Connect with us

Kerala

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അമ്പത് ശതമാനം സീറ്റുകള്‍ നീക്കിവെക്കും; നിര്‍ണായക പ്രഖ്യാപനവുമായി വി ഡി സതീശന്‍

കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്ന് സതീശന്‍.

Published

|

Last Updated

കൊച്ചി | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം പ്രഖ്യാപിച്ചത്.

യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്ന അനവധി പ്രമുഖ നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനുണ്ട്. അമ്പത് ശതമാനം സീറ്റ് അവര്‍ക്കായി നീക്കിവെക്കും. വലിയ മാറ്റങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇത് സുഗമമായ പ്രക്രിയ ആയിരിക്കുമെന്നും സി പി എമ്മില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശന്‍ പറഞ്ഞു.

അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ സംസ്ഥാനത്തെ പല നിയമസഭാ സീറ്റുകളും നഷ്ടപ്പെടുന്ന സാഹചര്യം മുമ്പ് കോണ്‍ഗ്രസ്സിനുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോള്‍ അത് എല്‍ ഡി എഫിന് ഗുണകരമാകുന്ന അവസ്ഥയിലേക്ക് നയിച്ചു. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശന്‍ വ്യക്തമാക്കി.

നാല് വര്‍ഷം മുമ്പ് രാജസ്ഥാനിലെ ഉദയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ പഠനശിബിരത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കും. പാര്‍ട്ടിയായാലും നിയമസഭയിലായാലും അമ്പത് ശതമാനം പ്രാതിനിധ്യം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി നീക്കിവെക്കണമെന്നായിരുന്നു ശിബിരത്തിന്റെ തീരുമാനം.

 

 

---- facebook comment plugin here -----

Latest