Connect with us

Kerala

മാങ്കൂട്ടത്തില്‍ ദുര്‍ഗന്ധമാണെന്നും അടുത്തുപോയി തടയില്ലെന്നും എന്‍ എന്‍ കൃഷ്ണദാസ്

രാഹുലിനെതിരെ നടപടി എടുത്തു എന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതാണ്

Published

|

Last Updated

പാലക്കാട് | രാഹുല്‍ മാങ്കൂട്ടത്തില്‍ ദുര്‍ഗന്ധമാണെന്നും ആ ദുര്‍ഗന്ധത്തിനടുത്തുപോയി തടയില്ലെന്നും സി പി എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. രാഹുലിന് എതിരെ വന്നത് ആരോപണങ്ങളല്ല, വസ്തുതകളാണ്. ആരോപണങ്ങളാണെങ്കില്‍ രാഹുലിന് നിഷേധിക്കാം. എന്നാല്‍ ഇതുവരെ രാഹുല്‍ ആരോപണങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ നിഷേധിച്ചിട്ടില്ല.

രാഹുലിനെ പേറിയാല്‍ കോണ്‍ഗ്രസും നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതാണ്. ചെയ്ത വോട്ട് തിരിച്ചെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നെങ്കില്‍, ജനങ്ങള്‍ രാഹുലിനെ പുറത്താക്കുമായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ ഈയൊരു പോരായ്മ ഉപയോഗിച്ച് രാഹുല്‍ എന്ന ദുര്‍ഗന്ധത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എത്രത്തോളം ജീര്‍ണിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചര്‍മ്മബലം സമ്മതിക്കണമെന്നും സാധാരണ മനുഷ്യനാണെങ്കില്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ലൈംഗിക പീഡന ആരോപണങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തിയത് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് വ്യക്തമായി. മണ്ഡലത്തില്‍ സജീവമാകാന്‍ നേതൃത്വത്തിന്റെ അനുമതിയുണ്ട്. എം എല്‍ എ എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡി സി സി നേതൃത്വവും മുസ്‌ലിം ലീഗും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയ രാഹുലിനെ ചേര്‍ത്തുപിടിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ബെന്നി ബഹനാന്‍ എം പി, ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഏറെനേരം ഒപ്പം ഇരുന്ന് രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്റ് ചെയ്‌തെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുല്‍ മണ്ഡലത്തിലെത്തിയപ്പോള്‍, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്.