Connect with us

തെളിയോളം

മാറുക എന്നതിന് മറുത്തൊരർഥം കൂടിയുണ്ട്

വെള്ളം ഓരോ പാത്രത്തിന്റെയും ആകൃതിക്കനുസരിച്ച് വഴങ്ങുന്നത് കണ്ടിട്ടില്ലേ. അതാണ് സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ രീതിശാസ്ത്രം.

Published

|

Last Updated

നീ ആളാകെ മാറിപ്പോയി എന്ന് നിങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ചുമലിൽ തട്ടി പറയുമ്പോൾ എന്താണ് തോന്നാറുള്ളത്?. മാറുക എന്നത് നിങ്ങളിൽ പോസിറ്റീവായ ഒരു ശക്തി ഉജ്ജ്വലിപ്പിക്കാറുണ്ടോ? അതോ വേണ്ടായിരുന്നു എന്നായിരിക്കുമോ ചിന്ത! അന്നുവരെ കാണാത്ത ഒരു നമ്മളെ പ്രദർശിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ശരിക്കും ശരീരമാസകലം പുളകം പുളഞ്ഞു കയറേണ്ട സന്ദർഭമാണത്. വെള്ളം ഓരോ പാത്രത്തിന്റെയും ആകൃതിക്കനുസരിച്ച് വഴങ്ങുന്നത് കണ്ടിട്ടില്ലേ. അതാണ് സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ രീതിശാസ്ത്രം.

ഇത്രകാലവും പാറ പോലെ ഉറച്ചു നിന്ന ഒരു ശൈലിയിൽ നിന്ന് നിങ്ങൾ മുക്തമാകുന്നു എന്നത് ചെറിയ കാര്യമല്ല. നിങ്ങൾ എന്നെന്നേക്കുമായി ഒരു സ്ഥിര പതിപ്പായി മാറേണ്ടവരല്ല. നിങ്ങളുടെ വ്യക്തിത്വം ഒരു ടാറ്റൂ പോലെയല്ല, വിവിധ വർണങ്ങളിൽ പല തരം ചിത്രങ്ങൾ വരയ്ക്കപ്പെടുന്ന ഒരു ക്യാൻവാസാകണം. ഇടയ്ക്കിടെ മാറുന്നത് അവസരവാദമല്ലേ എന്ന അപകർഷത തോന്നുന്നവരുണ്ട്. അതല്ല ശരി, ആന്തരിക സ്ഥിരത മാത്രമാണ് നിലനിർത്തേണ്ടത്. ബാഹ്യമായി നാം ഇടപെടുന്ന എല്ലാത്തിലും നാം നിരന്തരം മാറിക്കൊണ്ടിരിക്കുക തന്നെ വേണം.

നമുക്കുള്ളിലെ കാഠിന്യത്തിന്റെ പാറയെ തകർക്കുക എന്നത്, ഒരൊറ്റ ഐഡന്റിറ്റിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓഫീസിലുള്ള പോലെ തന്നെ വീട്ടിലും സ്റ്റേജിൽ ഉള്ള പോലെ തന്നെ റോഡിലും എന്ന മട്ടിൽ എല്ലായിടത്തും ഒരേ “മുരടൻ’ സമീപനം അതല്ലെങ്കിൽ അലസ നിർവഹണം എന്നത് വിട്ടുപിടിക്കാൻ അതിശയകരമാംവിധം ഏറ്റവും ലളിതമായ ഒരു വഴിയുണ്ട് ; അസ്വസ്ഥത അനുഭവിക്കാൻ തയ്യാറാവുക എന്നതാണത്. അപരിചിതത്വം തോന്നുന്ന ഇടങ്ങളിലേക്ക് കണ്ണുതുറന്നങ്ങ് കടക്കുക. സാധാരണയായി അടുത്തിടപഴകാത്ത ആളുകളുമായി സൗഹൃദം സ്ഥാപിക്കുക.

നമുക്ക് ഇഷ്ടമേ അല്ലാത്തവർക്കൊപ്പം ഇരിക്കുക, ആരെയും വിധിക്കാതെ ക്ഷമയോടെ കേൾക്കുക, മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഭക്ഷണം കഴിക്കുക എന്നിങ്ങനെ അസ്വസ്ഥത ഉളവാക്കുന്ന എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം നമ്മൾ നമ്മുടെ കരിമ്പാറ പോലെ ഉറച്ച മനോനിലയിൽ ഉരുക്കം കിട്ടുന്നു. ഉള്ള് മൃദുവായി നാം വികസിക്കുന്നു. അധ്യാപകൻ വീട്ടിൽ ഒരു പഠിതാവായി മാറുന്നു, നാട്ടിൽ നിറഞ്ഞു നിൽക്കുന്ന നേതാവ് മറ്റൊരു വൃത്തത്തിലെ എളിയ അനുയായിയായി മാറുന്നു. ജീവിതത്തിന്റെ സൗന്ദര്യം ഈ മനോഹരമായ മാറ്റത്തിലാണ്. ഇവിടെ ഇതായിരിക്കുമ്പോഴും അവിടെ അതായിരിക്കാനുള്ള മാനസിക വളർച്ചയിലാണ് കാര്യം. “ഇതാണ് ഞാൻ, ഞാൻ മാറില്ല’ എന്ന കാർക്കശ്യം ശരിയായ ഐഡന്റിറ്റിയുടെ അടിത്തറയായിട്ടല്ല മറിച്ച് തടവറയായിട്ടാണ് മനസ്സിലാക്കേണ്ടത്.

സുഖകരമായ കാര്യങ്ങൾ മാത്രം ചെയ്താൽ, നമ്മുടെ വ്യക്തിത്വം മങ്ങിയതും പ്രവചനാതീതവുമായിത്തീരും. എന്നാൽ ഒരു പുഞ്ചിരിയോടെ അസ്വസ്ഥതയിലേക്ക് നമ്മൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ, നമ്മുടെ ആന്തരിക ആകാശം ഏറ്റവും തെളിമയുള്ളതും വിശാലവുമായി മാറും. “എന്റെ വ്യക്തിത്വമല്ലാത്തതിനാൽ ഞാൻ അങ്ങനെ ചെയ്യുന്നില്ല’ എന്ന് പറയാതെ പലതിലേക്കും എടുത്തുചാടിയ ഒരു കുട്ടിക്കാലം നമുക്ക് കുറെ പാഠങ്ങൾ തന്നിട്ടില്ലേ? ആ നിർഭയമായ ജിജ്ഞാസയിൽ ചിലത് നമ്മുടെ മുതിർന്ന കാലത്തും ആവശ്യമുണ്ട്. പുതിയ ആളുകൾ, പുതിയ സാഹചര്യങ്ങൾ, പുതിയ വികാരങ്ങൾ ഒക്കെ നമ്മുടെ പരീക്ഷണ സ്ഥാനങ്ങളാകണം. ഓരോ അനുഭവവും നിങ്ങളുടെ വ്യക്തിത്വത്തിന് ഒരു പുതിയ ഭാവം നൽകും. നിങ്ങൾ ഇഷ്ടപ്പെടാത്ത വ്യക്തിക്ക് പോലും നിങ്ങളുടെ ഹൃദയത്തെ മൃദുവാക്കാൻ കഴിയുന്ന ഒരു കഥയുണ്ടെന്ന് നിങ്ങളറിയും. മുമ്പ് ഒഴിവാക്കിയ ഒരു ജോലി യഥാർഥത്തിൽ നിങ്ങളുടെ ശക്തിയായി മാറിയേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കും.

 

 

Latest