Kerala
എസ് ഐ ആര്‍: മാപ്പിങില്‍ നിന്ന് പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകള്‍
വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവര്‍ തെളിയിക്കേണ്ടതുണ്ട്. വിദേശത്ത് ജനിച്ചവര്‍ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന ജനന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
തിരുവനന്തപുരം | 2002ലെ വോട്ടര്‍ പട്ടിക ആധാരമാക്കി നടത്തിയ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ് ഐ ആര്‍) മാപ്പിങില്‍ പുറത്താക്കപ്പെട്ടവര്‍ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകള്‍. വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവര്‍ തെളിയിക്കേണ്ടതുണ്ട്. വിദേശത്ത് ജനിച്ചവര്‍ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന ജനന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
2002 ലെ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങിന് ഹാജരാകേണ്ടി വരിക. പൗരത്വ ഭേദഗതി നിയമത്തിലെ തീയതികള്‍ പ്രകാരം വോട്ടറുടെ പ്രായം അടിസ്ഥാനമാക്കി വ്യത്യസ്ത രേഖകളാണ് ഹാജരാക്കേണ്ടി വരിക.
2002ലെ വോട്ടര്‍ പട്ടികയില്‍ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ എസ് ഐ ആറില്‍ വിജയിക്കാനായത്. ഇതിനു കഴിയാതിരുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി സ്വയം യോഗ്യത തെളിയിക്കണം.
മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പും ഹിയറിങ് നോട്ടീസിനൊപ്പം വോട്ടര്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ 13 രേഖകളുടെ പട്ടികയില്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയിലാണ് ജനന സ്ഥലം രേഖപ്പെടുത്തിയിരുക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊന്ന് ഇല്ലാത്തവരാണ് പ്രയാസത്തിലാവുക.

