Kerala
നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ മതത്തിൻ്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്തവര്‍: അലവി സഖാഫി കൊളത്തൂര്‍
മുജാഹിദ് വിഭാഗത്തിന്റെ ആദ്യകാല നേതാക്കള്‍ നബിദിനാഘോഷം നടത്താന്‍ ആഹ്വാനം ചെയ്തവർ

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിന്റെ ഭാഗമായി തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ കേരള മുസ് ലിം ജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച സുന്നി ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ വിശുദ്ധ ഇസ് ലാമിന്റെ ശരിയായ ആശയാദര്‍ശങ്ങള്‍ മനസ്സിലാക്കാത്തവരാണെന്നും മൗലിദാഘോഷം ആഗോള തലത്തില്‍ തന്നെ കൊണ്ടാടപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുജാഹിദ് വിഭാഗത്തിന്റെ ആദ്യകാല നേതാക്കള്‍ നബിദിനാഘോഷം നടത്താന്‍ ആഹ്വാനം ചെയ്തവരാണെന്നും സമൂഹത്തിലെ വളരെ കുറഞ്ഞ ആളുകളാണ് ഇതിനെതിരെ രംഗത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മൗലിദാഘോഷം ഇസ് ലാമികം, വഹാബിസം അനിസ്‌ലാമികം എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തില്‍ സംശയ നിവാരണത്തിന് അവസരം നല്‍കി. ഡോ. മുഹമ്മദ് ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അസ്‌ലം സഖാഫി പയ്യോളി, അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം, അഹ്‌മദ് കാമില്‍ സഖാഫി മമ്പീതി, അബ്ദുനാസര്‍ സഖാഫി മണ്ടാട്, ഉവൈസ് അദനി വെട്ടുപാറ, പി സുബൈര്‍ കോഡൂര്‍, പി പി മുജീബ്‌റഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന നടന്ന മൗലിദ് പാരായണ സദസ്സിന് ഹാഫിസ് മുബശ്ശിര്‍ അദനി പെരിന്താറ്റിരി, ഹാഫിള് മിദ്‌ലാജ് ഒതളൂര്‍, റഊഫ് പറപ്പൂര്‍ നേതൃത്വം നല്‍കി.