Connect with us

Kerala

ആരോപണങ്ങളല്ല, തനിക്കെതിരായ അധിക്ഷേപമാണ്; സിപിഎമ്മിന്റെ മിഷന്‍ 2026 ഇതാണോയെന്ന് വ്യക്തമാക്കണം: ഷാഫി പറമ്പില്‍

ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തിരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കുന്ന മാനിഫെസ്റ്റോ എന്ന് വ്യക്തമാക്കേണ്ടതാണ്

Published

|

Last Updated

പാലക്കാട് |  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എം പി. തനിക്കെതിരെ ഉന്നയിച്ചത് ആരോപണങ്ങള്‍ എന്നതിനേക്കാള്‍ അധിക്ഷേപം എന്നു പറയുന്നതാണ് ശരി. ഇതിന് അതേ ഭാഷയില്‍ മറുപടി പറയണമെന്ന് തോന്നുന്നില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടിയുടെ മിഷന്‍ 2026 ഇതാണോയെന്നു സിപിഎം വ്യേക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തിരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കുന്ന മാനിഫെസ്റ്റോ എന്ന് വ്യക്തമാക്കേണ്ടതാണ്. ജനങ്ങളുടെ മുമ്പില്‍ വേറെയൊന്നും പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാലാണോ വ്യക്തിഹത്യയിലും അധിക്ഷേപത്തിലും സിപിഎം ആശ്രയിക്കുന്നത് എന്നും ഷാഫി ചോദിച്ചു.തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരം ചര്‍ച്ചയിലേക്ക് ദിശ മാറ്റണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് ജനങ്ങള്‍ വിലയിരുത്തട്ടെ. കൃത്യമായ രാഷ്ട്രീയം പറഞ്ഞും സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ട്.

തനിക്കെതിരായ ആക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് നേതാക്കളും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ചശേഷം തീരുമാനിക്കും. . രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാട് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടന്ന് തനിക്കൊന്നും പറയാനില്ല. രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എല്ലാവരും കൂടിയാലോചിച്ചാണെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയ കാര്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു

നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടുമെന്നാണ് ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു

Latest