Connect with us

സാഹിത്യം

എഴുത്തിന്റെ സത്യമാര്‍ഗത്തിലൂടെ

എഴുത്തിൽ സത്യസന്ധതയും ആത്മാർഥതയും എപ്പോഴും ഉയർത്തിപ്പിടിച്ച എഴുത്തുകാരനായിരുന്നു അലക്സാന്ദർ സെറഫിമോവിച്ച് പപോവ്. സാഹിത്യകാരന്മാർ എന്നും സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളേണ്ടതാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം കളവും കാപട്യവും അവരെ സമൂഹത്തിൽ അനഭിമതരാക്കുകയും അവരുടെ രചനകളെ പരിഹാസ്യമാക്കുകയും ചെയ്യുമെന്ന് എപ്പോഴും ഓർമപ്പെടുത്തിയിരുന്നു.

Published

|

Last Updated

രുപതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യത്തിൽ സവിശേഷസ്ഥാനം നേടിയ എഴുത്തുകാരനാണ് അലക്സാന്ദർ സെറഫിമോവിച്ച് പപോവ് (Alexander Serafimovich). നോവൽ, ചെറുകഥ, നാടകം, ഉപന്യാസം തുടങ്ങി എഴുത്തിന്റെ വ്യത്യസ്ത ശാഖകളിലായി ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം സോവിയറ്റ് സാഹിത്യത്തിന് ശക്തമായ അടിത്തറ പണിതവരിൽ പ്രധാനിയാണ്. “സ്രിദ’ (ബുധനാഴ്ച) എന്ന പേരിൽ മോസ്‌കോയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പ്രശസ്തമായ സാഹിത്യക്കൂട്ടായ്മയിലെ പ്രധാന അംഗമായിരുന്നു സെറഫിമോവിച്ച്.
ദോൻ നദിക്കരയിലെ ഒരു കൊസാക്ക് ഗ്രാമത്തിൽ 1863 ലാണ് സെറഫിമോവിച്ച് ജനിച്ചത്. കൊസാക്ക് സൈന്യത്തിൽ ഗുമസ്തനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് പീറ്റേഴ്സ് ബർഗ് സർവകലാശാലയിൽ ചേർന്ന സെറഫിമോവിച്ച് അവിടെവെച്ച് ലെനിന്റെ സഹോദരനായ അലക്സാന്ദർ ഉല്യനോവുമായി സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ വിപ്ലവസംഘടനകളുമായി ബന്ധം പുലർത്തി വിപ്ലവാശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തെ വടക്കൻ റഷ്യയിലേക്ക് നാടുകടത്തി. 1890ൽ ശിക്ഷ കഴിഞ്ഞു തിരിച്ചെത്തിയ സെറഫിമോവിച്ചിന് പിതാവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് സാമ്പത്തികമായി തകർന്ന കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടിവന്നു. വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷനെടുത്തും ചില പ്രാദേശികപത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചുമാണ് അദ്ദേഹം ആ കാലത്ത് ഉപജീവനമാർഗം കണ്ടെത്തിയത്.

സെറഫിമോവിച്ചിന്റെ സാഹിത്യജീവിതം ആരംഭിക്കുന്നത് 1889 ലാണ്. ആദ്യ ചെറുകഥ വേട്ടക്കാരുടെ കഥ പറയുന്ന (On An Ice – Floe) വായനക്കാരുടെ സവിശേഷ ശ്രദ്ധ നേടി. തുടർന്നുള്ള രചനകളിൽ സാർ ഭരണത്തിൻകീഴിൽ തന്റെ രാജ്യത്തെ തൊഴിലാളികളും കൃഷിക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാർ അനുഭവിക്കുന്ന ജീവിതദുരിതങ്ങളേയും കഷ്ടപ്പാടുകളേയും ആവിഷ്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 1903ൽ അദ്ദേഹം മാക്സിം ഗോർക്കിയുടെ “സ്നാനിയെ’ (വിജ്ഞാനം) എന്ന പ്രസിദ്ധീകരണശാലയിൽ ചേർന്നു. തുടർന്ന് “സ്നാനിയെ’ മാസികയിൽ അദ്ദേഹത്തിന്റെ രചനകൾ നിരന്തരം പ്രത്യക്ഷപ്പെട്ടുതുടങ്ങി.

മോസ്‌കോയിലെ സാഹിത്യ കൂട്ടായ്മയായ “സ്രിദ’ ഗ്രൂപ്പിന് സെറഫിമോവിച്ചിനെ പരിചയപ്പെടുത്തിയത് ഗോർക്കിയായിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ആദ്യകാല പ്രസിദ്ധീകരണത്തിനും ഗോർക്കി മുൻകൈയെടുത്തു. സെറഫിമോവിച്ചിന്റെ മാസ്റ്റർപീസെന്ന് വിശേഷിപ്പിക്കുന്നത് 1924 ൽ വെളിച്ചം കണ്ട “The Iron Flood’ എന്ന നോവലിനെയാണ്. റഷ്യൻ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് വെള്ളപ്പട്ടാളത്തിന്റെ ഉപരോധം സമർത്ഥമായി മറികടക്കുകയും അവരെ സഹസികമായി കീഴ്പ്പെടുത്തുകയും ചെയ്ത ബോൾഷെവിക്കുകളുടെ പോരാട്ടങ്ങളാണ് ഈ നോവലിൽ അദ്ദേഹം ചിത്രീകരിക്കുന്നത്. ഇതിനെ അധികരിച്ച് അദ്ദേഹം തന്നെ രചിച്ച നാടകം മോസ്‌കോയിലെ നിരവധി വേദികളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. The Snow Desert, The Switchman, On Rafts, Into the Storm, On the Shore, The Bombs, In the Middle of the Night, Sand, Forest Life എന്നിവ സെറഫിമോവിച്ചിന്റെ പ്രധാനപ്പെട്ട മറ്റു രചനകളാണ്. 1949 ൽ മോസ്‌കോയിൽ വെച്ച് ഈ എഴുത്തുകാരൻ അന്തരിച്ചു.

ലളിതമായ ഭാഷയും സമൃദ്ധമായ ബിംബകൽപ്പനകളും ശക്തമായ പ്രമേയാവിഷ്കാരവും മുറുക്കമുള്ള അഖ്യാനരീതിയുമാണ് അലക്സാണ്ടർ സെറഫിമോവിച്ചിന്റെ രചനകളുടെ പ്രധാന സവിശേഷതകൾ. അവ റഷ്യയിലെ പതിനായിരക്കണക്കിന് വായനക്കാരെ മാത്രമല്ല ടോൾസ്റ്റോയ്, ഷോളഹവ്, ഗോർക്കി, കൊറലെങ്കോ തുടങ്ങി അവിടുത്തെ ഒട്ടേറെ മുൻനിര എഴുത്തുകാരേയും ആകർഷിച്ചു. ടോൾസ്റ്റോയിക്ക്‌ സെറഫിമോവിച്ചിന്റെ എല്ലാ രചനകളും ഇഷ്ടമായിരുന്നു, വിശേഷിച്ചും Sand എന്ന ലഘുനോവൽ. സെറഫിമോവിച്ചിനെക്കുറിച്ച് ഷോളഹവ് പറഞ്ഞത് “നമ്മുടെ യുവത്വത്തിൽ നമ്മൾ ഏറെ പഠിച്ച എഴുത്തുകാരുടെ തലമുറയിൽപ്പെട്ടവരിൽ പ്രധാനി’ എന്നാണ്. കൊറലെങ്കോ അദ്ദേഹത്തിന്റെ കഥകളെ വിശേഷിച്ചും On An Ice- Floe എന്ന കഥയെ മുക്തകണ്ഠം പുകഴ്ത്തുകയുണ്ടായി.

എഴുത്തിൽ സത്യസന്ധതയും ആത്മാർഥതയും എപ്പോഴും ഉയർത്തിപ്പിടിച്ച എഴുത്തുകാരനായിരുന്നു അലക്സാന്ദർ സെറഫിമോവിച്ച് പപോവ്. സാഹിത്യകാരന്മാർ എന്നും സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളേണ്ടതാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം കളവും കാപട്യവും അവരെ സമൂഹത്തിൽ അനഭിമതരാക്കുകയും അവരുടെ രചനകളെ പരിഹാസ്യമാക്കുകയും ചെയ്യുമെന്ന് എപ്പോഴും ഓർമപ്പെടുത്തിയിരുന്നു. “സത്യത്തിനെതിരായി നിൽക്കുന്ന എല്ലാ സാഹിത്യത്തേയും ഞാൻ അങ്ങേയറ്റം വെറുക്കുന്നു’ എന്ന സെറഫിമോവിച്ചിന്റെ വാക്കുകൾ തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ രചനയും വായനക്കാരോട് പറയുന്നത്.

 

---- facebook comment plugin here -----

Latest