Connect with us

ഫെഡറൽ

ഗോത്രക്കോട്ടയില്‍ കുന്നോളം പ്രതീക്ഷ

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇടമായതിനാല്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഹേമന്ത് സോറന്റെ അറസ്റ്റിനും പാര്‍ട്ടിയുടെ അതിജീവനത്തിനും ഏറെ പ്രാധാന്യമുണ്ട്.

Published

|

Last Updated

പ്രതിപക്ഷ വേട്ടയുടെ മൂര്‍ത്തിമദ്ഭാവമെന്ന് ഇന്ത്യ മുന്നണി ആരോപിക്കുന്ന സംഭവം അരങ്ങേറിയ ഇടമാണ് ഝാര്‍ഖണ്ഡ്. സംസ്ഥാന മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതാവുമായ ഹേമന്ത് സോറനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കാലങ്ങളായി കരുക്കള്‍ നീക്കി, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ ബാക്കിയിരിക്കെ അറസ്റ്റ് ചെയ്തത് ഞെട്ടലുളവാക്കിയിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചു.

ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തു. സോറനില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം ജയിലിലും മുഖ്യമന്ത്രിയായി തുടരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇടമായതിനാല്‍ സോറന്റെ അറസ്റ്റിനും പാര്‍ട്ടിയുടെ അതിജീവനത്തിനും ഏറെ പ്രാധാന്യമുണ്ട്. കേസും ജയിലും എന്ന തന്ത്രം പാളിപ്പോയോ അതല്ല ഇനിയും തുടരുമോ എന്നതിന്റെ പരീക്ഷണ സമയം കൂടിയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ്.

വിരുദ്ധ ഫലം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ 12ഉം ജയിച്ച് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ആത്മവിശ്വാസം ഉയര്‍ത്തിയെങ്കിലും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ക്ക് സംസ്ഥാന ഭരണം നഷ്ടപ്പെട്ടിരുന്നു. ജെ എം എം- കോണ്‍ഗ്രസ്സ്- ആര്‍ ജെ ഡി സഖ്യം ഭരണം പിടിച്ചെടുത്തു. ബിഹാറില്‍ നിന്ന് 2000ത്തില്‍ രൂപംകൊണ്ട സംസ്ഥാനമായതിനാല്‍ ആര്‍ ജെ ഡിക്കും ജെ ഡി യുവിനും എല്‍ ജെ പിക്കും ഝാര്‍ഖണ്ഡില്‍ സ്വാധീനമുണ്ട്. ബി ജെ പിക്കൊപ്പം ഇത്തവണ ജെ ഡി യു കൂടിയുണ്ടാകും. ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ്സ് ഏഴിലും ജെ എം എം അഞ്ചിലും മത്സരിക്കും.

14 ലോക്സഭാ സീറ്റുകളില്‍ അഞ്ചെണ്ണം പട്ടിക വര്‍ഗക്കാര്‍ക്കും ഒന്ന് പട്ടിക ജാതിക്കും സംവരണം ചെയ്തതാണ്. 26.2 ശതമാനമുള്ള പട്ടികവര്‍ഗക്കാര്‍ ഏറെ നിര്‍ണായകമാണ് സംസ്ഥാനത്ത്. 46.1 ശതമാനം ഒ ബി സിക്കാരുണ്ട്. പട്ടിക ജാതിക്കാര്‍ 12.08 ശതമാനം വരും. മതാടിസ്ഥാനത്തില്‍ 67.8 ശതമാനം വരുന്ന ഹിന്ദുക്കളാണ് ഭൂരിപക്ഷം.

14.5 ശതമാനമുള്ള മുസ്ലിംകള്‍ രണ്ടാമതാണ്. ക്രിസ്ത്യാനികള്‍ 4.3 ശതമാനവുമാണ്. ശര്‍നൈസം അടക്കമുള്ള മറ്റ് വിശ്വാസി സമൂഹങ്ങള്‍ 12.8 ശതമാനം വരും. ജാതി സമവാക്യം കൃത്യമായി അടയാളപ്പെടുത്തിയാണ് ബി ജെ പി സീറ്റ് ഓഹരി ചെയ്തത്. സംവരണം മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള എട്ടില്‍ ഒന്ന് സഖ്യകക്ഷിയായ എ ജെ എസ് യുവിന് നല്‍കി. ബി ജെ പി മത്സരിക്കുന്ന ബാക്കി സീറ്റുകളില്‍ രണ്ടെണ്ണം വീതം കുദ്മി, ബനിയ സമുദായങ്ങള്‍ക്കും ഒന്ന് വീതം യാദവനും ഭൂമിഹാറിനും ബ്രാഹ്മണനും നല്‍കി. അഞ്ച് സിറ്റിംഗ് എം പിമാര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടില്ല. ഭരണ വിരുദ്ധ വികാരമാണ് കാരണം.

മാനസപുത്രന് അടിതെറ്റി
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭരണം നഷ്ടപ്പെടാനിടയാക്കിയതും ശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു. നരേന്ദ്ര മോദി- അമിത് ഷാ ദ്വന്ദത്തിന്റെ മാനസപുത്രനായി മുഖ്യമന്ത്രി കസേരയിലിരുന്ന രഘുബര്‍ ദാസിനെതിരെ ശക്തമായ ജനവികാര വേലിയേറ്റമാണുണ്ടായത്. ഗോത്ര വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുകയും ശത്രുപക്ഷത്ത് നിര്‍ത്തുകയും ചെയ്ത നയനിലപാടുകളായിരുന്നു അദ്ദേഹത്തിന്റെത്. പാട്ട നിയമം, ഭൂമിയേറ്റെടുക്കല്‍ നിയമം എന്നിവയില്‍ ഭേദഗതി വരുത്തുമെന്ന പ്രഖ്യാപനം ഗോത്ര മേഖലകളില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചു. ഏറെ വിശ്വാസപൂര്‍വം അതിജീവനത്തിന്റെ പിടിവള്ളിയായി കരുതുന്ന ഭൂമി നഷ്ടപ്പെടുമോയെന്ന ഭയം ആദിവാസികള്‍ക്കുണ്ടായി. ഒ ബി സി സംവരണം 14 ശതമാനമാക്കുമെന്ന പ്രഖ്യാപനവും ഇടിത്തീയായിരുന്നു. ഝാര്‍ഖണ്ഡില്‍ ബി ജെ പിയുടെ തന്ത്രം തന്നെ പട്ടിക വര്‍ഗക്കാരെ അകലെ നിര്‍ത്തി ഒ ബി സിക്കാരെയും ദളിതരെയും പൊതുജാതിക്കാരെയും കൂടെ നിര്‍ത്തുക എന്നതാണ്. ബി ജെ പിയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ആദിവാസി ഊരുകളിലേക്കും ഗോത്രവര്‍ഗക്കാര്‍ പാര്‍ക്കുന്നയിടങ്ങളിലേക്കും ഇടക്കിടെ പരിവാര സമേതം എത്തുന്ന രാഷ്ട്രീയത്തിലെ പൊള്ളത്തരം ഇതോടൊപ്പം കൂട്ടിവായിക്കാം. ജനങ്ങളെ ഗോത്രവിഭാഗം, അല്ലാത്തവര്‍ എന്ന് വേര്‍തിരിച്ചുള്ള വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു ബി ജെ പിക്ക് ഝാര്‍ഖണ്ഡ്.

ഇതിന് പുറമെ ബി ജെ പിയിലെ ആഭ്യന്തര കലഹവും ഇടിത്തീയായി. പ്രധാനമായും മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെയെയും അനുയായികളെയും ഒതുക്കുകയെന്ന കര്‍ത്തവ്യത്തില്‍ മുഴുകുകയായിരുന്നു രഘുബര്‍ ദാസ്. സര്‍ക്കാര്‍ പരിപാടികളില്‍ മുണ്ടെക്ക് വിലക്ക് പോലും പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം ഫലമായി തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുക മാത്രമല്ല, സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ പോലും ദാസിനായില്ല. ബി ജെ പി അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടു. മാത്രമല്ല, നിയമസഭയില്‍ ഒറ്റക്ക് മത്സരിച്ച ഓവര്‍ കോണ്‍ഫിഡന്‍സും വിനയായി. ലോക്ജന്‍ശക്തി പാര്‍ട്ടി (എല്‍ ജെ പി), ജെ ഡി യു എന്നിവയെ അവഗണിച്ചത് പോട്ടെ, പ്രാദേശിക പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയനെ(എ ജെ എസ് യു) പോലും കൂടെകൂട്ടാന്‍ തയ്യാറായില്ല.

കല്‍പ്പനയും സുനിതയും
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തികച്ചും വിരുദ്ധമായ വോട്ടിംഗ് ശ്രേണിയാണ് ഝാര്‍ഖണ്ഡ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ചതെങ്കിലും, മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇന്ത്യ മുന്നണി കരുതുന്നു. ഹേമന്ത് സോറന്റെ അറസ്റ്റും അദ്ദേഹത്തിന്റെ ഭാര്യ കല്‍പ്പന പ്രചാരണങ്ങളില്‍ മുന്നണിപ്പോരാളിയാകുന്നതും ഇരപരിവേഷം സൃഷ്ടിച്ചുവെന്നും വൈകാരിക കോയ്മക്ക് ഇടയാക്കുമെന്നുമാണ് ജെ എം എം പ്രതീക്ഷിക്കുന്നത്. കെജ്രിവാളിന്റെ ഭാര്യ സുനിതയും കൂടി ചേരുമ്പോള്‍ സ്ത്രീകളെയും കുടുംബങ്ങളെയും തെല്ലൊരളവോളം സ്വാധീനിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ബിഹാറിന് സമാനമായി ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി ചംബൈ സോറന്‍ പ്രഖ്യാപിക്കുകയും അതിന്റെ പ്രാഥമിക നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നുണ്ട്. ദളിതരിലും ആദിവാസികളിലും ഒ ബി സികളിലും ഇത് ചലനം സൃഷ്ടിച്ചേക്കും. 14ല്‍ എട്ടെണ്ണമെങ്കിലും നേടാനാണ് ഇന്ത്യ മുന്നണിയുടെ പ്രയത്നം. 12 പോര 14ഉം വേണമെന്ന ആഗ്രഹത്തിലാണ് എന്‍ ഡി എ.

ചുരുക്കത്തില്‍, ഖനികളും ധാതുവിഭവങ്ങളും നിറഞ്ഞ ഝാര്‍ഖണ്ഡില്‍ വോട്ട് പ്രതീക്ഷകള്‍ കുന്നോളമാണ്. ഫലം എള്ളോളമാകാതിരിക്കാന്‍ ഇരു മുന്നണികളും കരുതലോടെ കാല്‍വെപ്പ് നടത്തുന്നു.

 

---- facebook comment plugin here -----

Latest