Connect with us

Agnipath

സംഘ് ലക്ഷ്യം മറ്റൊന്നാണ്

ചെറുപ്പത്തിലേ തന്നെ പിടികൂടുക എന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് പരിപാടിയുടെ മിനുക്കിയെടുക്കലാണത്. ഹിറ്റ്‌ലറുടെ കാലത്ത് സ്‌കൂൾ തലം മുതൽ തന്നെ ആ സംഘാടനം തുടങ്ങിയിരുന്നു, കൗമാരമധ്യത്തിൽ അവർ "ഹിറ്റ്‌ലർ യൂത്ത്' എന്ന പേരിൽ യുദ്ധ സജ്ജരാകും. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട നാസിപ്പടയാളികളിൽ "ഹിറ്റ്‌ലർ യൂത്ത്' വിഭാഗക്കാർ ധാരാളമുണ്ടായിരുന്നു. ഹിറ്റ്‌ലറുടെ കാലത്ത് കൗമാരമെത്തും മുമ്പേ ഇത്തരം സംഘാടനം സാധ്യമാകുമായിരുന്നു. പുതിയ കാലത്ത് അതത്ര എളുപ്പമല്ല. അതുകൊണ്ടാണ് കൗമാരത്തിന്റെ അവസാനമെത്തുമ്പോഴേക്ക് പിടികൂടുക എന്ന് നിശ്ചയിച്ചിരിക്കുന്നത്.

Published

|

Last Updated

2019ൽ പ്രധാനമന്ത്രി പദത്തിൽ രണ്ടാമൂഴത്തിനായി നരേന്ദ്ര മോദി പ്രചാരണം ആരംഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പാർലിമെന്ററി കമ്മിറ്റിക്ക് മുമ്പാകെ രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്ക് പറയുന്ന റിപോർട്ട് വന്നു. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് 2018- 19 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയതെന്ന് റിപോർട്ടിൽ പറഞ്ഞിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. 2017- 18 സാമ്പത്തിക വർഷത്തിൽ തൊഴിലില്ലായ്മയുടെ നിരക്ക് 6.1 ശതമാനമായിരുന്നുവെന്നാണ് ഔദ്യോഗികമായി കണക്കാക്കപ്പെട്ടത്. അതിലും ഉയർന്നത് തൊട്ടടുത്ത വർഷമെന്നായിരുന്നു റിപോർട്ട്. എന്തായാലും ആ റിപോർട്ട് തത്കാലം പരിഗണിക്കുകയോ പരസ്യപ്പെടുത്തുകയോ വേണ്ടെന്നായിരുന്നു ഭൂരിപക്ഷമുള്ള ബി ജെ പി അംഗങ്ങളുടെ തീരുമാനം. ബി ജെ പി അംഗങ്ങൾ തീരുമാനിച്ചുവെന്നാൽ, അങ്ങനെ തീരുമാനിക്കാൻ “പ്രധാന സേവകൻ’ അവരോട് നിർദേശിച്ചുവെന്നാണ് അർഥം. സർക്കാർ ഔദ്യോഗികമായി പ്രസിദ്ധം ചെയ്യുന്ന ശതമാനക്കണക്കിനേക്കാൾ ഏറെ വലുതാണ് രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണമെന്ന് അനൗദ്യോഗിക ഏജൻസികൾ നടത്തുന്ന പഠനത്തിൽ പറയാറുമുണ്ട്. എന്തായാലും 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ്, നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം കണക്കുകൾ പുറത്തുവന്നപ്പോൾ തൊഴിലില്ലായ്മാ നിരക്ക് വർഷാ വർഷം കുറഞ്ഞുവരികയാണെന്ന “ആശ്വാസം’ രാജ്യത്തിനുണ്ടായി.

കൊവിഡ് വ്യാപനവും അതിനെ ചെറുക്കാൻ ഏർപ്പെടുത്തപ്പെട്ട നിയന്ത്രണങ്ങളുമൊക്കെ ജനങ്ങളുടെ ഉപജീവനോപാധികളെ ഏത് വിധത്തിലാണ് ബാധിച്ചതെന്ന് പ്രത്യേകിച്ച് വിവരണമൊന്നും കൂടാതെ എല്ലാവർക്കും മനസ്സിലാകുന്നതാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, വലിയ നഗരമുപേക്ഷിച്ച് ലക്ഷക്കണക്കിനാളുകൾ മടങ്ങുന്ന കാഴ്ച കണ്ടവരാണല്ലോ നമ്മൾ. അതിലെത്ര തിരികെ വന്നു, തിരികെ വന്നവരിൽ എത്ര പേർക്ക് തൊഴിൽ തിരികെ കിട്ടി എന്നതിലൊന്നും തിട്ടമില്ല. തിരിച്ചെത്തിയവരെ തിരികെ തൊഴിലിലെടുക്കാൻ പാകത്തിൽ സമ്പത്തുള്ളവരായി നഗരവാസികളെല്ലാം തുടരുന്നുണ്ടോ എന്നതും പ്രസക്തമായ ചോദ്യമാണ്. ഇതൊക്കെ നിലനിൽക്കെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 2020- 21 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് ഭരണകൂടം നമ്മോട് പറഞ്ഞാൽ “കറകളഞ്ഞ രാജ്യസ്‌നേഹി’കളെന്ന നിലക്ക് കണ്ഠനാളത്തിലെവിടെയും തൊടാതെ അത് വിഴുങ്ങി ചുക്കുവെള്ളാനന്തരം ഏമ്പക്കമെന്നതേ മാർഗമുള്ളൂ.

അപ്പോഴാണ് അടുത്ത ഒന്നരവർഷത്തിനകം കേന്ദ്ര സർവീസിലേക്ക് മാത്രം പത്ത് ലക്ഷം പേരെ നിയമിക്കണമെന്നും അതിലൊരുവിഹിതം സൈന്യത്തിലായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായി വാർത്ത വന്നത്. മുൻചൊന്ന കണക്കനുസരിച്ചാണെങ്കിൽ ഒന്നര വർഷത്തിന് ശേഷം, തൊഴിലില്ലാത്ത ഒരുവനെ കാണണമെങ്കിൽ മഷിയിട്ട് നോക്കേണ്ടി വരുമെന്ന് ഭയന്നിരിക്കെയാണ്, കണക്കല്ല കാര്യമെന്ന് നാട്ടിലെ, പ്രത്യേകിച്ച് ഉത്തമാംഗത്തിൽ കൂടുതൽ കാവി പടർന്ന ഹിന്ദിഭൂമിയിലെ യുവാക്കൾ വെളിവാക്കിത്തന്നത്. ടെലിവിഷൻ ഭാഷയിൽ “വെളിപ്പെടുത്തലെ’ന്ന വിശേഷണം ശരിക്ക് ചേരുക ഇവിടെയാകും.

ഒന്നര വർഷം കൊണ്ട് പത്ത് ലക്ഷം തൊഴിലെന്നതും അതിൽ വർഷം 46,000 അവസരം സൈന്യത്തിലെന്നതും 2024ൽ അധികാരത്തിൽ തിരിച്ചെത്തുക എന്ന ഹ്രസ്വ അജൻഡയിലും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ എസ് എസ്) ദീർഘ അജൻഡയിലും ചാലിച്ചെടുത്ത തീരുമാനങ്ങളാണ്. ഒന്നര വർഷം കൊണ്ട് പത്ത് ലക്ഷം നിയമനങ്ങളെന്നത് നടക്കില്ലെന്ന് ഉറപ്പുള്ള പ്രഖ്യാപനമാണ്. പ്രഖ്യാപനത്തിലെ നെല്ലും പതിരും തിരിയുമ്പോഴേക്കും 2024ലെ പൊതുതിരഞ്ഞെടുപ്പിലെ വിളവിന്റെ വേവ് നോക്കിത്തുടങ്ങിയിട്ടുമുണ്ടാകും. എന്നാൽ സൈന്യത്തിൽ “അഗ്നിവീറെ’ന്ന പേരിൽ 46,000 പേരെ നാല് വർഷ കാലപരിധിയിൽ നിശ്ചയിക്കുന്ന, അഗ്നിപഥ് എന്ന പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളത് തന്നെയാണ്.

പതിനേഴര വയസ്സ് മുതൽ 21 വരെ പ്രായമുള്ള യുവാക്കളെ (പ്രതിഷേധം ആരംഭിച്ച ശേഷം പരിധി 23 വയസ്സെന്നാക്കി) തിരഞ്ഞെടുത്ത് ആറ് മാസത്തെ പരിശീലനം നൽകി, തുടർന്നുള്ള നാല് വർഷം സേനയിൽ വിന്യസിച്ച് ഒറ്റത്തവണ തീർപ്പാക്കലെന്നത് പോലെ പന്ത്രണ്ട് ലക്ഷത്തോടടുത്ത സംഖ്യ കൊടുത്ത് പിരിച്ചയക്കുന്നതാണ് പദ്ധതി. നാല് വർഷത്തിന് ശേഷം സൈന്യത്തിൽ തുടരണമെന്ന് അദമ്യമായ ആഗ്രഹമുള്ളവർക്ക് തുടർസേവനം അനുവദിക്കുന്നത് പരിഗണിക്കുമെന്ന അടിക്കുറിപ്പുണ്ട്. നാല് വർഷത്തിന് ശേഷം വിരമിക്കുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് പുറത്ത് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാകില്ല.

കൊവിഡ് പ്രമാണിച്ച് രണ്ട് വർഷത്തിലേറെയായി സൈനിക റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. അത് നടന്നാൽ രാജ്യസേവനത്തിനൊപ്പം കുടുംബം പോറ്റലും നടക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുണ്ട്. അവരുടെ പ്രതീക്ഷകളൊക്കെ ഇല്ലാതാക്കിയാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. പെൻഷനും ആനുകൂല്യങ്ങളും നൽകേണ്ടിവരില്ലെന്നതിനാൽ ആ നിലക്കുള്ള ചെലവിൽ വലിയ കുറവുണ്ടാകുമെന്ന് കൂടി സർക്കാർ പ്രഖ്യാപിച്ചതിനാൽ സൈന്യത്തിലേക്കുള്ള പതിവ് റിക്രൂട്ടുമെന്റുകൾ ഇനിയുണ്ടാകില്ലെന്ന് കരുതണം. പുതിയ പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്താലും നാല് വർഷത്തിന് ശേഷം വിമുക്തഭട പദവിയും സ്വകാര്യ കമ്പനികളിലെ സെക്യൂരിറ്റി സ്ഥാനവുമായിരിക്കും ഭൂരിഭാഗം പേരുടെയും സാധ്യത. ഇത് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്. അത്രമാത്രം രൂക്ഷമാണ് തൊഴിലില്ലായ്മ എന്ന് ഈ രോഷം വ്യക്തമാക്കുന്നു. പുതിയ സാധ്യതകളൊന്നും ഈ ചെറുപ്പക്കാരുടെ മുന്നിൽ തുറന്നുകിട്ടുന്നില്ല. കൊട്ടിഘോഷിക്കുന്ന വികസന നേട്ടങ്ങളൊക്കെ വെറും ശബ്ദഘോഷം മാത്രമാണെന്നതിന് മറ്റ് തെളിവുകൾ വേണ്ട.

അഗ്നിപഥിന്റെ സംഘ് ലക്ഷ്യം മറ്റൊന്നാണ്. ചെറുപ്പത്തിലേ തന്നെ പിടികൂടുക എന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് പരിപാടിയുടെ മിനുക്കിയെടുക്കലാണത്. ഹിറ്റ്‌ലറുടെ കാലത്ത് സ്‌കൂൾ തലം മുതൽ തന്നെ ആ സംഘാടനം തുടങ്ങിയിരുന്നു, കൗമാരമധ്യത്തിൽ അവർ “ഹിറ്റ്‌ലർ യൂത്ത്’ എന്ന പേരിൽ യുദ്ധ സജ്ജരാകും. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട നാസിപ്പടയാളികളിൽ “ഹിറ്റ്‌ലർ യൂത്ത്’ വിഭാഗക്കാർ ധാരാളമുണ്ടായിരുന്നു. ഹിറ്റ്‌ലറുടെ കാലത്ത് കൗമാരമെത്തും മുമ്പേ ഇത്തരം സംഘാടനം സാധ്യമാകുമായിരുന്നു. പുതിയ കാലത്ത് അതത്ര എളുപ്പമല്ല. അതുകൊണ്ടാണ് കൗമാരത്തിന്റെ അവസാനമെത്തുമ്പോഴേക്ക് പിടികൂടുക എന്ന് നിശ്ചയിച്ചിരിക്കുന്നത്.
സാമൂഹിക- രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാനും അതേക്കുറിച്ച് ചിന്തിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ (കപട) ദേശീയതയുടെയും വിജൃംഭിത രാജ്യസ്‌നേഹത്തിന്റെയും പാഠങ്ങൾ ചൊല്ലിക്കൊടുക്കാനായാൽ നാല് വർഷത്തിന് ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവരിൽ വലിയൊരളവ് സംഘ് പാളത്തിലെ പടയാളികളാകാൻ സാധ്യത ഏറെയാണ്. പാഠ്യപദ്ധതിക്കൊന്നാകെ കാവിപൂശി, ഹിന്ദുത്വ വാദികളെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നവർ, തികഞ്ഞ അച്ചടക്കം ആവശ്യപ്പെടുന്ന കൽപ്പനക്ക് മറുവാക്കില്ലാത്ത സൈനിക വിഭാഗത്തിൽ ഏത് വിധത്തിലാകും അവർക്ക് വേണ്ട കരിക്കുലം സൃഷ്ടിക്കുക എന്നറിയാൻ ഗവേഷണമൊന്നും വേണ്ടതില്ല.

ആ നിലക്ക്, വർഗീയധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചവർ, ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിച്ചും ഭരണഘടനയെ അപഹസിച്ചും നിയമവ്യവസ്ഥയെ അതിലംഘിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പദ്ധതിയെ പൂർണതയിലെത്തിക്കാനും അതിന്റെ നിലനിൽപ്പ് ഉറപ്പാക്കാനുമുള്ള കാലാൾപ്പടയുടെ റിക്രൂട്ട്‌മെന്റാണ് യഥാർഥത്തിൽ അഗ്നിപഥിന്റെ ലക്ഷ്യം. തൊഴിലവസരം നിഷേധിക്കപ്പെടുന്നതുകൊണ്ടു മാത്രമല്ല, രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടൂകൂടി എതിർക്കപ്പെടേണ്ടതുണ്ട് ഈ പദ്ധതി. മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായി ഇന്ത്യൻ യൂനിയനും ബഹുസ്വര സമൂഹമായി അതിലെ ജനതയും നിലനിൽക്കണമെങ്കിൽ ഇതിന്റെ രാഷ്ട്രീയമറിഞ്ഞ് കൂടി എതിർക്കേണ്ടത് അനിവാര്യമാണ്.

ഒരു ട്രെയിൻ ബോഗിയിൽ ആകസ്മികമായുണ്ടായ അഗ്നിബാധ മൂലധനമാക്കിയായിരുന്നു ഉയർച്ച. അതിന്റെ ചൂടിലാണ് ഏകാധിപത്യം ഉറച്ചുതുടങ്ങിയത്. കാര്യകാരണങ്ങളോടെ കത്തുകയാണ് ബോഗികൾ. ഒരു ജീവനും നഷ്ടപ്പെടരുതെന്ന ബോധ്യത്തോടെയായിരുന്നു സമരങ്ങൾ. അതിനെ അട്ടമറിക്കാൻ പാകത്തിൽ ബോഗികൾ കത്തിക്കാൻ മടിക്കാത്തവരാണ് ഭരണത്തിലെന്ന് സമരത്തിലുള്ളവർ മറക്കാതിരിക്കണമെന്നത് കൂടി പ്രധാനമാണ്.

---- facebook comment plugin here -----