Kerala
വേടന്റെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)
സേവ് യൂണിവേഴ്‌സിറ്റി ഫോറം, എസ് യു സി ഐ സംഘടനയല്ല. അങ്ങനെയുള്ള പ്രചാരണം തെറ്റാണ്.

തിരുവനന്തപുരം | വേടന്‍ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്. സേവ് യൂണിവേഴ്‌സിറ്റി ഫോറം, എസ് യു സി ഐ സംഘടനയല്ല. അങ്ങനെയുള്ള പ്രചാരണം തെറ്റാണ്. അഖിലേന്ത്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ഷാജര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജപ്രചാരണ തന്ത്രങ്ങള്‍ ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് പ്രതിബന്ധമാകും. സ്വന്തം നിലപാട് സുതാര്യമായും നിര്‍ഭയമായും പ്രകടിപ്പിക്കുന്ന സംഘടനയാണ് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) എന്നും റാപ് സംഗീതം പ്രതിനിധാനം ചെയ്യുന്ന മര്‍ദിതന്റെ രാഷ്ട്രീയത്തോടും വേടന്റെ പാട്ടിനോടും തങ്ങള്‍ക്ക് യോജിപ്പാണെന്നും ജെയ്‌സണ്‍ ജോസഫ് വ്യക്തമാക്കി.
സര്‍വകലാശാല സിലബസ് രൂപവത്കരണം ഉള്‍പ്പെടെയുള്ള അക്കാദമിക്ക് വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്വയംഭരണാവകാശമുള്ള സര്‍വകലാശാല സമിതികള്‍ക്ക് ആയിരിക്കണം. രാഷ്ട്രീയ പരിഗണനകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ സങ്കുചിത താത്പര്യങ്ങളും അതിനെതിരെ ഉണ്ടാകാന്‍ പാടില്ലെന്നും എസ് യു സി ഐ നേതാവ് കൂട്ടിച്ചേര്‍ത്തു.