Connect with us

Kerala

മുഹമ്മദ് നബി(സ)യുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍;ഹിജ്റ എക്സ്‌പെഡിഷന് പ്രൗഢമായ സമാപനം

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളുടെ ഭാഗമായാണ് പ്രസന്റേഷന്‍ നടന്നത്.

Published

|

Last Updated

മലപ്പുറം | മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്‍’ പ്രസന്റേഷന്‍ പ്രൗഢമായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. നിരവധി ഗവേഷണങ്ങള്‍ക്കും ഗഹനമായ പഠനങ്ങള്‍ക്കും ശേഷം പ്രവാചകരും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത പഠിതാക്കള്‍ യാത്ര ചെയ്തിരുന്നു.

ഈ യാത്രാനുഭവത്തിന്റെ ദൃഷ്യാവിഷ്‌കാരമാണ് ഹിജ്റ എക്സ്പെഡിഷനിലൂടെ സാധാരണക്കാരിലേക്കെത്തിച്ചത്. ഈ യാത്രയില്‍ ഗവേഷണ സംഘത്തോടൊപ്പം ചേരുകയും സഞ്ചരിക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള പണ്ഡിതനും വാഗ്മിയുമായ
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലമാണ് പ്രസന്റേഷന് നേതൃത്വം നല്‍കിയത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പലായന വഴികളെ അടുത്തറിയാന്‍ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ആയിരങ്ങളായിരുന്നു എത്തിയത്.

1446 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യും അനുയായികളും അനുഭവിച്ച ഹിജ്റ യാത്രയുടെ ത്യാഗോജ്ജ്വലമായ ചരിത്രത്തെ ആധികാരികമായ സോഴ്സുകളെ മാത്രം അവലംബമാക്കിയുള്ള പ്രോഗ്രാമാണിത്. സഊദി അറേബ്യ, മലേഷ്യ, ഇന്ത്യോനേഷ്യ, ഉസ്ബെക്കിസ്ഥാന്‍, തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളുടെ ഭാഗമായാണ് പ്രസന്റേഷന്‍ നടന്നത്. ഇന്ത്യയിലെ ആദ്യ പ്രസന്റേഷനാണ് മഅ്ദിനില്‍ നടന്നത്.

സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഐ പി എഫ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നൂറുദ്ധീന്‍ റാസി, എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നാസര്‍ പാണ്ടിക്കാട്, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ പാഴൂര്‍, വൈസ് പ്രസിഡന്റ് ഇബ്‌റാഹീം ബാഖവി ഊരകം, ഐ പി എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സ്വഫ്വാന്‍ കോട്ടുമല അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, ഡോ. അബ്ദുല്‍ അസീസ് ചാലിയം എന്നിവര്‍ സംബന്ധിച്ചു

Latest