Connect with us

Story

വേരുറച്ചവർ

നമ്മുടെ കാലുകളിവിടെ വേരുകളായ് പടർന്നതാണെന്ന് ചേക്കേറിയവർ എങ്ങനെയറിയാൻ! എനിക്കുറപ്പുണ്ട്, നമ്മുടെ രക്തത്തിൽനിന്ന് വീണ്ടും പ്രണയത്തിന്റെ ഒലിവ് ചില്ലകൾ ഇവിടെ തളിർക്കുമെന്ന്...

Published

|

Last Updated

“ദൈറാ… മോളെ നീയെവിടെ.. അവസാനത്തെ വാഹനവും ഇതാ പുറപ്പെടാറായി. ഈ ഒറ്റപ്പെട്ട തുരുത്തിൽ ഇനിയെങ്ങനെ കഴിയുവാനാണ്. അവർ തെളിക്കുന്നിടത്തേക്ക് പായുകയല്ലാതെ….’ നിറഞ്ഞ നയനം തുടച്ചു കൊണ്ട് മകളെ വിളിക്കുന്നതിനിടയിൽ അവരെന്തൊക്കെയോ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു.

എല്ലാം കേട്ടിട്ടും ദൈറ അനങ്ങിയതേയില്ല. ഉമ്മിക്ക് ഫലസ്തീനിന്റെ മണ്ണിൽ എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചാൽ മതിയെന്നായിരിക്കുന്നു. പിറന്ന നാടിനു പുറത്തേക്ക് പോവരുതെന്നേ ഉള്ളൂ ഇപ്പോൾ പാവത്തിന്. എന്നാൽ തനിക്കങ്ങനെയാണോ? ജനിച്ചത് മുതൽ ഈ പ്രവിശ്യക്ക് ചുറ്റും മുഴങ്ങുന്ന വെടിയൊച്ചകളാണ് തന്നെ താരാട്ടിയുറക്കിയത്. മരണം മുന്നിൽ കണ്ട എത്രയോ നിമിഷങ്ങൾ അതിജീവിച്ചു തന്റെ കളിക്കൂട്ടുകാരനോടൊപ്പം കഴിഞ്ഞത് ബുനിയയുടെ മനോഹരമണ്ണിൽ തന്നെയാണ്. അത് വിട്ടുപോകുന്നതെങ്ങനെ, അതും അവനെയിവിടെ തനിച്ചു വിട്ടിട്ട്…

ഓർമകളിലൂടെ ഒരിക്കൽ കൂടി ഊളിയിടാൻ തുടങ്ങുമ്പോൾ ഉമ്മിയുടെ വിളി വീണ്ടും കാതിൽ മുഴങ്ങി. അകലെ വാഹനത്തിന്റെ ഇരമ്പം കേൾക്കാം. അതൊരു പക്ഷേ തന്നെയും ഉമ്മയെയും കാത്തിരിക്കുന്നതാകാം. സൈനികർ മുഴക്കുന്ന വിസിലടി ശബ്ദമോ കുടിയൊഴിയുന്നവരുടെ മനംനൊന്ത കരച്ചിലോ അവളെ തെല്ലും കുലുക്കിയില്ല. പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലാണെങ്കിലും സുരക്ഷിതമായ ആ ഒളിയിടത്തിൽ തലയും താഴ്ത്തി അവളതേ ഇരുപ്പിരുന്നു.

പതിയെ ഉമ്മിയുടെ സ്വരം കൂടുതൽ കടുപ്പത്തിലാവുന്നതും തന്നെയും തിരഞ്ഞു കൊണ്ടെന്നോണം നാലുപാടുമത് അലയടിക്കുന്നതും അൽപ്പം കഴിഞ്ഞ് തന്റെ സഹോദരങ്ങൾക്കൊപ്പം അകന്നകന്നു പോവുന്നതുമെല്ലാം കണ്ണടച്ചിരുന്നെങ്കിലും അറിയുന്നുണ്ടായിരുന്നു. അന്നേരം തകരാനൊരുങ്ങുന്ന നഗരത്തിൽ നിന്ന് ജീവനും കൊണ്ടോടുന്ന നിസ്സഹായരായ പ്രിയപ്പെട്ടവരോട് ഏതോ നിസ്സംഗഭാവം അവളുടെയുള്ളിൽ നുരഞ്ഞു.

പിന്നെയധികമവിടെ ഒളിച്ചിരിക്കാൻ തോന്നിയില്ല. ഒലിവ് തൈകൾ കുത്തിവെച്ച അധികം പഴക്കമില്ലാത്ത ഖബറിനരികിലേക്ക് പതിയെ നടന്നു ചെന്നു. എല്ലായ്പോഴുമെന്ന പോലെ അവളുടെ കൈയിലപ്പോൾ അവന്റെ അവസാനത്തെ കവിതാപുസ്തകം ഉണ്ടായിരുന്നു. മരിക്കാത്ത പ്രതിഷേധങ്ങൾ കൊണ്ട് അഗ്നിജ്വാല തീർക്കുന്ന ആ താളുകളിലൂടെ ചരിക്കുമ്പോൾ ഉള്ളിൽ തനിച്ചല്ലെന്നൊരു തോന്നലുണ്ടാകും.

രാജ്യമാകെ പടരുന്ന അധിനിവേശത്തിന്റെ ഭാഗമായി ഇവിടെയും വിട്ടുപോകണമെന്ന മുന്നറിയിപ്പ് ഇടിത്തീ പോലെയാണ് അവൾ ശ്രവിച്ചത്. അപ്പോഴേ ഉമ്മിയോട്‌ പറഞ്ഞിരുന്നു “താൻ എങ്ങും പോരില്ലെന്നും ഇവിടെ വെച്ച് മരിക്കുന്നത് സന്തോഷമാ’ണെന്നും. ആരുമത് ചെവിക്കൊണ്ടില്ലെങ്കിലും ഇളയ അനിയൻ അഫ്താബിനാണ് ഏറെ സങ്കടം വന്നത്. ” ദീദി ഇല്ലെങ്കി ഞാനും പോവില്ല. നമ്മുക്ക് ഇവിടെ തന്നെ ഷഹീദാവാം ‘ അവൻ കുഞ്ഞു കണ്ണുകൾ നിറച്ചപ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ. കൊച്ചു നാളിൽ ഉപ്പയെ ചോദിച്ചപ്പോൾ “ഷഹീദായി മോനെ’ എന്ന് പറഞ്ഞു പഠിപ്പിച്ചതും താൻ തന്നെയാണ്. അനിയനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചപ്പോഴും ദൃഢനിശ്ചയത്തോടെ തന്നെ പിടിച്ചു നിൽക്കുകയായിരുന്നു.

ഒരുമിച്ച് പോരാടാമെന്ന് സത്യം ചെയ്തിട്ട്, മരിക്കാനും ഒരുമിച്ച് തയാറാണെന്ന് വാക്ക് നൽകിയിട്ട് തന്റെ പ്രിയപ്പെട്ടവൻ ഒറ്റക്ക് മണ്ണിനടിയിൽ കിടക്കുന്നത് സഹിക്കുന്നേയില്ല. അവനെ തനിച്ചാക്കി താനിനി എങ്ങോട്ടുമില്ല. ദേശത്തിന് വേണ്ടി തിളയ്ക്കുന്ന വിപ്ലവ വീര്യമായിരുന്നു അവന്റെ സിരയിൽ. അതാണ് തന്നെ അത്യധികം ആകർഷിച്ചതും. നാടിന്റെ രക്ഷക്കായി തനിക്കാവും വിധം ഉത്സാഹിച്ചു അവൻ. അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാൻവേണ്ടി ഏറെ പ്രതിഷേധ റാലികളും സ്വാതന്ത്ര്യത്തിന് ദാഹിക്കുന്ന കവിതകളും മറ്റുമായി മുന്നേറുന്ന കളിക്കൂട്ടുകാരന് തന്നാലാവുന്ന സഹായങ്ങൾ അവൾ ചെയ്തു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് തങ്ങളുടെ ഉറ്റവരിൽ നിന്ന് ശേഷിച്ചവരുടെ ഇഷ്ടത്തോടെ തന്റെ കഴുത്തിലവൻ മിന്നു ചാർത്തിയത്. അതിന് ശേഷം പിന്നെ വിശ്രമമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. തകരുന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നെത്രയോ ജീവനുകൾ ഇരുവരും ചേർന്ന് രക്ഷിച്ചിരിക്കുന്നു. വേർപെട്ട ഉടലുകൾ തകരാത്ത മനസ്സോടെ പുറത്തെടുക്കുമായിരുന്നു. അനാഥർക്ക് താങ്ങാവുന്നതും യുദ്ധക്കെടുതികൾ താളം തെറ്റിച്ച അനേക ജീവിതങ്ങൾക്ക് ആശ പകർന്നതും… അതെല്ലാം മധുവിധു മാറാത്ത പുതുമയുടെ നാളുകളിൽ തന്നെയായിരുന്നു. തങ്ങളുടെ സുഖ സന്തോഷങ്ങൾ മാറ്റിവെച്ചുകൊണ്ട് യുദ്ധ ഭൂമികയിൽ സ്വയം തണലാവുമ്പോൾ ഇരുവർക്കും വല്ലാത്തൊരു ആത്മനിർവൃതി ലഭിച്ചിരുന്നു. അതിനിടെ അവനെപ്പോഴോ ഒറ്റക്ക് യാത്രയായി…

താൻ ഗർഭിണിയാണെന്നറിഞ്ഞതിന്റെ ആദ്യ നാളുകളിലൊന്നിൽ, അടുത്തുള്ള നഗരത്തിൽ ബോംബ് വീഴുന്നുവെന്ന കൂട്ടുകാരുടെ സന്ദേശം കേട്ട് ഉറക്കിൽ നിന്നെഴുന്നേറ്റ് ഓടിയ ആ രാത്രി അവൾ ഇന്നും മറന്നിട്ടില്ല. അന്നാണല്ലോ അവളുടെ ലോകം കീഴ്മേൽ മറിഞ്ഞതും.
പുതച്ചിരുന്ന കമ്പിളി പതുക്കെ മാറ്റിയവൻ എഴുന്നേറ്റത് അറിഞ്ഞതും കൈയിൽ പതുക്കെ പിടുത്തമിട്ടു. അകലെയെന്തൊക്കെയോ തകരുന്ന ശബ്ദങ്ങൾ ശ്രവിച്ചു കിടക്കുകയായിരുന്നല്ലോ അവളും. ” ദൈറ, എന്നെ വിടൂ ഡിയർ. എത്രയും പെട്ടെന്ന് അവിടെയെത്തണം.നീയൊട്ടും ഭയക്കേണ്ടതില്ല.നമുക്ക് പിറക്കുന്ന കുഞ്ഞിനെയോർത്തു, അവന്റെ നല്ലതിന് വേണ്ടിയാണ്. നിസ്സഹായരായ ഒരു കുഞ്ഞു മുഖത്തെയെങ്കിലും, കിടപ്പിലായ ഒരു വൃദ്ധനെയെങ്കിലും എന്റെ കൈകൊണ്ട് രക്ഷിക്കാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട് പ്രിയേ… ‘

ഒട്ടും സമയം വൈകാതെ അവളന്നേരം പ്രതിവചിച്ചു. ” ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ എനിക്കാകില്ല ജാവേദ്. അതാണല്ലോ നമ്മുടെ നിയോഗം തന്നെയും. എങ്കിലും ഇനി സ്വന്തം സുരക്ഷയിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് പറയാതിരിക്കാൻ എനിക്കാവില്ലല്ലോ. നീ പോയ്‌ വരൂ… നിനക്കായിവൾ ഉറങ്ങാതെ കാത്തു നിൽക്കും. കരയുന്ന മുഖങ്ങളിൽ പുഞ്ചിരി തെളിക്കാൻ നിന്റെ കരങ്ങൾക്ക് കരുത്തുണ്ടാകട്ടെ. നമ്മുടെ നാട് വൈകാതെ സ്വതന്ത്രമാവട്ടെ. ” അന്നത്തെയാ യാത്ര പറച്ചിൽ അവസാനത്തേതായിരുന്നുവെന്ന് ചിന്തിച്ചതേയില്ലവൾ. കട്ടപിടിച്ച ഇരുളിലേക്ക് അവനിറങ്ങിത്തിരിച്ചത് തന്റെ ജീവിതത്തിൽ നിന്ന് കൂടിയാണെന്നും. അന്ന് മുതൽ ഓർമ തിരിച്ചു വരുമ്പോഴൊക്കെ ഈ കുഴിമാടത്തിനരികിലെത്തുന്നുണ്ട്. ജീവിതത്തിലേതു പോലെ അകലുവാനാകാതെ…

വീർത്തു വരുന്ന വയറിൽ തലോടിക്കൊണ്ട് അവളോർമകളുടെ തീരങ്ങളിൽ വിലയിച്ചു. അപ്പോൾ തനിക്ക് ചുറ്റും സൈനിക വേഷം ധരിച്ച കഴുകന്മാർ വളയുന്നതോ അവരുടെ കണ്ണിൽ കാമക്രോധാതികൾ നിറയുന്നതോ, നാടിനെയാകെ ചാമ്പലാക്കാൻ ഒരുങ്ങുന്ന ആയുധ ശേഖരങ്ങളോ അവൾ ശ്രദ്ധിച്ചതേയില്ല. ഹതാശരായ അനേകം ഇരകളുടെ വൈധവ്യത്തിന്റെ പ്രതീകമായ ആ ചെറുപ്പക്കാരി തന്റെ കൂട്ടുകാരന്റെ പുസ്തത്തിൽ പുതിയൊരു കവിത തുന്നുവാൻ തുടങ്ങുകയായിരുന്നു:
“നോക്കൂ ജാവേദ്,
അവർ പോവാൻ പറയുന്നു

നമ്മുടെ കാലുകളിവിടെ വേരുകളായ് പടർന്നതാണെന്ന് ചേക്കേറിയവർ എങ്ങനെയറിയാൻ! എനിക്കുറപ്പുണ്ട്, നമ്മുടെ രക്തത്തിൽനിന്ന് വീണ്ടും പ്രണയത്തിന്റെ ഒലിവ് ചില്ലകൾ ഇവിടെ തളിർക്കുമെന്ന്…’

Latest