Connect with us

Ongoing News

പ്രത്യേക പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗം ഒഴിവാക്കാന്‍ തീരുമാനിച്ച് യു എ ഇ

Published

|

Last Updated

അബൂദബി | രാജ്യത്തെ ഏതാനും പൊതു ഇടങ്ങളില്‍ മാസ്‌കുകളുടെ ഉപയോഗം ഒഴിവാക്കാന്‍ തീരുമാനിച്ചതായി യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. അധികൃതര്‍ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള പൊതു ഇടങ്ങളില്‍ മാത്രമാണ് മാസ്‌കുകളുടെ ഉപയോഗം ഒഴിവാക്കുന്നത്. മാസ്‌കുകള്‍ ഒഴിവാക്കാന്‍ അനുവദിക്കുന്ന ഇത്തരത്തിലുള്ള ഇടങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ മുഴുവന്‍ സമയവും നിര്‍ബന്ധമായും രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്. മാസ്‌കുകള്‍ ഒഴിവാക്കാവുന്ന ഇടങ്ങളില്‍ അധികൃതര്‍ ഇത് സംബന്ധിച്ച് പ്രത്യേക അടയാളങ്ങള്‍ പതിപ്പിക്കും. എന്നാല്‍ രാജ്യത്ത് മറ്റെല്ലാ ഇടങ്ങളിലും മാസ്‌കുകളുടെ ഉപയോഗം നിര്‍ബന്ധമാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മാസ്‌കുകള്‍ വളരെവലിയ പങ്ക് വഹിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ദിനംപ്രതിയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ഏതാണ്ട് 92 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതും കണക്കിലെടുത്താണ് രാജ്യത്തെ ഏതാനും ഇടങ്ങളില്‍ മാസ്‌കുകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

മാസ്‌കുകളുടെ ഉപയോഗം ഒഴിവാക്കിയിരിക്കുന്ന ഇടങ്ങള്‍
* പൊതു ഇടങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് മാസ്‌ക് ഒഴിവാക്കിയിട്ടുണ്ട്.
* ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന അവസരത്തില്‍
* സിമ്മിങ്ങ് പൂള്‍, ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്
* ഒരു വ്യക്തി മാത്രമായി അടച്ചിട്ട ഇടങ്ങളില്‍ ഇരിക്കുന്ന അവസരത്തില്‍
* സലൂണ്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സേവനങ്ങള്‍ നേടുന്ന സമയം
* മെഡിക്കല്‍ സെന്ററുകളിലെത്തുന്ന രോഗികളെ പരിശോധിക്കുന്ന അവസരത്തിലും, അവര്‍ക്ക് ചികിത്സ നല്‍കുന്ന അവസരത്തിലും ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാവുന്നതാണ്.