Connect with us

Articles

കാലമന്വേഷിക്കുന്ന സാന്ത്വനം

കുറച്ചധികം പരസഹായം ആവശ്യമുള്ളവരാണ് രോഗികള്‍. രോഗത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ ആവശ്യങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. അവരുടെ ബലഹീനതയും ബുദ്ധിമുട്ടും മനസ്സിലാക്കി, അതിനനുസരിച്ച് പെരുമാറുമ്പോഴാണ് ആരോഗ്യമുള്ള നമ്മുടെ ആരോഗ്യം അര്‍ഥവത്താകുന്നത്. രോഗീ സന്ദര്‍ശനത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യമെന്ന അനുഗ്രഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ അതുപകരിക്കും.

Published

|

Last Updated

തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ഹദീസ് കൈമാറ്റ വേളകളില്‍ പൂര്‍വിക പണ്ഡിതര്‍ ആദ്യമായി ചൊല്ലിക്കൊടുക്കാറുള്ള ഹദീസ്, കരുണയുമായി ബന്ധപ്പെട്ടതാണ്. ഭൂനിവാസികളോട് കരുണ കാണിക്കുന്നവരെ, ആകാശത്തിന്റെ അധിപന്‍ കാരുണ്യം കൊണ്ട് അനുഗ്രഹിക്കും എന്നാണാ പ്രവാചകാധ്യാപനം. പരിശുദ്ധ മുസ്ഹഫിന്റെ ആരംഭ വചനമായ ബിസ്മിയില്‍ മൊഴിയപ്പെടുന്ന അല്ലാഹുവിന്റെ രണ്ട് വിശേഷണങ്ങളും റഹ്മത്തുമായി ബന്ധപ്പെട്ടതാണ്. കരുണയും അലിവും സഹായ മനസ്‌കതയും അതിനുള്ള സന്നദ്ധതയുമെല്ലാം സജ്ജനങ്ങളുടെ സവിശേഷതകളാണ്. അശരണരോട് അനുതാപം തോന്നലാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനം. ഒരു നിലക്കും ഒഴിഞ്ഞു മാറാനാകാത്ത വിധം തന്നെ മാനവിക കുലത്തോട് മനുഷ്യന് ഉത്തരവാദിത്വങ്ങളുണ്ട്.

പരസഹായം ഒട്ടുമില്ലാതെ ഒറ്റക്ക് ജീവിക്കുക എന്നത് മനുഷ്യന് അസാധ്യമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ ആവശ്യമോ അത്യാവശ്യമോ ആണ്. പരിസ്ഥിതിയില്‍ വിന്യസിച്ചിട്ടുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ സൃഷ്ടിചരാചരങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ ചില പാരസ്പര്യങ്ങളുടെ പിന്‍ബലത്തിലാണ്. ഉദാഹരണത്തിന്, സസ്യങ്ങള്‍ക്ക് ആവശ്യമായ കാര്‍ബണ്‍ ഡയോക്സൈഡ് മനുഷ്യനും, മനുഷ്യനാവശ്യമായ ഓക്സിജന്‍ സസ്യങ്ങളും പുറന്തള്ളുന്നു. അല്ലാഹുവിന്റെ മഹത്തായ പദ്ധതിയുടെ പ്രായോഗികതയുടെ ഒരു രീതിയാണത്. കാര്‍ബണ്‍ ഡയോക്സൈഡും ഓക്സിജനും നിര്‍മിക്കാന്‍ മനുഷ്യന് കഴിയില്ല. അവ രണ്ടും നിര്‍മിക്കാന്‍ സസ്യങ്ങള്‍ക്കും കഴിയില്ല. നമുക്ക് സാധിക്കാത്ത കാര്യങ്ങളില്‍, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, നമ്മള്‍ ബലഹീനരായ മേഖലകളില്‍ നാം കഴിവുള്ളവരെ/ കഴിവുള്ളവയെ അവലംബിക്കുന്നുണ്ട് എന്നത് പ്രപഞ്ച സത്യമാണ്.

പരസഹായത്തിലേക്കുള്ള ആവശ്യത്തിന്റെ തോത് മനുഷ്യര്‍ക്കിടയില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. നീളം കുറഞ്ഞ ഒരാള്‍ക്ക് നീളം കൂടിയ ഒരാളുടെയും, തടി കൂടിയ ഒരാള്‍ക്ക് മെലിഞ്ഞ ഒരാളുടെയും സഹായം പലപ്പോഴും ആവശ്യമായി വരുന്നു. അതുപോലെ തിരിച്ചും ആവശ്യങ്ങളുണ്ടാകുന്നു. അപരന്റെ സഹായത്തിലേക്കും കരുണയിലേക്കും എല്ലാ മനുഷ്യരും ആവശ്യമുള്ളവരാണ്, അതൊരു മോശപ്പെട്ട കാര്യമല്ല എന്ന ബോധ്യത്തിനു വേണ്ടിയാണ് ഇത്രയും പറഞ്ഞത്.

ഇത്തരത്തില്‍, കുറച്ചധികം പരസഹായം ആവശ്യമുള്ളവരാണ് രോഗികള്‍. രോഗത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ ആവശ്യങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. അവരുടെ ബലഹീനതയും ബുദ്ധിമുട്ടും മനസ്സിലാക്കി, അതിനനുസരിച്ച് പെരുമാറുമ്പോഴാണ് ആരോഗ്യമുള്ള നമ്മുടെ ആരോഗ്യം അര്‍ഥവത്താകുന്നത്. രോഗ സന്ദര്‍ശനത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യമെന്ന അനുഗ്രഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ അതുപകരിക്കും. അതിലൂടെ രോഗിക്ക് ലഭിക്കുന്ന സമാധാനവും മാനസിക സന്തോഷവും ചെറുതല്ല. വെറും സന്ദര്‍ശനം എന്നതിലുപരി, അവര്‍ക്ക് ശാരീരികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കാനും സന്ദര്‍ശകര്‍ ശ്രദ്ധിക്കണം. ഒരു വിശ്വാസിയുടെ ഏറ്റവും മുന്തിയ സത്പ്രവര്‍ത്തനം, മറ്റൊരാളുടെ മനസ്സിനെ സന്തോഷിപ്പിക്കലാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം.

എസ് വൈ എസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സാന്ത്വനം കൂട്ടായ്മ ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണ്. 3,800 സാന്ത്വന കേന്ദ്രങ്ങളും 24,326 വളണ്ടിയര്‍മാരും സാന്ത്വനത്തിന്റെ കീഴില്‍ പ്രവൃത്തി പഥത്തിലുണ്ട്. പതിനാല് ആശുപത്രികളില്‍ സാന്ത്വനത്തിന്റെ സേവനം ലഭ്യമാണ്. തിരുവനന്തപുരത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഷെല്‍ട്ടര്‍ സംവിധാനം, അടിയന്തര ഘട്ടങ്ങളില്‍ സന്നദ്ധരായ 35,000 ഒലീവ് വളണ്ടിയര്‍മാര്‍, ആകസ്മിക ദുരന്ത സമയങ്ങളില്‍ 1,260+ സാന്ത്വനം എമര്‍ജന്‍സി ടീം (സെറ്റ്) പ്രവര്‍ത്തകര്‍, 10,000+ മെഡിക്കല്‍ കാര്‍ഡുകള്‍, 600+ മെഡിക്കല്‍ ക്യാമ്പുകള്‍, 38,000+ പേര്‍ക്ക് മരുന്നുകള്‍, 6,000+ ഷീ പാലിയേറ്റീവ് സംരംഭങ്ങള്‍, 3,000+ ഡയാലിസിസ് സഹായങ്ങള്‍, 2,708 പേര്‍ക്ക് മറ്റു ചികിത്സാ സഹായങ്ങള്‍, 117 ആംബുലന്‍സുകള്‍, 9,125 സര്‍വീസുകള്‍ തുടങ്ങി സാന്ത്വനത്തിന്റെ സേവന മേഖല നിലവില്‍ അതിവിശാലമാണ്.

മയ്യിത്ത് കുളിയും പരിപാലനവും തുടങ്ങി പല കര്‍മങ്ങളിലും സ്ത്രീകള്‍ക്കടക്കം ആവശ്യമായ പരിശീലനം സാന്ത്വനത്തിനു കീഴില്‍ നല്‍കപ്പെടുന്നുണ്ട്. കൊവിഡ് കാലത്ത് അവരുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, സ്‌ട്രെച്ചര്‍, വാക്കര്‍ തുടങ്ങി രോഗികള്‍ക്കായുള്ള ഉപകരണങ്ങള്‍ യൂനിറ്റുകള്‍ വഴി വീടുകളിലും ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ മേഖലകളിലെ സേവനങ്ങള്‍ക്കു പുറമെ, ആയിരത്തിലേറെ ദാറുല്‍ ഖൈറുകളും സാന്ത്വനത്തിനു കീഴില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 70,500+ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും 63,500 റിലീഫ് കിറ്റുകള്‍ ലഭ്യമാക്കുകയും 15,000+ പേര്‍ക്ക് വസ്ത്രം നല്‍കുകയും ആയിരത്തിലേറെ സമൂഹ വിവാഹങ്ങള്‍ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. 45,000ത്തിലേറെ ഇഫ്താര്‍ കിറ്റുകളും ഇതോടെ വിതരണം ചെയ്ത് കഴിഞ്ഞു. 160 കേന്ദ്രങ്ങളിലായി നടന്നു വരുന്ന ഖൈമതുല്‍ ഇഫ്താറും ഗുണഭോക്താക്കളുടെ കണക്കനുസരിച്ച് നിലവില്‍ കൂടുതല്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

മാനുഷിക വിഭവങ്ങള്‍ പോലെത്തന്നെ, ഈ പുണ്യ കര്‍മങ്ങളില്‍ പ്രധാനമാണ്, സാമ്പത്തിക അഭിവൃദ്ധിയും. ഈ വെള്ളിയാഴ്ചയെ നമ്മള്‍ ഒരുമിച്ച് ‘സാന്ത്വനം ഡേ’ ആയി ആചരിക്കുകയാണ്. സാന്ത്വനത്തിന്റെ നിസ്വാര്‍ഥ സേവകര്‍ നിങ്ങളുടെ മുമ്പില്‍ വരുന്ന സമയത്ത് നിങ്ങളാലാകുന്നത് നല്‍കി ഈ സദുദ്യമങ്ങളില്‍ പങ്കാളികളാകണം. റമസാനിന്റെ പവിത്രതയും കൂടി കണക്കിലെടുത്ത് അകമഴിഞ്ഞ് സഹായിക്കണം. ഒരുപാട് പേരുടെ, രോഗം കൊണ്ടും മറ്റും പ്രയാസപ്പെടുന്ന ഒരു പറ്റം മനുഷ്യരുടെ സന്തോഷത്തില്‍ പങ്കാളികളാകുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റെന്താണ്.

 

Latest