Connect with us

Saudi Arabia

ജിദ്ദയിൽ വൻ ലഹരി മരുന്ന് വേട്ട: 1.87 ലക്ഷം ഗുളികകൾ പിടികൂടി

മേശകൾക്കുള്ളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.

Published

|

Last Updated

ജിദ്ദ| ചരക്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1,87,000 ആംഫെറ്റാമൈൻ ഗുളികകൾ ജിദ്ദയിൽ  പിടികൂടി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി മയക്കുമരുന്ന് പിടി കൂടിയത്. മേശകൾക്കുള്ളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. “ഡൈനിംഗ് ടേബിളുകൾ” എന്ന് രേഖപ്പെടുത്തി എത്തിയതായിരുന്നു ചരക്കുകൾ.
സെക്യൂരിറ്റി സ്ക്രീനിംഗ് സാങ്കേതികവിദ്യകളും മറ്റ് ആധുനിക പരിശോധനാ രീതികളും ഉപയോഗിച്ച് സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് സാറ്റ്ക വക്താവ് ഹമൂദ് അൽ-ഹർബി പറഞ്ഞു. ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ, മയക്കുമരുന്നുകൾ സ്വീകരിക്കേണ്ടിയിരുന്ന നാല് പ്രതികളെ സൗദിയിൽ നിന്നും അറസ്റ്റ് ചെയ്തു.
സമൂഹത്തെ സംരക്ഷിക്കുന്നതിനും മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് നിയന്ത്രണം കർശനമായി തുടരുമെന്ന് അൽ-ഹർബി പറഞ്ഞു.
വിവരങ്ങൾ അറിയിക്കാൻ: കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ അധികൃതരെ അറിയിക്കാം. സെക്യൂരിറ്റി ഹോട്ട്‌ലൈൻ: 1910, ഇമെയിൽ: 1910@zatca.gov.sa, അന്താരാഷ്ട്ര നമ്പർ: 009661910
ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും, നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ അവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest