Uae
യു എ ഇയിൽ മഴക്ക് ശമനം; ജനജീവിതം സാധാരണ നിലയിലേക്ക്
ദുബൈയിൽ വെള്ളക്കെട്ട് നീക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും മുനിസിപ്പാലിറ്റി 2,280 ഫീൽഡ് വർക്കർമാരെയും 392 എൻജിനീയർമാരെയും വിന്യസിച്ചു.
ദുബൈ| യു എ ഇയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന മഴക്ക് ശനിയാഴ്ചയോടെ ശമനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയും ഇടിമിന്നലും പലയിടത്തും വെള്ളക്കെട്ടിന് കാരണമാവുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചുവെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ സ്ഥിതിഗതികൾ മിക്കയിടങ്ങളിലും സാധാരണനിലയിലായി. ഇന്നത്തോടെ സാഹചര്യം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
പൊതുഗതാഗത സംവിധാനങ്ങൾ ഏതാണ്ട് പഴയ രീതിയിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. ഇന്നലെ ജുമുഅ പ്രാർഥനക്ക് പള്ളികളിൽ പതിവിൽ കവിഞ്ഞായിരുന്നു.
വിമാനങ്ങൾ റദ്ദാക്കി
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡിസംബർ 19-ന് എമിറേറ്റ്സ് എയർലൈനിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ടെഹ്റാൻ, ദമാം, ബസറ, മസ്‌കത്ത്, കുവൈത്ത്, ബഹ്റൈൻ, സീഷെൽസ്, മാലി, കൊളംബോ, പെഷവാർ, ഫ്രാങ്ക്ഫർട്ട്, ഇൻചിയോൺ എന്നീ റൂട്ടുകളിലെ സർവീസുകളെയാണ് ഇത് ബാധിച്ചത്. ഫ്ലൈ ദുബൈയുടെ ചില വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഫ്ലൈ ദുബൈ അടക്കം നിരവധി എയർലൈനുകളുടെ സർവീസുകൾക്കും തടസം നേരിട്ടു.
എന്നാൽ, വൈകുന്നേരത്തോടെ ദുബൈ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്തിയതായി അധികൃതർ വ്യക്തമാക്കി. ദുബൈയിൽ നഗരത്തിൽ ടാക്‌സി ലഭ്യത കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു. ഊബർ പോലുള്ള ആപ്പുകളിൽ സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടി വരെ വർധനവാണ് രേഖപ്പെടുത്തിയത്. ഷാർജയിലേക്കുള്ള ഫെറി സർവീസ് നിർത്തിവെച്ചു. നിർത്തിവെച്ച ഏതാനും ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
ദുബൈയിൽ ശുചീകരണം ദ്രുതഗതിയിൽ
വെള്ളക്കെട്ട് നീക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും ദുബൈ മുനിസിപ്പാലിറ്റി 2,280 ഫീൽഡ് വർക്കർമാരെയും 392 എൻജിനീയർമാരെയും വിന്യസിച്ചു. 290 പമ്പുകളും 220 ടാങ്കറുകളും ഉപയോഗിച്ചാണ് വെള്ളം നീക്കം ചെയ്തത്. ഡി ഐ എഫ് സി, അബു ഹെയിൽ തുടങ്ങിയ ഭാഗങ്ങളിലെ വെള്ളക്കെട്ട് അതിവേഗം നീക്കം ചെയ്തു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ മുനിസിപ്പാലിറ്റി അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.
പാർക്കുകളും ബീച്ചുകളും തുറന്നു.
കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് ദുബൈയിലെ എല്ലാ പൊതു പാർക്കുകളും ബീച്ചുകളും ഓപ്പൺ എയർ മാർക്കറ്റുകളും വീണ്ടും തുറന്നതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. മഴയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിനോദ പരിപാടികളും പ്രവർത്തനങ്ങളും സാധാരണ നിലയിലായതായും അധികൃതർ വ്യക്തമാക്കി.
ഷാർജയിൽ നിയന്ത്രണം
ഷാർജയിൽ അൽ നസ്്രിയ, അൽ സഹ്‌റ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ജുമുഅ നിസ്‌കാരത്തിന് പള്ളികളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പള്ളികൾ നിറഞ്ഞു കവിഞ്ഞതിനെത്തുടർന്ന് തണുത്ത കാറ്റേറ്റ് ഫുട്പാത്തുകളിൽ വിരിപ്പിട്ടാണ് പലരും നിസ്‌കരിച്ചത്. റോഡുകളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഷാർജയിലെ വാസിത് വൈറ്റ്്ലാൻഡ് സെന്റർ ഡിസംബർ 20-ന് അടച്ചിടുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ജെബൽ ജൈസിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
കനത്ത മഴയെത്തുടർന്ന് റാസ് അൽ ഖൈമയിലെ ജെബൽ ജൈസ് മലനിരകളിൽ മണ്ണിടിച്ചിലുണ്ടായി. വ്യാഴാഴ്ച രാത്രി മലകയറിയ കുടുംബങ്ങളടക്കം മുന്നൂറോളം പേർ മലമുകളിൽ കുടുങ്ങി. കുട്ടികളും പ്രായമായവരും അടങ്ങുന്ന സംഘമാണ് മലമുകളിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ മഴ മാറിയെങ്കിലും റോഡിലെ തടസ്സങ്ങൾ നീക്കി രാത്രി വൈകിയാണ് ഇവരെ പുറത്തെത്തിക്കാനായത്. ജെബൽ ജൈസിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു.
കൂടാതെ, വാദികൾ നിറഞ്ഞൊഴുകിയതിനെത്തുടർന്ന് അൽ ദൈത് സൗത്ത് മേഖലയിലെ റോഡുകൾ അടച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയ്ക്കാണ് ഗതാഗതം തടഞ്ഞത്. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
അബൂദബിയിലും ഫുജൈറയിലും ജാഗ്രതയോടെ അധികൃതർ
അബൂദബിയിലെ പാർക്കുകളും ബീച്ചുകളും പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. അബൂദബിയിലെ അൽ ഗദീർ വീടുകളിൽ വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ തടസ്സപ്പെടുകയും സീലിംഗിൽ നിന്ന് വെള്ളം ചോരുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു. അൽ ഐനിലെ അൽ സറൂജ് പാർക്കിൽ നടക്കേണ്ടിയിരുന്ന പരിപാടികൾ മാറ്റിവെച്ചു. ഉമ്മുൽ ഖുവൈനിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എക്‌സിറ്റുകൾ അടയ്ക്കുകയും ഡ്രൈവിംഗ് ടെസ്റ്റുകൾ തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.



