Connect with us

മുഖാമുഖം

ജീവിതം അനുഭവിക്കുന്നിടത്താണ് സാഹിത്യത്തിന്റെ പ്രാണൻ

വി ദിലീപ് / സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? താങ്കൾ വായന തുടങ്ങുന്നത് എത്രാമത്തെ വയസ്സിലാണെന്ന് പറയാമോ? ആദ്യം വായിച്ച പുസ്തകവും സ്വാധീനിച്ച എഴുത്തുകാരനും?
എന്റെ മാതാപിതാക്കൾ അധ്യാപകരായിരുന്നു. വായനയോട് താത്പര്യമുള്ളവർ. കുട്ടിക്കാലത്ത് വീട്ടിൽ പത്രത്തിനൊപ്പം വരുന്ന ആഴ്ചപ്പതിപ്പ് ഞാൻ സ്വന്തമാക്കും. അക്കാലത്തെ എന്റെ പ്രശ്നം കളിക്കൂട്ടുകാരില്ല എന്നതാണ്. കുന്നിന്മുകളിലെ വീട്ടിലെ ഒറ്റപ്പെട്ട, ഏകാന്തത വിഴുങ്ങിയ ബാല്യം. ഡിപ്രഷനടിച്ചു പോകാതെ മറ്റൊരു വഴി തുറന്നു തന്നത് സാഹിത്യമാണ്. അപ്പോൾ ഞാനതിലേക്ക് ഒന്നും നോക്കാതെ ഇറങ്ങി.

കാരൂരിന്റെ തിരഞ്ഞെടുത്ത കഥകളാണ് ആദ്യം വായിച്ച പുസ്തകം. അതു കൊണ്ടാണോ എന്നറിയില്ല, അന്നുമിന്നും ചെറുകഥ കഴിഞ്ഞേ എനിക്കൊരു മാധ്യമമുള്ളു. കാരൂർ കഴിഞ്ഞേ മറ്റൊരു കഥാകൃത്തുള്ളൂ. ഇപ്പോഴും തീരാത്ത അതിശയമാണെനിക്ക് കാരൂർ കഥകൾ. ആ പുസ്തകം ഇപ്പോഴും കൂടെയുണ്ട്. അതിലെ ഒരു കഥ ഇപ്പോൾ വായിച്ചാൽ അന്നു കിട്ടാത്ത പുതിയൊരു തലം കിട്ടിയിരിക്കും. അതാണ് കാരൂർ.

? എഴുത്തിന്റെ ക്രാഫ്റ്റ് / കഥ രൂപപ്പെടുന്ന വഴി. അതേ കുറിച്ചൊക്കെ വിശദമാക്കാമോ
തീർച്ചയായും. കഥ എഴുതുന്നതിനു മുമ്പ് ഞാൻ സ്വയം ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. (ചോദ്യം ഒന്ന്… ചോദ്യം രണ്ട് എന്ന രീതിയിലല്ല, തികച്ചും ജൈവികമായി എന്നിലുണ്ടായി ഉത്തരം തേടുന്നവയാണ്.) ഈ ആശയം ഞാൻ അറ്റൻഡ് ചെയ്യേണ്ടതുണ്ടോയെന്നതാണ് അതിൽ പ്രധാനം. എന്തെങ്കിലുമൊരു ഉത്തരം ഞാനതിനു കൊടുക്കാതിരുന്നിട്ടും അതെന്നെ ശല്യം ചെയ്യുന്നെങ്കിൽ പുതിയൊരു കഥയുടെ വളർച്ച പല വിതാനങ്ങളിൽ എന്റെയുള്ളിൽ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാം. അതു തന്നെയാണ് ഉത്തരം. ഞാനിത് അറ്റൻഡ് ചെയ്യുന്നു. ഇനിയിത് ഒരു ഫോർമാറ്റ് മുന്നിൽക്കണ്ട് വികസിപ്പിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ഒരുക്കത്തിൽ താനേ രൂപപ്പെടേണ്ടതാണ് ക്രാഫ്റ്റ്. ഏറെ മാനസിക പിരിമുറുക്കം നേരിടുന്ന ഘട്ടം ഇതാണ്. ഇതു നേരിട്ടുകഴിഞ്ഞാൽ എഴുത്തു സംഭവിച്ചേക്കും.
നമ്മുടെ വായനയും അനുഭവങ്ങളും ഭാഷയും ജീവിത നിരീക്ഷണങ്ങളുമൊക്കെയാണ് എഴുത്തിന് ജീവൻ നൽകുന്നത്. ബോധപൂർവമായ ഒരൊരുക്കം ഉള്ളപ്പോഴേ ഇതൊക്കെ നടക്കു എന്നതാണ് എന്റെ അനുഭവം. വല്ലാത്ത ഒരവസ്ഥയാണത്. എന്നെങ്കിലും എഴുതാം എന്നു കരുതി എല്ലാം കൂടി മനസ്സിലെവിടെയെങ്കിലും ഇട്ട് മറ്റു പ്രവൃത്തികളിലേർപ്പെടുക. (അല്ലെങ്കിൽ അങ്ങനെ ഭാവിക്കുക.) അതേയുള്ളു നിവൃത്തി.

? കലയെയും സാഹിത്യത്തെയും കുറിച്ചുള്ള താങ്കളുടെ ദർശനമെന്താണ്

ചെറിയ ജീവിതകാലയളവാണ് ഓരോ മനുഷ്യനും ലഭിക്കുന്നത്. ആന്തരിക സൗഖ്യമില്ലാതെ ഈ ലോകത്ത് ജീവിക്കുക പ്രയാസമാണ്. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു അതു നൽകാൻ കഴിയുന്നതു പോലെ നല്ല കലാസൃഷ്ടിക്കും അതു സാധ്യമാകണം. അഥവാ മനസ്സിന്റെ ഇനിയും തെളിയേണ്ട ഇടങ്ങളിലേക്ക് ടോർച്ചടിക്കാൻ കഴിയണം.
അവനവനാവശ്യമായ ആന്തരിക സൗഖ്യം ലഭിക്കുന്നിടത്തേക്ക് സ്വയമേവ സഞ്ചരിക്കാൻ മനുഷ്യനു കഴിവുണ്ട്. സംഗീതമാകട്ടെ, സാഹിത്യമാകട്ടെ, ഗുസ്തിയാകട്ടെ … അങ്ങനെ എന്തുമാകട്ടെ ഒരാൾക്ക് സുഖം നൽകുന്നുണ്ടോ..,തുടർന്നങ്ങോട്ട് ജീവിക്കാൻ പ്രേരണ തരുന്നുണ്ടോ.. എന്നതാണ് പ്രധാനം. ഉണ്ട് എന്നാണെങ്കിൽ അയാളെ സംബന്ധിച്ച് അയാൾ ഒരു കലയുമായി സഹവസിക്കുകയാണ്. അതയാളെ അയാളുടെതായ രീതിയിൽ വിമലീകരിക്കുന്നുമുണ്ട്. (വിമലീകരണം എന്നതൊക്കെ ആപേക്ഷികമായ കാര്യമാണ്.) ഇതിനൊക്കെയപ്പുറം സാഹിത്യം ആസ്വദിക്കാൻ കഴിയുന്നവർക്ക് പ്രത്യേകിച്ചൊരു മേൽക്കോയ്മ എന്റെ കാഴ്ചപ്പാടിൽ ഇല്ല. പക്ഷേ, അക്ഷരാഭ്യാസം നേടിയവർ മാത്രം ആസ്വദിക്കുന്ന കലയായതിനാൽ കൂടുതൽ വ്യാഖ്യാനങ്ങളും മറ്റും സാഹിത്യത്തിനുണ്ടാകുന്നു. അത് പലപ്പോഴും വരേണ്യമാകുന്നു. അത്രമാത്രം.

?കഥയെഴുത്തിലേക്ക് വരുന്നവർ ഒരു കാലത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച പുസ്തകമായിരുന്നല്ലോ എം ടി യുടെ കാഥികന്റെ പണിപ്പുര. കഥ എങ്ങനെ എഴുതാമെന്നും, കഥ എങ്ങനെ ഉണ്ടാകുന്നു എന്നും പുതുക്കക്കാരെ പഠിപ്പിച്ചു കൊണ്ടിരുന്ന ഈ പുസ്തകം കഥയെഴുത്തിലേക്ക് വരുന്നവർ ഇനി വായിക്കേണ്ടതില്ലെന്ന് സമീപകാലത്ത്, എം ടി എവിടെയോ പറഞ്ഞതോർക്കുന്നു. എന്താകാം കാരണം? കഥ മാറുകയാണോ?
കാഥികന്റെ പണിപ്പുര ഒരിക്കലുമെന്നെ സ്വാധീനിച്ചിട്ടില്ല. എഴുതാൻ പോകുന്ന കഥ മുഴുവനായി മനസ്സിൽ കാണണമെന്ന അതിലെ ആദ്യ നിർദേശം തന്നെ ഞാനുമായി ചേരില്ല. അങ്ങനെ കണ്ടാൽ എഴുതാനുള്ള ത്രില്ല് പോകും. പലപ്പോഴും ടൈറ്റിലിൽ നിന്നോ ആദ്യവാചകത്തിലെ കൊളുത്തിൽ നിന്നോ കഥയിലേക്ക് നടന്നെത്തുന്നതാണ് എന്റെ ശൈലി. അത് വളരെ പെയിൻഫുൾ ആണു താനും. എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. എന്റെ കഥ ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. ചെറുകഥയോടുള്ള എം ടിയുടെ സമീപനം എന്നുമദ്ദേഹത്തോടുള്ള ബഹുമാനം വർധിപ്പിക്കുന്നു. വായനയിൽ അപ്റ്റുഡേറ്റാണ് എം ടി. അദ്ദേഹം പറയുന്നതു ശരിയാണ്; കഥ മാറുകയാണ്. അതെ, അങ്ങനെയാണു വേണ്ടതും.

? എന്തിനെഴുതുന്നു എന്നതിനുത്തരമുണ്ടോ
എഴുതുമ്പോൾ ഇതാ ഈ ലോകത്ത് ഞാൻ ജീവിച്ചിരിക്കുന്നു എന്നൊരു തോന്നലുണ്ടാകും. അത് നമ്മിൽ നിറയ്ക്കുന്ന ഊർജമുണ്ടല്ലോ… ഒന്നൊന്നര സംഭവമാണ്. പിന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുമെന്നതും പ്രധാനമാണ്. കാര്യങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരുന്നതു പോലെ ഇതും മാറും. ഉദാഹരണമായി ബഷീർ ഒരു രചന പൂർത്തിയാക്കുമ്പോൾ മംഗളം ശുഭം എന്ന് വെക്കുമല്ലോ. അതെഴുതിത്തീർക്കാൻ സ്രഷ്ടാവിന്റെ ഖജാനയിൽ നിന്നും സമയം ലഭിച്ചതിലെ സന്തോഷമാണതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അന്നെനിക്ക് അതത്ര ഉൾക്കൊള്ളാനായില്ല. എന്തിനാണ് ഇത്രയും തുറന്ന വികാരപ്രകടനം എന്നൊക്കെയാണ് തോന്നിയത്. ഇപ്പോൾ മരണം എന്ന സത്യം എന്താണെന്ന്, ഈ ലോകത്തിലേക്ക് അജ്ഞാതമായ ഏതോ കൽപ്പനയാൽ അയക്കപ്പെട്ട മനുഷ്യൻ എത്രമാത്രം നിസ്സഹായനായ ജീവിയാണെന്ന് എനിക്കറിയാം. കഥയെഴുതിത്തീരുമ്പോൾ മംഗളം ശുഭം എന്ന് ആശ്വാസത്തോടെ മനസ്സ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അതെഴുതാനാകില്ല. ബഷീർ എഴുതിപ്പോയില്ലേ.

?എഴുത്തു വഴികളിൽ പ്രമേയങ്ങൾ എങ്ങനെ കിട്ടുന്നു
കണ്മുന്നിലെ മനുഷ്യർ കൊണ്ടുതരുന്നു. മനുഷ്യൻ എന്ന പുസ്തകം വായിച്ചു മുഴുമിപ്പിക്കാൻ ആർക്കു കഴിയും? എത്ര നിഗൂഢവും വിചിത്രവുമാണത്. മനുഷ്യരുമായുള്ള ഇടപെടലുകൾ എന്നെ സംബന്ധിച്ച് പ്രധാനമാണ്. ഒരേസമയം ദുഃഖിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ മനുഷ്യന് മാത്രമേ സമ്മാനിക്കാനാവൂ. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ടവരുമായും എനിക്കടുപ്പമുണ്ട്. എഴുത്തുകാരുമായി അധികം കൂടിയിരിക്കാറില്ല. ഇരുന്നപ്പോൾ ചിലപ്പോഴെങ്കിലും ബോറടിച്ച് എഴുന്നേറ്റോടാൻ തോന്നിയിട്ടുണ്ട്. സാഹിത്യം ചർച്ച ചെയ്യുന്നിടത്തു നിന്നും നിരൂപണം ഉണ്ടായേക്കാം, സാഹിത്യം ഉണ്ടാകില്ല. ജീവിതം അനുഭവിക്കുന്നിടത്താണ് സാഹിത്യത്തിന് പ്രാണനുണ്ടാകുന്നത്. ഞാനങ്ങനെ വിശ്വസിക്കുന്നു. ഇടത്തരം ലോഡ്ജുകളിൽ താമസിക്കുമ്പോൾ കണ്ടുമുട്ടുന്ന മനുഷ്യരുമായുള്ള ഇടപെടലുകൾ.. അവർ പങ്കുവെക്കുന്ന ജീവിതവൃത്താന്തങ്ങൾ.. ഇതൊക്കെയാണ് എപ്പോഴും കഥയെഴുതുന്ന സമയത്ത് മനസ്സിൽ തെളിഞ്ഞു വരാറുള്ളത്. ശരാശരിജീവിത നിലവാരമുള്ള, ആയുസ്സിൽ പകുതിയിലേറെ ജീവിച്ചിട്ടും ജീവിതത്തോട് പകപ്പ് മാറാത്ത മനുഷ്യരുടെ ജീവിതമാണ് എനിക്ക് എഴുതാൻ വഴങ്ങുന്നത്.

Latest