Connect with us

Articles

ചാരമാകാത്ത ചില ചോദ്യങ്ങളുണ്ട്‌

കാലിഫോര്‍ണിയക്ക് തീപ്പിടിത്തം ഒരു പുത്തരിയല്ല. എന്നാല്‍ ശൈത്യകാലം കാട്ടുതീ കാലമേയല്ല. എന്നിട്ടും എങ്ങനെയാണ് തീ പടര്‍ന്നത്? എങ്ങനെയാണ് അതിത്ര മാരകമായത്? തീ പടരാനുണ്ടായ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തീ ഇത്ര രൂക്ഷമായി പടര്‍ന്നതെങ്ങനെയെന്ന് വിശദീകരിക്കാനുമായിട്ടില്ല. പരസ്പരവിരുദ്ധമായ കുറേ നിഗമനങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്.

Published

|

Last Updated

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ദിവസങ്ങളായി പടര്‍ന്ന കാട്ടുതീ വികസിത രാഷ്ട്രത്തിന്റെ അങ്ങേയറ്റം വികസിച്ചുവെന്ന് പറയുന്ന സംവിധാനങ്ങളെയാകെ വെല്ലുവിളിക്കുന്നതായിരുന്നു. തീ പടരാനുണ്ടായ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തീ ഇത്ര രൂക്ഷമായി പടര്‍ന്നതെങ്ങനെയെന്ന് വിശദീകരിക്കാനുമായിട്ടില്ല. പരസ്പരവിരുദ്ധമായ കുറേ നിഗമനങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്.
ഭയാനകമായ നാശനഷ്ടങ്ങളാണ് കാലിഫോര്‍ണിയ സ്റ്റേറ്റിലെ ലോസ് ഏഞ്ചല്‍സിലുണ്ടായത്. തീ നാല് ദിവസം നിന്ന് കത്തി. പതിനൊന്ന് പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥ മരണക്കണക്ക് പോലും രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. 1,30,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആശുപത്രികള്‍ അഗ്നി വിഴുങ്ങുമെന്നായപ്പോള്‍ രോഗികളെ അതിവേഗം മാറ്റേണ്ടിവന്നു. അഗ്നിക്കിരയാകുന്ന വീടുകളില്‍ നിന്ന് ആളുകള്‍ ജീവനും കൊണ്ടോടി. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും പാർക്കുകളും വിനോദ കേന്ദ്രങ്ങളും കത്തിയമര്‍ന്നു.

വാക്്പോര്
തീയണക്കാന്‍ പോന്ന വെള്ളം എത്തിക്കാനാകാത്തത് സ്റ്റേറ്റ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമ്മിന്റെ പിടിപ്പുകേടാണെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശകാരിച്ചു. വാട്ടര്‍ റസ്റ്ററേഷന്‍ ഡിക്ലറേഷനില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലത്രേ. ഒപ്പുവെച്ചിരുന്നെങ്കില്‍ വടക്കന്‍ കാലിഫോര്‍ണിയയില്‍ അധികജലം സംഭരിക്കാന്‍ സാധിക്കുമായിരുന്നുവത്രേ. ഒന്നിനും കൊള്ളാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്നും ട്രംപ് ആക്രോശിച്ചു. നിയുക്ത പ്രസിഡന്റിനെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നത് പ്രസിഡന്റാകാന്‍ പോകുന്നയാളുടെ അന്തസ്സില്ലായ്മയുടെ ലക്ഷണമാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ദുരന്തത്തിന് മുന്നില്‍ അമേരിക്ക എത്ര ദുർബല രാജ്യമാണെന്ന് ഈ ആരോപണ പ്രത്യാരോപണങ്ങള്‍ തെളിയിച്ചു. കൊവിഡില്‍ കണ്ട അതേ കാഴ്ച. പതിനായിരത്തോളം വീടുകളും കെട്ടിടങ്ങളും നശിച്ചു. 35,000 ഏക്കറിലധികം പ്രദേശത്തെ അഗ്നി വിഴുങ്ങിയതായി കണക്കാക്കുന്നു. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്.

ബോംബ് പതിച്ച പോൽ
മനുഷ്യ ജീവിതം എത്രമാത്രം അനിശ്ചിതവും നിസ്സാരവുമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ ആഗ്നിതാണ്ഡവം. മനുഷ്യര്‍ അക്ഷരാര്‍ഥത്തില്‍ പരക്കം പാഞ്ഞു. പാരീസ് ഹില്‍ട്ടണ്‍, ആഡം ബ്രോഡി, ബില്ലി ക്രിസ്റ്റല്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ വീട് തീ നക്കിത്തുടച്ചു. തീ പടരാന്‍ തുടങ്ങിയാല്‍ എന്ത് നടന്‍, എന്ത് സംവിധായകന്‍. ഹോളിവുഡ് ഹില്‍സിനെയും തീപ്പിടിത്തം ബാധിച്ചു. ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപനം വൈകിപ്പിക്കേണ്ടി വന്നു. അമേരിക്കയുടെ പ്രസിദ്ധനായ നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിന്റെ അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഒളിന്പിക് മെഡലുകള്‍ നഷ്ടമായത്രേ. അദ്ദേഹത്തിന്റെ വീടും കത്തിനശിച്ചു. മനുഷ്യര്‍ ജീവനും കൊണ്ടോടുമ്പോള്‍ എന്ത് മെഡല്‍, എന്ത് ഓസ്‌കാര്‍? പക്ഷേ, ഇതൊക്കെയാണ് തീപ്പിടിത്തത്തോടൊപ്പം വന്ന വാര്‍ത്തകള്‍. വാര്‍ത്ത നടക്കുന്നത് അമേരിക്കയിലായതിനാല്‍ ദുരന്തത്തിന്റെ ഉള്ളുലക്കുന്ന ചിത്രങ്ങള്‍ വരില്ലല്ലോ. പക്ഷേ, ലോസ് ഏഞ്ചല്‍സ് നിയമ നിര്‍വഹണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണ സത്യം പറഞ്ഞു: അണു ബോംബ് പതിച്ചത് പോലെയാണ് അനുഭവപ്പെടുന്നത്. അത്രക്ക് ഭീകരമാണിത്. ദുരന്തത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ലൂണയുടെ വാക്കുകള്‍. പാലിസേഡ്സ്, ഈറ്റണ്‍, കെന്നത്ത്, ലിഡിയ, ഹേസ്റ്റ് എന്നിങ്ങനെ അഞ്ച് തീപ്പിടിത്തങ്ങളാണ് ഹോളിവുഡ് വ്യവസായ നഗരമായ ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസേഡ്‌സിലുണ്ടായ തീപ്പിടിത്തത്തില്‍ 19,978 ഏക്കറാണ് കത്തിനശിച്ചത്. ഈറ്റണ്‍ മേഖലയിലെ രണ്ടാമത്തെ തീപ്പിടിത്തത്തില്‍ 13,690 ഏക്കര്‍ നശിച്ചു.ശൈത്യകാലമായിട്ടും തീ ഇങ്ങനെ പടര്‍ന്നതും നിയന്ത്രണവിധേയമാക്കാന്‍ ദുഷ്‌കരമായതും അത്ഭുതകരമാണെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. കാലിഫോര്‍ണിയക്ക് തീപ്പിടിത്തം ഒരു പുത്തരിയല്ല. മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് (കാടെന്ന് പറയാം) പടര്‍ന്ന നഗരവും കെട്ടിടങ്ങളും തീപ്പിടിത്ത സാധ്യതയേറ്റുന്നുണ്ട്. കാടിന്റെ പ്രകൃതം നിലനിര്‍ത്തിക്കൊണ്ടുള്ള നഗര ജീവിതമാണ് അവിടെയുള്ളത്. എന്നാല്‍ ശൈത്യകാലം കാട്ടുതീ കാലമേയല്ല. എന്നിട്ടും എങ്ങനെയാണ് തീ പടര്‍ന്നത്? എങ്ങനെയാണ് അതിത്ര മാരകമായത്?
വൈദ്യുതി ലൈനുകള്‍ ഉരസി തീപ്പൊരിയുണ്ടായെന്നതാണ് ഒരു വിശദീകരണം. 2017ല്‍ തോമസ് ഫയര്‍ എന്ന് പേരിട്ട തീപ്പിടിത്തമുണ്ടായത് അങ്ങനെയാണ്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തീപ്പിടിത്തങ്ങളിലൊന്ന്. അന്ന് 1,140 സ്‌ക്വയര്‍ കിലോമീറ്റര്‍ അഗ്‌നി വിഴുങ്ങി. അന്ന് കാരണം വൈദ്യുതി ലൈനില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊരു സംഭവം സ്ഥിരീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മിന്നലാണ് ഇത്തരം തീപ്പിടിത്തങ്ങള്‍ക്ക് സാധാരണ കാരണമാകാറുള്ളതെന്ന് നാഷനല്‍ ഫയര്‍ പ്രൊട്ടക്്ഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പാലിസേഡ്‌സ് മേഖലയില്‍ മിന്നലുണ്ടായതായി കണ്ടെത്തിയിട്ടില്ല. പിന്നെ, ആരെങ്കിലും മനഃപൂര്‍വം തീയിടണം. 2021ല്‍ യുവതീ യുവാക്കള്‍ കാട്ടില്‍ കയറി ജന്‍ഡര്‍ റിവീല്‍ ഷൂട്ടിംഗ് നടത്തവേ തീയിട്ടു. ഗര്‍ഭം ധരിച്ചതിന്റെ ആഘോഷമാണ് ഈ ജെന്‍ഡര്‍ റിവീല്‍. കുറേ വീടുകള്‍ കത്തി നശിച്ചു. ഒരു അഗ്നിശമന സൈനികന്‍ വെന്തു മരിച്ചു. ഇത്തവണ മനഃപൂര്‍വം തീയിട്ട സംഭവമുണ്ടായതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഉണങ്ങിയ ഇല
ഇപ്പോള്‍ ഒരു വിധം കണക്കിലെടുക്കാവുന്ന വിശദീകരണമിതാണ്. 2022ലെയും 2023ലെയും ശൈത്യകാലത്ത് ലോസ് ഏഞ്ചല്‍സില്‍ അസാധാരണമായി മഴ പെയ്തിരുന്നു. ഇത് മരങ്ങള്‍ നന്നായി ഇല നിറഞ്ഞ് ഇടതൂരാനിടയാക്കി. ഈ വര്‍ഷം പക്ഷേ, ദക്ഷിണ കാലിഫോര്‍ണിയയിലാകെ വരണ്ട ശൈത്യമായിരുന്നു. ഇതോടെ നേരത്തേ തഴച്ചു വളര്‍ന്ന ഇലകളെല്ലാം പെട്ടെന്ന് ഉണങ്ങി. തീപ്പൊരി വീണാല്‍ മതി പടരാനെന്ന നിലയായി. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡാനിയേല്‍ സൈ്വന്‍ പറയുന്നതിങ്ങനെ: നാമമാത്രമായ മഴയേ ഈ മേഖലയില്‍ ഇത്തവണ പെയ്തുള്ളൂ. ഉദാഹരണത്തിന് ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ ഒന്നിന് പെയ്ത മഴ 0.08 സെന്റീ മീറ്റര്‍ മാത്രമായിരുന്നു. ഈ വരണ്ട കാലാവസ്ഥ തീ പടര്‍ന്നു പിടിക്കാന്‍ കാരണമായിട്ടുണ്ടാകാം.
തീ മാരകമായി പടരാന്‍ കാറ്റ് കാരണമായിട്ടുണ്ടാകാമെന്നും നിരീക്ഷണമുണ്ട്. വിന്ററില്‍ കാറ്റ് ഈ മേഖലയില്‍ പതിവാണ്. ഇത്തവണ ഇതിന് അസാധാരണമായ ശക്തിയുണ്ടായിരുന്നു. തീ ആളിപ്പടരാനും നിയന്ത്രണ വിധേയമാക്കാന്‍ പ്രയാസമായതിനും കാറ്റ് കാരണമായി. ഉണങ്ങിയ ഇല നിറഞ്ഞ മരങ്ങള്‍, ഭൂകമ്പം തടയാന്‍ നിര്‍മിച്ച മര വീടുകള്‍… എല്ലാ വലിപ്പത്തരങ്ങളും കത്തിച്ചാമ്പലാകാന്‍ ഇതൊക്കെ മതിയായിരുന്നു. കാലാവാസ്ഥാ വ്യതിയാനത്തിന്റെ വലിയ കാന്‍വാസിലും കാരണങ്ങള്‍ തിരയാവുന്നതാണ്. കാലാവസ്ഥാ മാറ്റത്തിൽ പഠനം നടത്തുന്ന വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനിലെ വിദഗ്ധര്‍ ഈയടുത്തുണ്ടായ തീപ്പിടിത്തങ്ങള്‍ പഠനവിധേയമാക്കി മുന്നോട്ട് വെക്കുന്ന നിഗമനം പ്രസക്തമാണ്. കാട്ടുതീക്ക് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഭൂമിയുടെ മൊത്തം ചൂടുകൂടുമ്പോള്‍ തീപ്പിടിത്തത്തിന്റെ വ്യാപ്തിയും സമയ ദൈര്‍ഘ്യവും കൂടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
അപ്പോഴും ലോസ് ഏഞ്ചല്‍സ് തീപ്പിടിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുക തന്നെയാണ്. നിഗമനങ്ങളെ ഉത്തരങ്ങളായി ഗണിക്കുകയേ വഴിയുള്ളൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest