Connect with us

theliyolam

കളഞ്ഞേക്കൂ, കൈയിലെ ആ കത്തുന്ന കൽക്കരി

വേദനിച്ചാൽ സംസാരിക്കുക, കഴിയുമെങ്കിൽ ക്ഷമിക്കുക, ആവശ്യമെങ്കിൽ മാത്രം മാന്യമായി അകന്നു പോകുക - എന്നാൽ ഒരിക്കലും അവഗണന നിങ്ങളുടെ ശീലമാക്കരുത്. കാരണം ആ മുറിവ് ഒരിക്കലും ഉണങ്ങില്ല, അത് ആഴത്തിൽ എരിവ് വർധിപ്പിക്കുകയേയുള്ളൂ..

Published

|

Last Updated

“ഒരാൾ വരാതിരിക്കാൻ നിങ്ങൾ അടച്ചിടുന്ന വാതിൽ ഒരുപാട് പേർക്ക് വരാനുള്ള വഴി അടക്കും’ എന്ന് പറയാറുണ്ട്. പല സന്ദർഭങ്ങളിലും നമ്മെ സ്വയം ആശ്വസിപ്പിക്കാൻ എന്ന രീതിയിൽ നാം സ്വീകരിക്കുന്ന ചില നിലപാടുകൾ അങ്ങേയറ്റം പിന്തിരിപ്പൻ ആകാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് അവഗണനാ മനോഭാവം.

മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും വിഷലിപ്തമായ ആയുധങ്ങളിൽ ഒന്ന്. ക്ഷീണിതനാണെന്ന് കരുതി ഒരു ഫോൺ കോൾ ഒഴിവാക്കുന്നതോ, വിരസനായ അയൽക്കാരനെ ഒഴിവാക്കാൻ തിരക്ക് അഭിനയിക്കുന്നതോ പോലുള്ള തികച്ചും നിഷ്കളങ്കമായ ഒരു രീതി പൊലെയല്ല ഇത്. ഒരാളെ മനഃപൂർവം ഒഴിവാക്കുക, അവരുടെ സാന്നിധ്യം അവഗണിക്കുക, നിർബന്ധമായും നൽകേണ്ട ഒരു അഭിനന്ദനം മറച്ചുവെക്കുക, ബോധപൂർവം അവരുടെ ഹൃദയത്തിൽ ഒരു മുറിവ് സൃഷ്ടിക്കുക തുടങ്ങി അവഗണനയുടെ വിവിധ രൂപങ്ങൾ പയറ്റുന്നവരുണ്ട്. തത്കാലം ബുദ്ധിപൂർവം എന്ന് തോന്നുന്ന ഈ പെരുമാറ്റം, പക്ഷേ, ഒരിക്കലും ഒരു നല്ല ഫലം തരുന്നില്ല.

നിങ്ങൾക്കുണ്ടായ ദുരഭവങ്ങൾ തന്നെ എടുത്തു നോക്കൂ, നിങ്ങൾ ഒരാളെ നോക്കി പുഞ്ചിരിക്കുന്നു, അയാൾ വളരെ അലക്ഷ്യമായി മുഖം തിരിക്കുന്നു. ഒരാൾക്ക് ഒരു മെസ്സേജ് അയക്കുന്നു, പക്ഷേ, അയാൾ അത് കണ്ടിട്ടും പ്രതികരിക്കാതെ വിട്ടുകളയുന്നു. വളരെ പ്രതീക്ഷാപൂർവം ബോസിനെ സമീപിച്ചപ്പോൾ, അദ്ദേഹം കാര്യമായ എന്തോ തിരക്കിലാണ് എന്ന മട്ടിൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതായി നടിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നത് അവരെ കൂടുതൽ ശക്തരാക്കുന്നുവെന്നാണ് ഇത്തരക്കാർ കരുതുന്നത്. എന്നാൽ, എന്ത് ഉദ്ദേശിച്ചാണോ ഇത് ചെയ്യുന്നത് അതിന്റെ നേരെ വിപരീത ഫലം മാത്രമാണ് നൽകുക എന്നത് ഇക്കാര്യത്തിൽ തീർത്തും ഉറപ്പാണ്.

ജോലിസ്ഥലത്തെ ഒരു സാഹചര്യത്തെ വിലയിരുത്തി നോക്കുക. ഒരു സഹപ്രവർത്തകന് നിങ്ങളെ ഇഷ്ടമല്ല, പക്ഷേ, അയാൾ അത് തുറന്നു പ്രകടിപ്പിക്കുന്നതിനുപകരം, “അദൃശ്യമായ പെരുമാറ്റം’ പരിശീലിക്കാൻ തുടങ്ങുന്നു. നിങ്ങളുടെ കണ്ണിൽ നോക്കാതെ കടന്നുപോകുന്നു, മീറ്റിംഗുകളിൽ നിങ്ങളെ പാടെ അവഗണിക്കുന്നു, നിങ്ങൾ ചെയ്ത ഒരു നല്ല കാര്യത്തിനും അംഗീകാരം നൽകുന്നില്ല. ശരിക്കും എന്താണ് സംഭവിക്കുക? ആ ഓഫീസ് നിഷ്ക്രിയമായ ആക്രമണത്തിന്റെ ശീതയുദ്ധക്കളമായി മാറുന്നു.

ജോർജ് ബെർണാഡ് ഷാ പറഞ്ഞ “ആശയവിനിമയത്തിലെ ഏറ്റവും വലിയ പ്രശ്നം അത് സംഭവിച്ചു എന്ന മിഥ്യാധാരണയാണ്.’ എന്ന വസ്തുതയാണ് ഇവിടെ പലരുക. അവഗണന ഒരു നല്ല ആശയവിനിമയമാണെന്നാണ് നാം നടിക്കുന്നത്, പക്ഷേ, അത് സത്യത്തിൽ പക്വതയില്ലായ്മയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രഖ്യാപനമാണ്. കുടുംബങ്ങളിലും ഈ നിഷേധാത്മകത കടന്നുവരാറുണ്ട്.

ഭാര്യയോട് ദേഷ്യപ്പെടുന്ന ഭർത്താവ് ദിവസങ്ങളോളം സംസാരം ഒഴിവാക്കുന്നു. മകളോട് ദേഷ്യപ്പെടുന്ന അമ്മ അവളുടെ ചെറിയ സംസാരങ്ങൾക്ക് പോലും മറുപടി നൽകുന്നത് നിർത്തുന്നു. മുമ്പെന്നോ ഉണ്ടായ വഴക്കുകൾ കാരണം ഒരു സഹോദരൻ സഹോദരിയുടെ കോളുകൾ എടുക്കാൻ വിസമ്മതിക്കുന്നു. നിശബ്ദത വാക്കുകളേക്കാൾ ഭാരമുള്ളതായി മാറുന്ന സന്ദർഭങ്ങളാണിവ. ഈ “നിശബ്ദ ചികിത്സ’ ഭീരുക്കളുടെ ഏറ്റവും വലിയ ആയുധമാണെന്നറിയുക. കാരണം, ഒഴിവാക്കൽ ഒരിക്കലും മറ്റൊരാളെ ഒറ്റയ്ക്ക് ശിക്ഷിക്കുന്നില്ല. അത് പതുക്കെ ഒഴിവാക്കുന്നയാളിലും വിഷം നിറയ്ക്കും.

മറ്റൊരാൾക്ക് നേരെ എറിയാൻ വേണ്ടി കത്തുന്ന കൽക്കരി കൈയിൽ കൊണ്ടു നടക്കുന്നത് പോലെയാണിത്. വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒഴിവാക്കുന്ന ഒരാൾ ഒരു ദിവസത്തേക്ക് ഈ നിഷേധക്കളിയിൽ വിജയിച്ചേക്കാം, പക്ഷേ, ജീവിതകാലം മുഴുവൻ ആളുകളുടെ വിശ്വാസം നഷ്ടപ്പെടും. അഹന്തയുടെ നിശബ്ദതകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നവരെ ആരും ബഹുമാനിക്കുന്നില്ല.

അവഗണിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള ബട്ടൺ ആണ്. എന്നാൽ ഏറ്റവും വിനാശകരവുമാണത്. സംസാരിക്കാൻ ധൈര്യം ആവശ്യമാണ്, കേൾക്കാൻ ക്ഷമ ആവശ്യമാണ്, ക്ഷമിക്കാൻ മഹത്വം ആവശ്യമാണ്. ഒഴിവാക്കലിന് നിഷേധാത്മകത മാത്രമേ ആവശ്യമുള്ളൂ. എന്നിട്ടും ഒഴിവാക്കൽ വിജയമാണെന്ന് ആളുകൾ സ്വയം ആശ്വസിക്കുന്നു. മനുഷ്യ ഹൃദയങ്ങളുമായി ഒളിച്ചു കളിക്കുന്നതിൽ എന്ത് മേന്മയാണുള്ളത്!.

വേദനിച്ചാൽ സംസാരിക്കുക, കഴിയുമെങ്കിൽ ക്ഷമിക്കുക, ആവശ്യമെങ്കിൽ മാത്രം മാന്യമായി അകന്നു പോകുക – എന്നാൽ ഒരിക്കലും അവഗണന നിങ്ങളുടെ ശീലമാക്കരുത്. കാരണം ആ മുറിവ് ഒരിക്കലും ഉണങ്ങില്ല, അത് ആഴത്തിൽ എരിവ് വർധിപ്പിക്കുകയേയുള്ളൂ. ഒഴിവാക്കൽ പക്വതയല്ല, അത് ശക്തിയല്ല, അത് തീർച്ചയായും ജ്ഞാനവുമല്ല. അഭിമാനത്തിന്റെ മുഖംമൂടി ധരിച്ച വെറും നിഷേധാത്മകതയാണിത്. മൗനത്തിന് പകരം സംഭാഷണം, അസ്വസ്ഥതക്കു പകരം വ്യക്തത, അഹങ്കാരത്തിന് പകരം സഹാനുഭൂതി എന്നിവ തിരഞ്ഞെടുക്കുക. കാരണം, ഒഴിവാക്കിയവരെ ആരും ഓർക്കുന്നില്ല – സംസാരിക്കാൻ ധൈര്യം കാണിച്ച വ്യക്തിയെ ആരും മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്യും. “നിങ്ങളുടെ ശബ്ദമല്ല, നിങ്ങളുടെ വാക്കുകൾ ഉയർത്തുക. ഇടിമുഴക്കമല്ല, പൂക്കൾ വിരിയിക്കുന്നത് മഴയാണ്.’ എന്ന റൂമിയുടെ വരികൾ എത്ര അർഥപൂർണമാണ്’!’

Latest