Connect with us

Aksharam Education

നൊബേല്‍ തിളക്കത്തില്‍ ഇവര്‍

ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജേതാക്കളെ ഈ മാസം രണ്ട് മുതല്‍ ഒമ്പത് വരെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചു.

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമേതെന്ന് ചോദിച്ചാല്‍ ‘നൊബേല്‍’ എന്നായിരിക്കും മറുപടി. സമ്മാനത്തുകയുടെ വലിപ്പം തന്നെയാണ് ഇതിനെ വേറിട്ടതാക്കുന്നത്. സ്വീഡിഷ് വ്യവസായിയും രസതന്ത്രജ്ഞനും ഡൈനാമൈറ്റിന്റെ ഉപജ്ഞാതാവുമായ സര്‍ ആല്‍ഫ്രഡ് നൊേബലിന്റെ സ്മരണാര്‍ഥമാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സ്വന്തം പേരില്‍ 355 പേറ്റന്റുകള്‍ ഉണ്ടായിരുന്ന സര്‍വകലാ വല്ലഭനായിരുന്നു അദ്ദേഹം. ഡൈനാമൈറ്റിന്റെ കണ്ടുപിടിത്തമാണ് നൊബേലിനെ വിശ്വപ്രസിദ്ധനാക്കിയത്. ഇതിന് ലഭിച്ച പേറ്റന്റിലൂടെ അക്കാലത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി അദ്ദേഹം മാറി.

സ്ഫോടക വസ്തുവിന്റെ കണ്ടുപിടിത്തത്തിലൂടെ കുമിഞ്ഞുകൂടിയ സമ്പത്തില്‍ ഭൂരിഭാഗവും ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ചവര്‍ക്ക് പുരസ്‌കാരമായി നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തന്റെ വില്‍പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. അവിടെ നിന്നാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ ചരിത്രം തുടങ്ങുന്നത്.

1896ല്‍ തന്റെ 63ാം വയസ്സില്‍ ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചു. തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവില്‍ 1900ലാണ് നൊബേല്‍ ഫൗണ്ടേഷന്‍ രൂപവത്കരിക്കുന്നത്. 1901 മുതല്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അഞ്ച് മേഖലകളില്‍ ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ, രാജ്യ വ്യത്യാസങ്ങളിലാതെ ലോകത്തെ ഏറ്റവും മികച്ചവര്‍ക്ക് വര്‍ഷാവര്‍ഷം നൊബേല്‍ പുരസ്‌കാരം നല്‍കി വരുന്നു. 1969ല്‍ ബേങ്ക് ഓഫ് സ്വീഡന്‍ ആണ് സാന്പത്തിക ശാസ്ത്രത്തിലും നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. എങ്ങനെ ആയിരിക്കണം ഈ പുരസ്‌കാരങ്ങള്‍ നല്‍കേണ്ടതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ നൊബേലിനുണ്ടായിരുന്നു.

ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനുമുള്ള പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആകണം. വൈദ്യശാസ്ത്ര ജേതാവിനെ സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യ ജേതാവിനെ സ്വീഡിഷ് അക്കാദമിയുമാണ് തിരഞ്ഞെടുക്കേണ്ടത്. സമാധാനത്തിനുള്ള പുരസ്‌കാര ജേതാവിനെ നോര്‍വീജിയിന്‍ പാര്‍ലിമെന്റില്‍ നിന്നുള്ള അഞ്ചംഗ സമിതി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിരുന്നു. കൂടാതെ ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹപ്രകാരം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വേയിലും മറ്റ് അവാര്‍ഡുകള്‍ സ്വീഡനിലും വെച്ചാണ് വിതരണം ചെയ്യുന്നത്.

ഓരോ നൊബല്‍ സമ്മാന ജേതാവിനും 8.19 കോടി രൂപയായിരിക്കും (11 മില്യന്‍ ക്രോണ) സമ്മാനമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 7.5 കോടി രൂപ(പത്ത് മില്യന്‍ ക്രോണ)യായിരുന്നു. കൂടാതെ ഡിപ്ലോമയും സ്വര്‍ണ മെഡലും നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ പത്തിന് കൈമാറും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് നൊബേല്‍ സമ്മാനങ്ങള്‍ക്കായി നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ട്. അവരില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, നിയമ നിര്‍മാതാക്കള്‍, മുന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്നതിനാല്‍ വിവാദങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ചില കര്‍ശന നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് നൊബേല്‍ ഫൗണ്ടേഷന്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പുരസ്‌കാര സമിതിയുടെ തീരുമാനങ്ങള്‍ പുന:പരിശോധിക്കില്ല, പരേതരായവരെ പുരസ്‌കാരത്തിന് പരിഗണിക്കില്ല, ആര്‍ക്കും സ്വയം പുരസ്‌കാരത്തിന് നാമം നിര്‍ദേശം ചെയ്യാനാകില്ല.
ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജേതാക്കളെ ഈ മാസം രണ്ട് മുതല്‍ ഒമ്പത് വരെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചു. രണ്ടിന് വൈദ്യശാസ്ത്രത്തിലെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചതോടെയാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നൊബേല്‍ സീസണിന് തുടക്കമായത്.

വൈദ്യശാസ്ത്രം
ഹംഗേറിയന്‍ അമേരിക്കന്‍ ബയോ കെമിസ്റ്റ് കാതലിന്‍ കാരിക്കോയും അമേരിക്കന്‍ ഗവേഷകനും ഡോക്റ്ററുമായ ഡ്രൂ വിസ്മാനുമാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കള്‍. കൊവിഡ്- 19 നെതിരേ എം ആര്‍ എന്‍ എ വാക്സീനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമായ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും നൊബേലിന് അര്‍ഹരാക്കിയത്. ഭാവിയില്‍ ക്യാന്‍സര്‍, പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മറ്റ് അസുഖങ്ങള്‍ എന്നിവക്ക് എം ആര്‍ എന്‍ എ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

ഭൗതികശാസ്ത്രം
ഇലക്ട്രോണുകളെ കുറിച്ചുള്ള പഠനത്തിന് പിയറി അഗോസ്തിനി (യു എസ്), ഫെറന്‍സ് ക്രൗസ് (ജര്‍മനി), ആന്‍ലെ ഹുയിലിയര്‍ (സ്വീഡന്‍) എന്നിവര്‍ക്കാണ് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയില്‍ നിര്‍ണായക കാല്‍വെപ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതാണ് മൂന്ന് പേരേയും നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്. ഭൗതിക ശാസ്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആന്‍ലെ ഹുയിലിയര്‍.

രസതന്ത്രം
ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനും യു എസ് ശാസ്ത്രജ്ഞരായ മൗംഗി ജി ബവെണ്ടി, ലൂയിസ് ഇ ബ്രൂസ്, അലക്‌സി ഐ എക്കിമോവ് എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായി. ഏറെ നേരിയ അതിസൂക്ഷ്മ കണങ്ങളാണ് ക്വാണ്ടം ഡോട്ടുകള്‍. അലക്‌സി എക്കിമോവാണ് 1981ല്‍ ആദ്യമായി ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയം ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടര്‍ പാര്‍ട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്‌സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദര്‍ശിപ്പിക്കാനും ക്യാന്‍സര്‍ ചികിത്സയിലുമെല്ലാം ഇവ വളരെ നിര്‍ണായകമാണ്.

സാഹിത്യം
നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദം നൂതന നാടകങ്ങളിലൂടെയും ഗദ്യത്തിലൂടെയും ലോകത്തോട് വിളിച്ചു പറഞ്ഞ നോര്‍വീജിയന്‍ എഴുത്തുകാരനും നാടകകൃത്തുമായ ജോണ്‍ ഫോസെക്കാ
ണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. പറഞ്ഞറിയിക്കാനാകാത്ത മനുഷ്യ വികാരങ്ങളേയും വേദനകളേയും സ്വന്തം സൃഷ്ടിയിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം.

സമാധാനം
ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും നടത്തിയ പോരാട്ടത്തിന് നര്‍ഗീസ് മുഹമ്മദിക്കാണ് ഇത്തവണ സമാധാന നൊബേല്‍ സമ്മാനിച്ചത്. 13 തവണ ഭരണകൂടം ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. നിലവില്‍ തടവിലാണിവര്‍.

സാമ്പത്തിക ശാസ്ത്രം
സ്ത്രീകളുടെ തൊഴില്‍ വിപണി ഫലങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തിയതിന് അമേരിക്കന്‍ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോള്‍ഡിനാണ് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം. സാമ്പത്തിക നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഇവര്‍. ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും കൂലിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം മൂന്നിരട്ടിയായിട്ടും കാര്യമായ ലിംഗ വ്യത്യാസങ്ങളുടെ ഉറവിടം വിശദീകരിക്കുന്നതിനുള്ള സമഗ്രമായ സമീപനത്തിനാണ് ഗോള്‍ഡിന് പുരസ്‌കാരം ലഭിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

 

 

 

Latest