National
അസമിലെ നാഗോണില്‍ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകള്‍ ചരിഞ്ഞു, അഞ്ച് കോച്ചുകള്‍ പാളം തെറ്റി
ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഗുവാഹത്തി|അസമിലെ നാഗോണ്‍ ജില്ലയില്‍ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 2.17-ഓടെയാണ് അപകടം. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രാക്കില്‍ ആനക്കൂട്ടത്തെ കണ്ട ഉടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. ഈ പ്രദേശം ആനകള്‍ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ തീവ്രത വലുതായിരുന്നെങ്കിലും ട്രെയിനിലെ യാത്രക്കാര്‍ക്കോ റെയില്‍വേ ജീവനക്കാര്‍ക്കോ പരുക്കില്ല. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ തന്നെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി.
20507 ഡിഎന്‍ സൈറംഗ് – ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂര്‍ സെക്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ലുംഡിംഗ് ഡിവിഷണല്‍ ആസ്ഥാനത്ത് നിന്നുള്ള ദുരിതാശ്വാസ ട്രെയിനുകളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ ജനറല്‍ മാനേജരും ലുംഡിംഗ് ഡിവിഷണല്‍ റെയില്‍വേ മാനേജരും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പാളം തെറ്റിയ കോച്ചുകള്‍ വേര്‍പെടുത്തിയശേഷം പുലര്‍ച്ചെ 6.11-ഓടെ ട്രെയിന്‍ ഗുവാഹത്തിയിലേക്ക് തിരിച്ചു. ഗുവാഹത്തിയില്‍ എത്തിയ ശേഷം എല്ലാ യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ ആവശ്യമായ അധിക കോച്ചുകള്‍ ഘടിപ്പിച്ച് ട്രെയിന്‍ ന്യൂഡല്‍ഹിയിലേക്ക് യാത്ര തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ പാതയിലൂടെ കടന്നുപോകേണ്ട മറ്റ് ട്രെയിനുകള്‍ ‘അപ് ലൈന്‍’ വഴി തിരിച്ചുവിട്ടു. പാളത്തിലെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു.



