശത്തിനൊടുവിലാണ് മുന്നണികള്‍ തമ്മില്‍ പിന്മാറ്റത്തര്‍ക്കമുണ്ടായത്. ആദ്യം ആര് പിന്മാറും എന്നതായിരുന്നു പ്രശ്‌നം. സെന്ററില്‍തന്നെ നിലയുറപ്പിച്ചിരുന്ന എൽ ഡി എഫ് പ്രവര്‍ത്തകര്‍ ആദ്യം പിന്മാറട്ടെ എന്നിട്ട് തങ്ങള്‍ പിരിഞ്ഞുപോകാമെന്ന നിലപാടിലായിരുന്നു ബി ജെ പിയും യു ഡി എഫും. പോലീസ് ഇടപ്പെട്ട് സംസാരിച്ചപ്പോള്‍ യു ഡി എഫ് ആദ്യം പിന്മാറി. തുടര്‍ന്ന് എൽ ഡി എഫും ബി ജെ പി പ്രവര്‍ത്തകരും പിരിഞ്ഞുപോയി. അപ്പോഴും പോലീസിന്റെ പണി കഴിഞ്ഞിരുന്നില്ല. ചെറിയ തര്‍ക്കത്തിനിടെയുണ്ടായ സംസ്ഥാന പാതയിലെ വാഹനക്കുരുക്ക് തീര്‍ക്കാന്‍ പിന്നേെയും സമയമെടുത്തു.

---- facebook comment plugin here -----

Latest