theliyolam
ഈ കഴിവുള്ളവരെ കാണാത്തവരുണ്ടാവില്ല!
"ഇപ്പൊ ഞാൻ പറഞ്ഞത് പോലെ തന്നെ ആയില്ലേ? എന്നതായിരിക്കും ഇത്തരക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാചകം

സ്റ്റോയിക് തത്വചിന്തകനായ എപ്പിക്റ്റീറ്റസിൻ്റെ ഒരു വചനം ഇങ്ങനെയാണ്, “ഒരു മനുഷ്യന് താൻ ഇതിനകം തന്നെ അറിയാമെന്ന് കരുതുന്ന കാര്യങ്ങൾ പഠിക്കുക അസാധ്യമാണ്.’ എല്ലാം അറിയുന്നയാൾ എന്ന മാനസികാവസ്ഥ ഒരാളെ അങ്ങേയറ്റം അജ്ഞനാക്കുമെന്നതിന് പുറമെ മറ്റുള്ളവർക്ക് എല്ലാത്തിനും “മുന്നറിയിപ്പുകൾ’ നൽകിയും “ഞാനപ്പഴേ പറഞ്ഞില്ലേ’ എന്ന വായ്ത്താരിയുടെ “മുന’ നിവർത്തി ക്ലൈമാക്സുകളെ തന്റേതാക്കി മാറ്റി രംഗം വഷളാക്കുകയും ചെയ്യും.
ഒരു മുഖ്യ ചർച്ച നടക്കുന്ന കമ്മിറ്റിയിലോ ഒരു കുടുംബ സദസ്സിലോ സൗഹൃദ കൂട്ടായ്മയിലോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ ഒക്കെ ഈ “പ്രത്യേക കഴിവുള്ള’ ആളുകളെ കാണാം. എന്തും സംഭവിക്കുന്നതിന് മുമ്പ് തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് അവകാശപ്പെടാനുള്ള അപാര കഴിവ്. ഇത്തരക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാചകം, “ഇപ്പൊ ഞാൻ പറഞ്ഞത് പോലെ തന്നെ ആയില്ലേ? എന്നതായിരിക്കും. സാഹചര്യം എന്താണെങ്കിലും – ഒരു സ്ഥാപന – സംഘടനാ – രാഷ്ട്രീയ തീരുമാനമോ ക്രിക്കറ്റ് മത്സര ഫലമോ കാലാവസ്ഥാ പ്രവചനമോ നിങ്ങളുടെ കുടുംബകാര്യമോ – അവർക്ക് എല്ലാം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നു എന്ന മട്ടായിരിക്കും. ഒരു ടീം പ്രൊജക്ട് വർക്കിൽ പ്ലാനിംഗ് സമയത്ത് ഒന്നും ഇത്തരക്കാർ കാര്യമായ ആശയങ്ങൾ സംഭാവന ചെയ്യില്ല. പക്ഷേ, ഒരു ആശയം വിജയകരമായി പ്രവർത്തിച്ചുകഴിഞ്ഞാൽ, അവർ പുഞ്ചിരിച്ചുകൊണ്ട് പറയും, “ഞാൻ വിചാരിച്ചത് തന്നെയാണ് ഇത്!’ മറ്റുള്ളവർ തലപുകഞ്ഞും കഠിന പ്രയത്നം ചെയ്തും ഒരു കാര്യം മുന്നോട്ടു നീക്കുമ്പോൾ ഇവർ ഇടം കണ്ണിട്ട് “ദോഷം’ കണ്ടെത്താൻ പാടുപെടുന്ന തിരക്കിലായിരിക്കും. പക്ഷേ, എല്ലാം കഴിഞ്ഞാൽ ഓപ്പറേഷന്റെ പിന്നിലെ സൂത്രധാരൻ താനാണെന്ന മട്ടിൽ തലനിവർത്തി മുന്നിൽ വരും. പദ്ധതി ഒന്ന് പാളി എന്ന് കരുതുക, പെട്ടെന്ന് “എനിക്ക് ഒരിക്കലും ഈ പ്ലാനിൽ പൂർണമായും യോജിപ്പുണ്ടായിരുന്നില്ല’ എന്ന കമന്റായിരിക്കും ഇവരുടെ മെയിൻ.
ഗുരുതര അപകടം പറ്റി ആശുപത്രിയിൽ കിടക്കുന്ന ഒരാളെ സന്ദർശിച്ചാൽ ഇവർ ആദ്യ ഡയലോഗ് “നിങ്ങളുടെ ഡ്രൈവിംഗ് കണ്ട് മുമ്പ് തന്നെ ഞാൻ വിചാരിച്ചിരുന്നു, ഒന്നോ രണ്ടോ തവണ ഞാൻ പറയുകയും ചെയ്തിട്ടുണ്ട് ശ്രദ്ധിക്കണമെന്ന്’ എന്നൊക്കെയായിരിക്കും. കൈയിലിരിക്കുന്ന ചായ ഗ്ലാസ് അറിയാതെ നിലത്തു വീണാലും ഇവർക്ക് “കണ്ടില്ലേ, ഞാൻ മനസ്സിൽ വിചാരിച്ചേ ഉള്ളൂ ഇപ്പോ’ എന്ന പല്ലവി പുറത്തു ചാടും. ഓഫീസ് മീറ്റിംഗുകളിൽ, മുഴുവൻ ചർച്ചയിലും നിശബ്ദത പാലിക്കുന്ന ഇവർ ആരുടെയെങ്കിലും ഒരു നല്ല ആശയം കേട്ടാൽ ഉടൻ തന്നെ, “കഴിഞ്ഞ മാസം ഇതേ ആശയം ഞാൻ പരാമർശിച്ചിരുന്നു’ എന്ന് പറഞ്ഞിരിക്കും.
ഒരർഥത്തിൽ നമ്മളെല്ലാം ഇത്തരക്കാരാൽ കൃത്യമായി പ്രവചിക്കപ്പെട്ട ജീവിതത്തിലെ വെറും പശ്ചാത്തല കഥാപാത്രങ്ങൾ മാത്രമാണ് എന്ന് തോന്നുന്ന അവസ്ഥ. തെറ്റായി ഇവർ പ്രവചിച്ച കാര്യങ്ങൾ ഒരിക്കലും ഓർമയുണ്ടാകില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. “ഈ കളിയിൽ ധോണി കിടുക്കും’ എന്ന് നാലാൾ കേൾക്കെ പറഞ്ഞാലും ആദ്യ ബോളിൽ ഔട്ടായാൽ പിന്നെ ആ പറഞ്ഞത് ഇവർക്ക് നേരിയ ഓർമ പോലും കാണില്ല. ഈ പ്രവചന യന്ത്രങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം വളരെ ലളിതമാണ്. സമ്മതിക്കുക. തലയാട്ടി, പുഞ്ചിരിച്ച്, “തീർച്ചയായും, നിങ്ങൾ പറഞ്ഞത് ശരിയാണ്’ എന്ന് പറഞ്ഞ് പുറത്തു തട്ടി അത്ഭുതം നടിക്കുക. കാരണം ഇവരുമായി തർക്കിക്കാൻ ശ്രമിക്കുന്നത് ഒരു മേഘവുമായി ഗുസ്തി പിടിക്കുന്നത് പോലെയാണ് – അത് നമുക്ക് മുകളിൽ പൊങ്ങിക്കിടക്കും, ഞാനാണ് മേലെ എന്ന് നടിക്കുകയും നിങ്ങളുടെ സൂര്യപ്രകാശത്തെ തടയുകയും ചെയ്യും.
ഈ സ്വഭാവക്കാരിൽ ഭൂരിഭാഗവും നമുക്ക് ദോഷം വരുത്താൻ ഉദ്ദേശിക്കുന്നവരല്ല. ഒരു പ്രതിഭയെപ്പോലെ, വിജയിയെപ്പോലെ തോന്നുന്ന ആ ഒരു ചെറിയ നിമിഷം അവർ ഇഷ്ടപ്പെടുന്നു. അത് അവർക്ക് സന്തോഷം നൽകുന്നു. അത് നമ്മൾ എന്തിന് തടയണം! അവർക്ക് അത് ലഭിക്കട്ടെ. എല്ലാത്തിനുമുപരി, യുക്തി കണ്ടുപിടിച്ചത് തന്നെ താനാണെന്ന് കരുതുന്ന ഒരാളുമായി വാദിച്ച് കളയാൻ മാത്രം വലുതല്ല നമ്മുടെ ജീവിതം. ശാന്തത പാലിക്കുകയും അവരുമായുള്ള മത്സരത്തിന് മുതിരാതിരിക്കുകയും ചെയ്യുക. കാരണം വാദിക്കുന്നത് അവരുടെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ചെയ്യുക. പകരം, “അത് നന്നായി, നിങ്ങൾ എങ്ങനെയാണ് അത്തരം ഒരു അഭിപ്രായത്തിൽ എത്തിയത്?’ പോലുള്ള സൗമ്യമായ ചോദ്യങ്ങൾ ചോദിക്കാം.
അങ്ങനെയാകുമ്പോൾ അവർ അത് നമ്മിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം വിശദീകരിക്കാൻ ശ്രമിക്കുകയും ചിലപ്പോൾ അവരുടെ പോയിന്റിന്റെ ഒരു ചെറിയ ഭാഗത്തോട് യോജിക്കാനും തുടർന്ന് സംഭാഷണം തിരിച്ചുവിടാനും ഇത് സഹായിക്കും. “അതെ, ചില സന്ദർഭങ്ങളിൽ അത് ശരിയാണ്, പക്ഷേ നമ്മൾ അത് ഈ രീതിയിൽ നോക്കിയാലോ?’ എന്ന രീതിയിൽ നേരിട്ടുള്ള ഏറ്റുമുട്ടലില്ലാതെ, നർമത്തിലൂടെ സാഹചര്യം ലഘൂകരിക്കാനും ശ്രമിക്കാം. ഇവർ പലപ്പോഴും സാധൂകരണമാണ് ആഗ്രഹിക്കുന്നത് എന്നതിനാൽ, നമ്മുടെ കാഴ്ചപ്പാട് ചേർക്കുന്നതിന് മുമ്പ് അവരുടെ കാഴ്ചപ്പാട് അംഗീകരിക്കുന്നത് അവരെ കൂടുതൽ സ്വീകാര്യരാക്കും.
അതേസമയം, ശരിയായ വീക്ഷണഗതിയിലേക്ക് തന്ത്രപൂർവം നീങ്ങി, നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിക്കുകയും അഹങ്കാരത്തിന് പകരം വസ്തുതകളും തെളിവുകളും കൊണ്ടുവന്ന് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതാണ് ബുദ്ധി. ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന് അവർ കരുതുന്നതിനാൽ ഇനി അവരെ പഠിപ്പിക്കാൻ സാധ്യമല്ല എന്ന് നാം മനസ്സിലാക്കുക. യഥാർഥ അറിവ് എന്നത് ഒരാളുടെ അജ്ഞതയുടെ വ്യാപ്തി അറിയുക എന്നത് കൂടിയാണല്ലോ.