Uae
ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് മസ്ജിദ് ദുബൈയില്‍ വരുന്നു
ദുബൈയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ദുബൈ | ദുബൈയില്‍ റിലീജിയസ് ടൂറിസം പ്രോജക്റ്റ് ആരംഭിക്കുന്നതായി ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇതിനായി നിരവധി പദ്ധതികളും പ്രോഗ്രാമുകളും സംരംഭങ്ങളും നടപ്പിലാക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ഷെയ്ഖ് അഹമ്മദ് അല്‍ ശൈബാനി, മസ്ജിദ് അഫയേഴ്സ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി ബിന്‍ സായിദ് അല്‍ ഫലാസി, ഡയറക്ടര്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി, കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ മുഹമ്മദ് മുസാബിഹ് ദാഹി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ദുബൈയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 3 – 4 ശതമാനം വര്‍ധനയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്നും അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.
ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ
ഫ്‌ളോട്ടിംഗ് മോസ്‌കാണ് ഇതില്‍ പ്രധാനം. വെള്ളത്തിനടിയില്‍ സജ്ജീകരിച്ച പ്രാര്‍ഥനാ ഹാള്‍ ഉള്‍ക്കൊള്ളുന്ന ദുബൈ വാട്ടര്‍ കനാലിലാണ് വികസിപ്പിക്കുന്നത്.
മൂന്ന് നിലകളിലായിരിക്കും മസ്ജിദ്. പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിനടിയിലാണ്. 50 മുതല്‍ 75 വരെ ആരാധകര്‍ക്ക് സേവനം നല്‍കും. മള്‍ട്ടി-യൂസ് ഹാള്‍, ഇസ്ലാമിക പ്രദര്‍ശന കേന്ദ്രം അടങ്ങുന്ന ആകര്‍ഷണത്തിന്റെ നേര്‍ക്കാഴ്ച്ച പ്രദാനം ചെയ്യുന്ന ചിത്രങ്ങളും അധികൃതര്‍ പുറത്തിറക്കി.
ഖുര്‍ആന്‍ പ്രദര്‍ശനം, ദുബൈ ഇഫ്താര്‍, ചരിത്രപരവും പുതിയതും വിശിഷ്ടവുമായ പള്ളികളുടെ സന്ദര്‍ശനം, വിവിധ മതപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍, സാമൂഹികവും കായികവും വിദ്യാഭ്യാസപരവുമായ ഒരു കൂട്ടം പരിപാടികള്‍ ഉള്‍പ്പെടുന്ന ഹലാ റമദാന്‍ സംരംഭം, ഖുര്‍ആനിക് ഗാര്‍ഡനിലെ പങ്കാളിത്തം, പ്രവാചക വൈദ്യശാസ്ത്ര വികാസം, റമസാന്‍, ഈദ് മാര്‍ക്കറ്റ്, മറ്റു നിരവധി മത സംരംഭങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അന്താരാഷ്ട്ര മത വിനോദസഞ്ചാരത്തിനുള്ള ഒരു ആകര്‍ഷണ കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാവും സംരംഭമെന്ന് അധികൃതര്‍ വ്യക്തമാക്കി.