Articles
നൈറ്റ് ലൈഫിന്റെ വൈബ്
നിശാചരന്‍മാരുടെ വൈബ് ഒരു കുമിളയാണ്. ഒരുപാട് നഷ്ടങ്ങളിലേക്ക് നയിക്കുന്ന അപശകുനം മാത്രം. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളും.

മലയാളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമ്പോള കുത്തകകള്‍ കൃഷി ചെയ്ത് വിളയിച്ചെടുത്ത ട്രെന്‍ഡുകളിലൊന്നാണ് നൈറ്റ് ലൈഫ്. രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഫുഡും റൈഡും ആട്ടവും പാട്ടുമായി പുലര്‍ച്ച വരെ നീളുന്ന ‘ആഘോഷങ്ങളാണ്’ നൈറ്റ് ലൈഫിന്റെ ഉള്ളടക്കം. നഗരങ്ങളില്‍ നിന്ന് നാട്ടിന്‍ പുറങ്ങളിലേക്ക് വരെയും പുതിയ ട്രെന്‍ഡിന്റെ വൈബ് പടര്‍ന്നു കഴിഞ്ഞു. രാത്രി രണ്ടിനും ചിക്കന്‍ കുഴിമന്തി കഴിക്കാന്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഭക്ഷണശാലകള്‍ തുറന്നിരിക്കുന്നുണ്ട്. പുലരുവോളം തുറന്നിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളും റാപ്പിന്റെ ഹിപ്പ് ഹോപ്പുകളുമെല്ലാം നമ്മുടെ നാട്ടില്‍ സെറ്റാണ്.
ഈ പകര്‍ന്നാട്ടങ്ങളില്‍ റീലിനും വ്‌ലോഗിനും കണ്ടന്റ് ലഭിക്കുമെന്നതിനപ്പുറം ബാക്കിയാകുന്നതെന്താണ്? നേരം തെറ്റിയ തീറ്റയും ഉറക്കും. വൈകി ഉറങ്ങുന്നത് തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. വളരെ വൈകി ഭക്ഷണം കഴിക്കുകയും അതു കഴിഞ്ഞ് ഉറങ്ങുകയും ചെയ്താല്‍ ദഹന പ്രക്രിയ താറുമാറാകുകയും നിരവധി രോഗങ്ങളെ വിളിച്ചു വരുത്തുകയും ചെയ്യും. വൈകി ഉറങ്ങുന്നവര്‍ക്ക് ഗഹനമായ ഉറക്കം ലഭിക്കില്ലെന്നും അടുത്ത പകലില്‍ തളര്‍ച്ചയും ക്ഷീണവും ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഡിപ്രഷന്‍ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. ചില ഹോര്‍മോണ്‍ വ്യതിയാനത്തിനും വൈകിയുള്ള ഉറക്കം കാരണമാകും. പ്രത്യേകിച്ച് മെലട്ടോണിന്റെ കാര്യത്തില്‍. അതോടെ സുഖനിദ്ര എന്നത് ഒരു സ്വപ്നം മാത്രമായി മാറും. ഹൃദ്രോഗം, രക്തസമ്മര്‍ദം, ശരീര ഭാരം കൂടല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും നൈറ്റ് വൈബിന്റെ ശേഷിപ്പുകളാണ്.
വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളും. ഇശാഅ് നിസ്‌കാരത്തിന് മുമ്പ് ഉറക്കമില്ല, ശേഷം സംസാരവും എന്ന ഹദീസ് ബുഖാരിയില്‍ കാണാം. ഈ സംസാരം കൊണ്ടുള്ള ഉദ്ദേശം അനാവശ്യ സംസാരങ്ങളാണെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു: ഇശാഇന് ശേഷം നല്ല കാര്യത്തിന് വേണ്ടിയല്ലാതെ സംസാരിക്കുന്നത് കറാഹത്താണെന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് ഏകാഭിപ്രായമാണ്. (ശറഹ് മുസ്്‌ലിം). ഹാഫിസ് ഇബ്നു റജബ് പറയുന്നു: അനാവശ്യ സംസാരത്തിലേര്‍പ്പെട്ടും അശ്ലീലം പറഞ്ഞും മറ്റുള്ളവരെ കുറ്റംപറഞ്ഞും ഉറക്കമിളക്കുന്നത് എപ്പോഴാണെങ്കിലും കറാഹത്താണ് എന്നതില്‍ സംശയമില്ല. (ഫത്ഹുല്‍ ബാരി).
അതിന് പിന്നിലെ കാരണം നവവി(റ) വിശദീകരിക്കുന്നു: ഉറക്കമിളക്കലിന് കാരണമാകുമെന്നതാണ് ഇശാഇന് ശേഷമുള്ള സംസാരം കറാഹത്തായതിന്റെ കാരണം. രാത്രി നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, സുബ്ഹി നിസ്‌കാരം തുടങ്ങിയവക്കായി ഉറക്കത്തെ അതിജയിക്കുന്നതിന് അത് കാരണമായേക്കും. സുബ്ഹി നിസ്‌കാരം അതിന്റെ ശ്രേഷ്ഠമായ സമയത്തോ അതിനനുവദിക്കപ്പെട്ട സമയത്തോ നിര്‍വഹിക്കുന്നതിന് ഉറക്കം തടസ്സമായി മാറിയേക്കും. രാത്രിയിലെ ഉറക്കമിളക്കല്‍ പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളെ അലസത പിടികൂടുന്നതിനും കാരണമാകും. ഇമാം ഖുര്‍തുബി(റ) പറയുന്നു: അല്ലാഹു രാത്രിയെ ശാന്തമാക്കിയെന്നതാണ് ഇശാഇന് ശേഷമുള്ള സംസാരം അനഭികാമ്യമാക്കിയതിന്റെ പിന്നിലെ യുക്തി. അഥവാ എല്ലാവരും ശാന്തരായി വിശ്രമിക്കേണ്ട സമയമാണത്. മനുഷ്യന്‍ ആ സമയത്ത് സംസാരിച്ചിരുന്നാല്‍ അവന് ഉപജീവനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട പകലിനെ പോലെയായി രാത്രിയും മാറും. അത് അല്ലാഹു പ്രപഞ്ചത്തില്‍ ഒരുക്കിയിരിക്കുന്ന വ്യവസ്ഥക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. ട്രെന്‍ഡിന്റെ പേരിലുള്ള പുതിയ സംസാരവും സംഗീതാസ്വാദനങ്ങളും ഈ പരിധിയില്‍ വരും എന്നതില്‍ സംശയമില്ല.
നേരത്തേ ഉറങ്ങുന്നത് പോലെ നബി(സ) പ്രോത്സാഹിപ്പിച്ച കാര്യമാണ് നേരത്തേ ഉണരലും. പ്രഭാതത്തിന് മുമ്പ് ഉണരാനും പ്രത്യേക നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും ഇസ്‌ലാം കല്‍പ്പിക്കുന്നുണ്ട്. രാത്രി ആരാധനയില്‍ മുഴുകിയ മഹാരഥന്‍മാരുടെ ചരിത്രം യഥേഷ്ടമുണ്ട് ഗ്രന്ഥങ്ങളില്‍. ഇശാ നിസ്‌കരിച്ച് ഉറങ്ങുകയും പ്രഭാതത്തിന് ഏറെ മുമ്പ് ഉണരുകയുമായിരുന്നു അവരുടെയെല്ലാം പതിവ്. അടുത്ത് കിടന്നുറങ്ങിയിരുന്ന നബി(സ)യെ കാണാതിരുന്നപ്പോള്‍ തേടിയിറങ്ങിയ ആഇശ(റ)യുടെ ചരിത്രമുണ്ട് ഹദീസില്‍. നബി(സ) ആദ്യ സമയത്ത് ഉറങ്ങി അര്‍ധരാത്രിക്ക് ശേഷം എഴുന്നേറ്റ് പ്രാര്‍ഥനയില്‍ പ്രവേശിച്ചതായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ഏറെ മഹത്തമുള്ള തഹജ്ജുദ് നിസ്‌കാരത്തിന്റെ നിബന്ധന തന്നെയും ഇശാഇന് ശേഷം ഉറങ്ങി ഉണരുക എന്നതാണല്ലോ? വൈകി ഉറങ്ങുന്നവര്‍ക്ക് എങ്ങനെയാണ് ഈ പുണ്യത്തെ പുണരാനാകുക?
വൈകി ഉറങ്ങുന്നവരില്‍ പലരും സുബ്ഹി നിസ്‌കാരം സമയത്ത് നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണ്. ഇനി ഖളാഅ് ആക്കാത്തവര്‍ തന്നെ നിസ്‌കരിച്ച് വീണ്ടും ഉറക്കത്തിലേക്ക് പ്രവേശിക്കുന്നവരുമാണ്. സുബ്ഹിക്ക് ശേഷമുള്ള ഈ ഉറക്കത്തെ നബി(സ) അതിശക്തമായി അപലപിച്ചിട്ടുണ്ട്. ഇത് പിശാചിന് അടിമപ്പെടലാണെന്നും ജീവിതത്തിലെ എല്ലാ ഐശ്വര്യവും നശിപ്പിക്കുന്നതാണെന്നും പ്രവാചകര്‍(സ) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചുരുക്കത്തില്‍