National
അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജര്‍; വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് ഹിമന്ത ബിശ്വ ശര്‍മ്മ
'2027ലെ സെന്‍സസില്‍ ബംഗ്ലാദേശി വംശജരായ മുസ്‌ലിംകളുടെ ജനസംഖ്യ 40 ശതമാനത്തിലേക്ക് ഉയരും. മുസ്‌ലിം ജനസംഖ്യ 50 ശതമാനം കടന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകും.'
ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി | അസമിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജരാണെന്നാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.
2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം മുസ്‌ലിംകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് അസം വംശജരുള്ളതെന്നും ബാക്കിയുള്ള 31 ശതമാനവും ബംഗ്ലാദേശി വംശജരായ മുസ്‌ലിംകളാണെന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. ബി ജെ പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശം.
2021-ല്‍ സെന്‍സസ് നടത്തിയിട്ടില്ല. ഇനി 2027ല്‍ നടത്തുമ്പോഴേക്കും അസമില്‍ ബംഗ്ലാദേശി വംശജരായ മുസ്‌ലിംകളുടെ ജനസംഖ്യ 40 ശതമാനത്തിലേക്ക് ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്‌ലിം ജനസംഖ്യ 50 ശതമാനം കടന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകും. പതിറ്റാണ്ടുകള്‍ നീണ്ട കുടിയേറ്റം കാരണം തദ്ദേശീയരായ അസം ജനത ഇപ്പോഴും വെല്ലുവിളി നേരിടുകയാണ്. 1961 മുതല്‍ തുടര്‍ച്ചയായി ജനസംഖ്യയില്‍ നാലോ അഞ്ചോ ശതമാനത്തിന്റെ വര്‍ധന ഉണ്ടാകുന്നുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

