Kerala
നോവായി സുഹാന്‍; ചിറ്റൂരിലെ എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് | ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരന്‍ സുഹാനിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നടന്നുപോകുമ്പോള്‍ അപകടത്തില്‍ പെടാനുള്ള കുളമല്ല ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 12ഓടെയാണ് എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെ കാണാതായത്. ജ്യേഷ്ഠന്‍ റയാനും ബന്ധുവിന്റെ മക്കള്‍ക്കുമൊപ്പമിരുന്ന് സുഹാന്‍ ടി വി കാണുകയായിരുന്നു. ഈ സമയത്ത് മുത്തശ്ശി അടുക്കളയിലായിരുന്നു. കുറച്ചു കഴിഞ്ഞ് മുത്തശ്ശി അന്വേഷിച്ചപ്പോഴാണ് വഴക്ക് കൂടിയതിനെ തുടര്‍ന്ന് സുഹാന്‍ പുറത്തിറങ്ങിപ്പോയതായി ജ്യേഷ്ഠന്‍ പറയുന്നത്. തുടര്‍ന്ന് മുത്തശ്ശി സമീപ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഹാനിന്റെ അധ്യാപികയായ മാതാവ് തൗഹിത പാലക്കാട്ടേക്ക് പോയതായിരുന്നു. പിതാവ് മുഹമ്മദ് അനസ് ഗള്‍ഫിലാണ്. ഇന്നലെ രാത്രി എട്ടോടെ നിര്‍ത്തിവച്ച കുട്ടിക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.


