National
ആര്‍ എസ് എസിനെ നിരോധിക്കണം; ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് കോണ്‍ഗ്രസ്സ് വല്ലഭായ് പട്ടേലിനെ ഓര്‍ക്കുന്നില്ല എന്ന് പറയുന്നത്: ഖാര്‍ഗെ
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉത്തരവിട്ടിരുന്ന കാര്യം ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
 
		
      																					
              
              
            ന്യൂഡല്‍ഹി | രാജ്യത്ത് ആര്‍ എസ് എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉത്തരവിട്ടിരുന്ന കാര്യം ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യ മരത്തിലെ ഉന്നത വ്യക്തിത്വമായ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. കോണ്‍ഗ്രസ്സ് വല്ലഭായ് പട്ടേലിനെ മറന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തോട് പ്രതികരിക്കവേയാണ് ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസും യു പി എ സര്‍ക്കാരും പട്ടേലിന് അര്‍ഹമായ ആദരവ് നല്‍കിയിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ്സ് വല്ലഭായ് പട്ടേലിനെ ഓര്‍ക്കുന്നില്ല എന്ന് പറയുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍ എസ് എസും ബി ജെപി യുമാണ്.
പട്ടേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് 2024ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരാണ് എടുത്തു കളഞ്ഞത്. വിലക്ക് പുനസ്ഥാപിക്കണം. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നടപടികളാണ് സര്‍ദാര്‍ പട്ടേല്‍ സ്വീകരിച്ചിരുന്നത്. മഹാത്മാഗാന്ധിയുടെ മരണം ആര്‍ എസ് എസ് ആഘോഷിച്ചുവെന്ന് പട്ടേല്‍ കത്തില്‍ എഴുതിയിരുന്നു. ാന്ധിവധത്തിനിടയാക്കിയത് ആര്‍ എസ് എസ് സൃഷ്ടിച്ച അന്തരീക്ഷമാണെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍, ഖാര്‍ഗെയുടെ ആക്ഷേപങ്ങള്‍ക്ക മറുപടിയുമായി ബി ജെ പി രംഗത്തെത്തി. 50 വര്‍ഷത്തിലേറെയായി പട്ടേലിനെ അവഗണിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ കുറച്ചുകാണുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന് ബി ജെ പി ആരോപിച്ചു. പട്ടേലിന്റെ പാത ഒരിക്കലും പിന്തുടരാത്ത കോണ്‍ഗ്രസ്സ് ഇപ്പോള്‍ ആര്‍ എസ് എസിനെ എതിര്‍ക്കാന്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകയാണെന്ന് ബി ജെ പി വക്താവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. ഐ എന്‍ സി എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അല്ല, അത് ഇന്ത്യന്‍ നാസി കോണ്‍ഗ്രസ്സിനെ സൂചിപ്പിക്കുന്നു. അവരുടെ ഗൂഢാലോചനകളെല്ലാമുണ്ടായിട്ടും, കോടതി ആര്‍ എസ് എസിന്റെ വിലക്ക് നീക്കി. ആര്‍ എസ് എസ് ഒരു രാഷ്ട്രീയേതര സംഘടനയാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാമെന്നും ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

