Editorial
ആഡംബര ത്വരയില്‍ ജീവിതം മറക്കുന്നവര്‍
വരവിനനുസരിച്ച് ചെലവിടാന്‍ പഠിച്ചാല്‍ ജീവിതത്തില്‍ ആത്മസംതൃപ്തിയും സന്തോഷവും കൈവരും. കുറഞ്ഞ വരുമാനം മാത്രമുള്ളവര്‍, സമ്പന്നരെ കണ്ട് ആര്‍ഭാട ജീവിതം നയിക്കാനൊരുമ്പെട്ടാല്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും.

കമ്പിപ്പാര കൊണ്ട് പിതാവ് തലക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡി. കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വഞ്ചിയൂരിലെ 22 വയസ്സുള്ള ഹൃത്വിക്. ആഡംബര കാര്‍ വേണമെന്ന ഹൃത്വിക്കിന്റെ പിടിവാശിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയത്. കാറ് വാങ്ങിത്തരാനുള്ള സാമ്പത്തിക സ്ഥിതി തനിക്കിപ്പോഴില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും കാറിനു വേണ്ടി വാശിപിടിക്കുകയും പിതാവിനെ അക്രമിക്കാന്‍ തുനിയുകയുമായിരുന്നു ഹൃത്വിക്. കലിമൂത്ത പിതാവ് കമ്പിപ്പാരയെടുത്ത് മകനെ അടിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് 17 ലക്ഷത്തിന്റെ ആഡംബര ബൈക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട് ഹൃത്വിക്കിന് പിതാവ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മക്കളുടെയും ജീവിതപങ്കാളിയുടെയും ആര്‍ഭാട ജീവിതം മൂലം സ്വസ്ഥജീവിതം നഷ്ടമായവരും പ്രയാസമനുഭവിക്കുന്നവരും ധാരാളം. ലളിത ജീവിതം നയിച്ചവരും അതില്‍ ആത്മസന്തോഷമനുഭവിക്കുന്നവരുമായിരുന്നു മുന്‍തലമുറ. ആഡംബര ഭ്രമത്തിലാണ് ഇന്നത്തെ തലമുറ. ഇടക്കിടെ സ്റ്റാര്‍ ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ താമസം, മുന്തിയ ഇനം ഭക്ഷണങ്ങള്‍, ബ്രാന്‍ഡഡ് ഡ്രസ്സുകള്‍, ലക്ഷങ്ങള്‍ വില വരുന്ന ഫോണ്‍, അത്യാഡംബര വാഹനങ്ങള്‍- ഇതൊക്കെയാണ് പുത്തന്‍ തലമുറയുടെ ജീവിതരീതി. എളുപ്പത്തില്‍ ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യങ്ങളും വിഭവങ്ങളും വീട്ടിലുണ്ടെങ്കിലും ഭക്ഷണത്തിന് പുറത്തെ സ്റ്റാര്‍ ഹോട്ടലുകളെയും ഫാസ്റ്റ് ഫുഡ് കടകളെയും ആശ്രയിക്കുന്നവരാണ് നല്ലൊരു പങ്കും. ആഡംബര ജീവിതം നയിച്ചാലേ സമൂഹത്തില്‍ അംഗീകാരവും മാന്യതയും കൈവരികയുള്ളൂവെന്ന അബദ്ധ ധാരണയും അയല്‍ക്കാരനേക്കാളും സുഹൃത്തുക്കളേക്കാളും കെങ്കേമനാകാനുള്ള തത്രപ്പാടുമാണ് ആഡംബരത്തിലേക്കും ധൂര്‍ത്തിലേക്കും എത്തിക്കുന്നത്. അയല്‍വാസി കൊട്ടാര സമാനമായ വീട് പണിതാല്‍ അതിനേക്കാള്‍ മെച്ചപ്പെട്ട വീട് പണിയണമെന്ന ചിന്ത ഉയര്‍ന്നു വരുന്നു. സുഹൃത്ത് വിലപിടിപ്പുള്ള വാഹനം വാങ്ങിക്കുമ്പോള്‍ അത്തരമൊരു വാഹനം സ്വന്തമാക്കണമെന്ന മോഹമായി. അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിന്റെ സിംഹഭാഗവും ആഡംബര ജീവിതത്തിനും പ്രകടനപരതക്കുമാണ് വിനിയോഗിക്കുന്നത്. ലളിത ജീവിതം മാനക്കേടും കുറച്ചിലുമാണ് പുതുതലമുറക്ക്. കരുണയും സ്‌നേഹവും ആത്മബന്ധങ്ങളുമാണ് ഇതിനിടയില്‍ കൈമോശം വരുന്നത്.
പ്രവാസി കുടുംബങ്ങളിലാണ് ആര്‍ഭാട ജീവിതവും ത്വരയ്വും കൂടുതല്‍. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച് സമ്പാദിച്ചതത്രയും കൊട്ടാരസമാനമായ വീട് നിര്‍മാണത്തിനായി വിനിയോഗിക്കുന്നവര്‍ നിരവധി. അന്തിയുറങ്ങാന്‍ സൗകര്യപ്രദമായ ഒരിടം എന്നതിനപ്പുറം പ്രദര്‍ശന വസ്തുവാണ് വീടുകള്‍. നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും പലരും കടക്കാരായി മാറുന്നു. അത്യാഡംബര വീടുകള്‍ നിര്‍മിക്കുന്നവരില്‍ നല്ലൊരു പങ്കും കുടുംബ സമേതം വിദേശത്ത് താമസിക്കുന്നവരാണ്. കേരളത്തില്‍ 14 ശതമാനം വീടുകളും പൂട്ടിക്കിടക്കുകയാണെന്നാണ് ഏതാനും വര്‍ഷം മുമ്പ് നടന്ന ഒരു സര്‍വേയില്‍ വെളിപ്പെട്ടത്. ഭൂരിഭാഗവും 3,000 ചതുരശ്ര അടിക്ക് മുകളിലുള്ള ആഡംബര വീടുകളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പ്രായമായി പ്രവാസ ജീവിതം മതിയാക്കുമ്പോഴാണ് വീട്ടുടമയും കുടുംബവും സ്വന്തം വീട്ടില്‍ സ്ഥിരതാമസം തുടങ്ങുന്നത്. വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഈ ഘട്ടത്തില്‍ ആഡംബര വീട് പലര്‍ക്കും ഒരു ബാധ്യതയായി മാറുന്നു.
ആഡംബര ജീവിതത്തോടുള്ള ഭ്രമം പലപ്പോഴും കുറ്റകൃത്യങ്ങളിലേ ക്കെത്തിക്കുന്നു. ഇന്‍സ്റ്റഗ്രാം താരം കൊല്ലം കടക്കലിലെ മുബീന മോഷണക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ വര്‍ഷം. ഭര്‍തൃ സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായപ്പോള്‍ ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പോലീസിനോട് തുറന്നു പറഞ്ഞത്. വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടാനും അതിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കാനും ആളുകളെ പ്രചോദിപ്പിക്കുന്നത് ആഡംബര ജീവിത ത്വരയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നേരാംവഴി ജീവിച്ചാലും മോശമല്ലാത്ത ജീവിതം നയിക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്കവരും. ആര്‍ഭാട ജീവിതത്തിന് എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇവര്‍ കള്ളക്കടത്ത് പോലുള്ള മാര്‍ഗങ്ങളിലെത്തുന്നത്.
പ്രവാസ ജീവിതവും ഡിജിറ്റല്‍ മീഡിയയുടെ സ്വാധീനവും ഉപഭോക്തൃ സംസ്‌കാരവും പരസ്യങ്ങളില്‍ കാണുന്ന ഉയര്‍ന്ന ജീവിത സങ്കല്‍പ്പവുമാണ് സമൂഹത്തില്‍ ആഡംബര ത്വര വളരാന്‍ കാരണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പല വന്‍കിട കമ്പനികളും സ്ഥാപനങ്ങളും കച്ചവട താത്പര്യങ്ങള്‍ക്കായി വിവിധ മോഡലുകളെ അവതരിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിക്കുന്നു. അവരുടെ വേഷത്തിലും ജീവിതരീതികളിലും ആകൃഷ്ടരാകുന്ന പുതുതലമുറ സമാന ജീവിതം നയിക്കാന്‍ വെമ്പല്‍കൊള്ളുകയും തന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ ചെലവിടാന്‍ തുനിയുകയും ചെയ്യുന്നു.
വരവിനനുസരിച്ച് ചെലവിടാന്‍ പഠിച്ചാല്‍ ജീവിതത്തില്‍ ആത്മസംതൃപ്തിയും സന്തോഷവും കൈവരും. കുറഞ്ഞ വരുമാനം മാത്രമുള്ളവര്‍, സമ്പന്നരെ കണ്ട് ആര്‍ഭാട ജീവിതം നയിക്കാനൊരുമ്പെട്ടാല്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും. പങ്കാളികളുടെ ആഡംബര ജീവിതത്തോടുള്ള ആസക്തിയാണ് പല കുടുംബങ്ങളിലും സ്വസ്ഥത നഷ്ടമാകാനും ബന്ധ ശൈഥില്യത്തിനും കാരണമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ പക്ഷം. മിതമായ വരുമാനമുള്ളവര്‍ പോലും കടം വാങ്ങി ആഡംബര വസ്തുക്കള്‍ സ്വായത്തമാക്കാന്‍ തുനിയുന്നു. കടം ഒരു ബാധ്യതയായി മാറുമ്പോള്‍ ആത്മഹത്യയിലാണ് പലരും പരിഹാരം തേടുന്നത്. വിലയേറിയ വസ്തുക്കളിലല്ല ജീവിതത്തിന്റെ മഹത്വം; മൂല്യങ്ങളിലും മനസ്സമാധാനത്തിലുമാണ്. അമേരിക്കന്‍ എഴുത്തുകാരനും കവിയും തത്ത്വജ്ഞനുമായ തോറയുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ ഉയര്‍ച്ചയിലും വികാസത്തിലും തികഞ്ഞ വഴിമുടക്കിയാണ് ആഡംബരത്വര.