Connect with us

jammu kashmir

കശ്മീരിലെ സമാധാനത്തിന്റെ കഥ

കശ്മീർ ജനതയാണ് പ്രദേശത്തെ ഇന്ത്യയോട് ചേർത്തതെന്നും അതിനവർക്ക് ഇന്ത്യ നൽകിയ ഉറപ്പാണ് അനുഛേദം 370 എന്നുമുള്ള വസ്തുത കണക്കിലെടുത്ത് കൊണ്ടുള്ള നടപടികളിലൂടെ കശ്മീരികളുടെ വിശ്വാസം ആർജിച്ചല്ലാതെ അവിടെ സമാധാനം കൊണ്ടുവരിക പ്രയാസമാണ്.

Published

|

Last Updated

ശ്മീർ സമാധാനത്തിലേക്കെന്ന കേന്ദ്ര സർക്കാർ വാദത്തിന്റെ നിരർഥകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് അവിടെ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം. കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസിലെ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ഒത്തുചേർന്നാണ് കശ്മീരിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാനും തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകാനും തീരുമാനിച്ചത്. അടുത്തിടെയായി കശ്മീരിൽ തീവ്രവാദി ആക്രമണം വർധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുന്നത്. പാക്ക് അതിർത്തിയിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് മിന്നലാക്രമണം നടത്താൻ വരെ യോഗം തീരുമാനമെടുത്തതായാണ് വിവരം.

വ്യാഴാഴ്ച കശ്മീരിലെ കുൽഗാം ജില്ലയിൽ എലാക്വി ദേഹതി ബേങ്ക് ജീവനക്കാരൻ വിജയ് കുമാർ വെടിയേറ്റ് മരിച്ചിരുന്നു. ചൊവ്വാഴ്ച ഒരു അധ്യാപികയും അതിന് രണ്ട് ദിവസം മുമ്പ് ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയുണ്ടായി. അധ്യാപിക രജനിബാലയെ കുൽഗ്രാമിലെ സ്‌കൂളിൽ ചെന്നാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പോലീസുകാർ ഉൾപ്പെടെ എട്ട് പേരാണ് താഴ്്വരയിൽ കൊല്ലപ്പെട്ടത്. കശ്മീരിലേക്ക് ജമ്മുവിൽ നിന്നുള്ള പണ്ഡിറ്റുകളുടെ കുടിയേറ്റം വർധിച്ച സാഹചര്യത്തിൽ അവർക്ക് നേരെയുള്ള അക്രമം കൂടിയിട്ടുണ്ട്.

കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ സംസ്ഥാനത്ത് തികഞ്ഞ സമാധാനം കൈവന്നതായി ഇതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയിൽ അവകാശപ്പെട്ടിരുന്നു. നേരം ഇരുട്ടുന്നതിനു മുമ്പേ വീടുകളിൽ അഭയം തേടിയിരുന്നവർ ഇന്ന് ഭയരഹിതരായാണ് അവിടെ കഴിഞ്ഞുവരുന്നതെന്നും അദ്ദേഹം തട്ടിവിട്ടു. 370ാം വകുപ്പ് നീക്കം ചെയ്തതോടെ പ്രദേശത്ത് സമാധാനം കൈവന്നതായി കഴിഞ്ഞ ഒക്‌ടോബറിൽ ജമ്മു കശ്മീർ സന്ദർശന വേളയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെട്ടിരുന്നു.

ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണം വർധിച്ചത് അമിത് ഷായുടെ കഴിവുകേട് കൊണ്ടാണെന്നും അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി. ക്രിക്കറ്റിനോട് അമിത താത്പര്യം കാണിക്കുന്ന ഷാക്ക് ആഭ്യന്തരത്തിന് പകരം കായിക വകുപ്പ് നൽകുന്നതാണ് നല്ലതെന്നും സ്വാമി അഭിപ്രായപ്പെട്ടു. പണ്ഡിറ്റുകൾക്കെതിരെ അക്രമം വർധിച്ച സാഹചര്യത്തിൽ കശ്മീർ മേഖലയിൽ നിന്ന് ജമ്മു മേഖലയിലേക്കോ സുരക്ഷിതമായ മറ്റു സ്ഥാനങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരായ പണ്ഡിറ്റുകൾ തെരുവലിറങ്ങിയിരുന്നു കഴിഞ്ഞ ദിവസം. കശ്മീരിൽ പ്രദേശത്തുകാരായ മുസ്‌ലിം യുവാക്കളെ തഴഞ്ഞ് സർക്കാർ സർവീസിൽ ജമ്മുവിൽ നിന്നുള്ള പണ്ഡിറ്റുകളെ കൂട്ടത്തോടെ നിയമിക്കുന്നതാണ് കശ്മീരി യുവാക്കൾ പണ്ഡിറ്റുകൾക്ക് നേരെ തിരിയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വിവിധ സർക്കാർ വകുപ്പുകളിലായി 1,700 കശ്മീരി പണ്ഡിറ്റുകൾക്ക് നിയമനം നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വെളിപ്പെടുത്തിയിരുന്നു.

1990ൽ “തീവ്രവാദികളുടെ ആക്രമണ’ത്തെ തുടർന്ന് ആയിരക്കണക്കിന് പണ്ഡിറ്റുകൾ കശ്മീർ വിട്ടൊഴിയേണ്ടി വന്നതായും അവർക്ക് തിരികെ വരാൻ അവസരമൊരുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

എന്നാൽ, തീവ്രവാദികളെ ഭയന്നുള്ള പണ്ഡിറ്റുകളുടെ പലായനമെന്നത് കശ്മീരിലെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ സർക്കാർ നടപടികളെ ന്യായീകരിക്കാൻ സംഘ്പരിവാർ കെട്ടിച്ചമച്ച കള്ളക്കഥയാണ്. യഥാർഥത്തിൽ കശ്മീരിലെ രണ്ടാം വരവിൽ ഗവർണർ ജഗ്‌മോഹൻ നടപ്പാക്കിയ ഹിഡൻ അജൻഡയായിരുന്നു 1990ലെ പണ്ഡിറ്റുകളുടെ പലായനം. കശ്മീരികളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചൊതുക്കുന്നതിന്റെ മുന്നോടിയായി ജഗ്‌മോഹൻ പണ്ഡിറ്റുകളെ കശ്മീരിൽ നിന്ന് തത്കാലത്തേക്ക് ജമ്മുവിലേക്ക് തന്ത്രപൂർവം മാറ്റിപ്പാർപ്പിക്കുകയാണുണ്ടായതെന്നാണ് പലരും രേഖപ്പെടുത്തിയത്. കശ്മീർ യുവാക്കളുടെ പോരാട്ടത്തെ സൈനിക നടപടികളിലൂടെ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഇല്ലായ്മ ചെയ്യാമെന്നും ഏറെ താമസിയാതെ പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടുവരാമെന്നുമായിരുന്നു ജഗ്്മോഹന്റെ കണക്കുകൂട്ടൽ. എന്നാൽ, മുസ്‌ലിംവിരുദ്ധ നിലപാടുകൾ കശ്മീരിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രതീതിയാണുണ്ടാക്കിയത്.

തീവ്രവാദികളെ കണ്ടെത്തി അവർക്കെതിരെ നീങ്ങുന്നതിന് പകരം മൊത്തം കശ്മീർ മുസ്‌ലിംകൾക്കെതിരായി സൈന്യത്തെ കയറൂരിവിടുകയായിരുന്നു ജഗ്‌മോഹൻ ചെയ്തത്. അദ്ദേഹത്തിന്റെ നടപടികൾ സമാധാന പ്രിയരായ കശ്മീരികളെ കൂടി തീവ്രവാദ പ്രവർത്തനങ്ങളിലേക്കെത്തിക്കുകയും പോരാട്ടം കൂടുതൽ ശക്തിയാർജിക്കാൻ ഇടയാക്കുകയുമായിരുന്നു. ഹിസ്ബുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘങ്ങളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിന് സൗകര്യമൊരുക്കിയതും അദ്ദേഹത്തിന്റെ വിവേകരഹിതമായ നടപടികളാണ്. കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനത്തിന് ഒരേയൊരു ഉത്തരവാദി ജഗ്‌മോഹനാണെന്ന് ഫാറൂഖ് അബ്ദുല്ല ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതിനെ ശരിവെക്കുന്നതാണ് പല എഴുത്തുകാരുടെയും കശ്മീർ സംബന്ധിച്ച രചനകൾ.

മുമ്പ് ജഗ്‌മോഹൻ ചെയ്ത അതേ തെറ്റാണ് ഇപ്പോൾ അമിത് ഷായും അജിത് ഡോവലും കശ്മീരിൽ ആവർത്തിക്കാൻ ഒരുങ്ങുന്നത്. ഇതുവഴി കശ്മീരിനെ എന്നും രക്തരൂഷിതമായൊരു നാടാക്കി നിലനിർത്തണമെന്ന ആഗോള മൂലധന ശക്തികളുടെ താത്പര്യം നടപ്പാകുമെന്നല്ലാതെ പ്രദേശത്ത് സമാധാനം പുലരില്ല. കശ്മീർ ജനതയാണ് പ്രദേശത്തെ ഇന്ത്യയോട് ചേർത്തതെന്നും അതിനവർക്ക് ഇന്ത്യ നൽകിയ ഉറപ്പാണ് അനുഛേദം 370 എന്നുമുള്ള വസ്തുത കണക്കിലെടുത്ത് കൊണ്ടുള്ള നടപടികളിലൂടെ കശ്മീരികളുടെ വിശ്വാസം ആർജിച്ചല്ലാതെ അവിടെ സമാധാനം കൊണ്ടുവരിക
പ്രയാസമാണ്.