Connect with us

kerala waqf board

നഗരത്തിലെ സലഫി കൈയേറ്റങ്ങൾക്ക് ലഭിച്ചത് വലിയ രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണ

സൊസൈറ്റീസ് രജിസ്‌ട്രേഷൻ, നിയമ വകുപ്പുകൾ പാലിക്കാതെ പള്ളി ഭരണഘടനയിൽ ഭേദഗതി വരുത്തി

Published

|

Last Updated

കോഴിക്കോട് | നഗരത്തിലെ പള്ളികളുൾപ്പെടെ സലഫികളുടെ വഖ്ഫ് കൈയേറ്റങ്ങൾക്ക് പിന്തുണ കിട്ടിയത് രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളായ സലഫികൾ കുതന്ത്രങ്ങളിലൂടെ പള്ളികൾ കൈയടക്കിയപ്പോൾ സലഫി ആശയക്കാരോ രാഷ്ട്രീയക്കാരോ ആണ് അവർക്ക് സഹായം ചെയ്ത് നൽകിയത്. കോഴിക്കോട് മൊയ്തീൻപള്ളിയുടെ കാര്യത്തിൽ തന്നെ ഇക്കാര്യങ്ങൾ ഏറെ വ്യക്തമാണ്.

സുന്നികൾക്ക് ഭൂരിപക്ഷമുള്ള മഹല്ലായിരുന്നിട്ട് കൂടി ചെറിയ ശതമാനം മാത്രം വരുന്ന സലഫികളുടെ കൈയിലേക്ക് പള്ളിയുടെ ആധിപത്യം എത്തിപ്പെട്ടതിന്റെ പിന്നാമ്പുറ കഥകൾ നിരവധിയാണ്. കോടതിയെ പോലും സ്വാധീനിച്ചുവെന്ന് ആരോപണമുയർന്ന പള്ളി കേസിൽ സുന്നികളുടെ എല്ലാ നീക്കങ്ങളും കുതന്ത്രങ്ങളിലൂടെ തടയുന്നതായിരുന്നു സലഫികളുടെ പ്രവർത്തനങ്ങൾ. സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിലെ വകുപ്പുകൾ പോലും പാലിക്കാതെയായിരുന്നു മൊയ്തീൻ പള്ളിയുടെ ഭരണഘടനയിൽ സലഫികൾ ഭേദഗതി വരുത്തിയത്. ഭരണഘടനാ ഭേദഗതിക്ക് നിയമസാധുതയില്ലെന്ന് തെളിയിക്കാൻ സുന്നികൾക്ക് കഴിഞ്ഞെങ്കിലും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കോടതിയെയും സ്വാധീനിച്ചുവെന്ന് സുന്നികൾ വ്യക്തമാക്കിയത് ഇക്കാരണത്താലാണ്. “പാളയം മൊയ്തീൻ പള്ളി കമ്മിറ്റിയുടെ ആശയാദർശങ്ങൾ അനുസരിക്കാൻ സന്നദ്ധരാണെന്ന് കമ്മിറ്റിക്ക് ബോധ്യമുള്ളവരെമാത്രമേ ജനറൽ ബോഡിയിൽ അംഗമായി ചേർക്കാവൂ. ജനറൽ ബോഡിയിലെ അംഗസംഖ്യ 40ൽ അധികരിക്കാൻ പാടില്ലാത്തതാകുന്നു’-രജിസ്‌ട്രേഷൻ നിയമം അനുശാസിക്കും പ്രകാരം ലിഖിത ക്രമത്തിലുള്ള ഭേദഗതി രൂപം അന്ന് നിലവിലുണ്ടായിരുന്ന 418 അംഗങ്ങൾക്ക് കൊടുക്കാതെയും രണ്ടാമത് ചേരുന്ന യോഗത്തിൽ വെച്ച് ഭേദഗതി ശരിവെക്കണമെന്ന നിബന്ധന പാലിക്കാതെയുമായിരുന്നു ഈ ഭേദഗതി. നിലവിലുള്ള സുന്നികളെ മുഴുവൻ പുറത്താക്കാനും പുതുതായി ഒരു സുന്നിയും പള്ളികമ്മിറ്റിയിൽ വരാതിരിക്കാനുമായിരുന്നു ഈ കുതന്ത്രം. അങ്ങനെയാണ് 40 മുജാഹിദുകളെ നിലനിർത്തി 378 സുന്നി അംഗങ്ങൾ പുറത്താക്കപ്പെടുന്നത്. എന്നാൽ, നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്നിട്ടും ഇക്കാര്യങ്ങൾ പരിശോധിക്കാനോ അതിൽ വ്യക്തത വരുത്താനോ ഉദ്യോഗസ്ഥ തലത്തിൽ ശ്രമമുണ്ടാകാതിരുന്നത് രാഷ്ട്രീയ, ഉദ്യോഗ തലങ്ങളിൽ നിന്ന് സലഫികൾക്ക് ലഭിച്ച പിന്തുണ കൊണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

അന്നത്തെ വഖ്ഫ് ബോർഡിൽ നിന്ന് നിർലോഭം സഹായം സലഫികൾക്ക് ലഭിച്ചു. അന്നത്തെ പ്രമുഖ ലീഗ് നേതാവിന്റെയും ലീഗ് പ്രവർത്തകനായിരുന്ന കുട്ട്യാമു സാഹിബിന്റെയും പിന്തുണ സലഫികൾക്ക് കിട്ടി. ഈ ലീഗ് നേതാവിന്റെ പേര് 1970ലെ 96ാം നമ്പർ കേസിൽ 37ാം നമ്പർ എതിർകക്ഷിയായി കാണാം. വിശ്വാസത്തിലും കർമത്തിലും പിഴക്കുക മാത്രമല്ല, കൊടുംവഞ്ചനയുടെയും കുതന്ത്രത്തിന്റെയും അണിയറ പ്രവർത്തനങ്ങൾ നടത്തിയ മുജാഹിദ് വിഭാഗത്തോട് കടുത്ത എതിർപ്പും ആശയ വിരോധവും വളർന്നതിന്റെയും ചരിത്രപശ്ചാത്തലം ഇത്തരം സംഭവങ്ങൾ കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയും. വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് സലഫികളുടെ കൈകളിൽ എത്തുമ്പോൾ വഖ്ഫ് സ്വത്തുക്കൾ ഉപയോഗപ്പെടുത്തുക എന്നിരിക്കെ, ചരിത്രത്തോട് കൊടുംവഞ്ചന കൂടിയാണ് സലഫികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആറ് പതിറ്റാണ്ടിനിപ്പുറം ചതിയുടെ കറവീണ സ്ഥലത്ത് വെച്ചാണ് വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിനും എന്ന പേരിൽ ഡോ. ഹുസൈൻ മടവൂർ പ്രസംഗം നടത്തിയത്. ഇത് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest