Connect with us

National

വിമാനം ഇനി ഹെലികോപ്റ്റർ പോലെ കുത്തനെ ഇറക്കാം, പറത്താം; സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഗവേഷകർ

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ കുതിപ്പു നല്‍കുന്നതിനുപയോഗിക്കുന്ന ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് അതിന്റെ വേഗവും ശേഷിയും കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിച്ചും കണക്കുകൂട്ടിയുമാണ് ഐഐടിയിലെ എയ്റോ സ്പെയ്സ് എന്‍ജിനിയറിങ് വിഭാഗത്തിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്.

Published

|

Last Updated

ചെന്നൈ | റോക്കറ്റ് ത്രസ്റ്ററുകള്‍ ഉപയോഗിച്ച് വിമാനങ്ങളെ കുത്തനെ പറക്കാനും ഇറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ നിര്‍ണായവിജയം കൈവരിച്ച് ഗവേഷകർ. മദ്രാസ് ഐഐടിയലെ ഗവേഷകരാണ് പരിക്ഷണത്തില്‍ വിജയിച്ചത്. ത്രസ്റ്ററുകള്‍ ഘടിപ്പിച്ച തട്ടിനെ കുറഞ്ഞ വേഗത്തില്‍ താഴെയിറക്കുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. സെക്കന്‍ഡില്‍ ഒരു മീറ്റര്‍ എന്ന സുരക്ഷിതവേഗത്തിലാണത് നിലം തൊട്ടത്. സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്കൂടി വിജയിച്ചാല്‍ ഈ സാങ്കേതികവിദ്യ വിജയകരമായിപൂര്‍ത്തിയകും.

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ കുതിപ്പു നല്‍കുന്നതിനുപയോഗിക്കുന്ന ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് അതിന്റെ വേഗവും ശേഷിയും കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിച്ചും കണക്കുകൂട്ടിയുമാണ് ഐഐടിയിലെ എയ്റോ സ്പെയ്സ് എന്‍ജിനിയറിങ് വിഭാഗത്തിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. റോക്കറ്റ് ത്രസ്റ്ററുകളില്‍ ദ്രവ ഇന്ധനമോ ഖര ഇന്ധനമോ ഉപയോഗിക്കാം. ഓക്സീകാരകമായി അന്തരീക്ഷ വായുവിനെ ഉപയോഗിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുശേഷം ഇതിന്റെ വാണിജ്യാവശ്യത്തിലേക്കു കടക്കാനാണ് ഗവേഷകരുടെ പദ്ധതി.

യഥാര്‍ഥ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് കംപ്യൂട്ടര്‍ സിമുലേഷനിലൂടെ അതിന്റെ വേഗം നിര്‍ണയിക്കുന്നതിന് ഐഐടി ആവിഷ്‌കരിച്ച സംവിധാനം കൃത്യതയാര്‍ന്ന നിരീക്ഷണത്തിന് സഹായിക്കുമെന്ന് ഡോ. ജോയല്‍ ജോര്‍ജ് പറഞ്ഞു.

വലിയ വിമാനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളെപ്പോലെ പറന്നുയരാനാവുമെന്നുവന്നാല്‍ വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവുമെന്ന് പ്രൊഫ. രാമകൃഷ്ണ പറഞ്ഞു.

ദൈര്‍ഘ്യമേറിയ റണ്‍വേയില്ലാതെതന്നെ പറന്നുയരുന്ന വിമാനങ്ങള്‍ യാഥാര്‍ഥ്യമാവുന്നതോടെ വ്യോമയാനരംഗത്തിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ റണ്‍വേ ഇല്ലാത്ത സ്ഥലങ്ങളില്‍ കുത്തനെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യേണ്ട ഘട്ടങ്ങളില്‍ ഹെലികോപ്റ്ററുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

Latest