Connect with us

ഗള്‍ഫ് കാഴ്ച

നവ വയനാട് നിര്‍മിതിയില്‍ മലയാളി കൂട്ടായ്മകളുടെ പങ്ക്

യു എ ഇ യെ കെട്ടിപ്പൊക്കിയതില്‍ കേരളീയരുടെ പങ്ക് വിസ്മരിക്കരുതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഒരിക്കല്‍ പറയുകയുണ്ടായി. നിരവധി സന്ദേശങ്ങളാണ് അത് നല്‍കുന്നത്.

Published

|

Last Updated

കേരളീയ സാമൂഹിക ജീവിതം സാര്‍ഥകമാക്കിയതില്‍, സമ്പദ് വ്യവസ്ഥയെ ചലിപ്പിച്ചതില്‍ ഗള്‍ഫിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പ് ഗള്‍ഫില്‍ ഗ്രോസറികളും കഫറ്റേരിയകളും ആയിരുന്നു. തപാല്‍ പെട്ടി പോലും അവിടങ്ങളിലായിരുന്നു. മലയാളികളാണ് അവ സ്ഥാപിച്ചിരുന്നത്. എല്ലാ നിലയിലും നാടുമായി ആളുകളെ അവ ബന്ധിപ്പിച്ചു. പുതുതായി കടല്‍ കടന്നെത്തുന്നവര്‍ക്ക് ദിശാ വിളക്കായി. ‘നാദാപുരം’ കഫറ്റേരിയകളുടെ പരസ്പരാശ്രിതത്വം വലിയ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കാലം മാറി. വാണിജ്യത്തിന്റെ സ്വഭാവം മാറി. പുതിയ സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അവതരണങ്ങള്‍ എമ്പാടുമുണ്ട്. അവ ഉള്‍ക്കൊണ്ട്, വെല്ലുവിളികള്‍ തരണം ചെയ്യുകയാണ് സംരംഭകര്‍. സ്വാഭാവികമായും അത്തരം കൂട്ടായ്മകള്‍ ഉടലെടുത്തു. ദുബൈയില്‍ ഇന്റര്‍നാഷനല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ അഥവാ ഐ പി എ ഒരു ഉദാഹരണം. ഏതാനും വര്‍ഷം മുമ്പ് രൂപവത്കൃതമായ കൂട്ടായ്മയാണ്. അവര്‍ ജീവകാരുണ്യത്തിന്റെയും മഹത്തായ അധ്യായം എഴുതിച്ചേര്‍ക്കുന്നു. വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രളയത്തിന് ശേഷം നവ കേരളം കെട്ടിപ്പടുക്കാന്‍ അവര്‍ ലക്ഷങ്ങള്‍ ചെലവ് ചെയ്തു.

മനുഷ്യ പുരോഗതിക്ക്, അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും പുതിയ ആശയങ്ങളും സാങ്കേതിക വിദ്യയും തേടുന്ന രാജ്യമാണ് യു എ ഇ, വിശേഷിച്ച് ദുബൈ. ലോകത്തിലെ വലിയ സൗരോര്‍ജ ഉദ്യാനം വന്നത് ദുബൈയില്‍. ജലാശയങ്ങള്‍ ശുചീകരിക്കുന്നതിന് നിരന്തര ശ്രമമുള്ളത് ദുബൈയില്‍. കെട്ടിടങ്ങള്‍ പ്രകൃതി സൗഹൃദമാകണമെന്ന് ഭരണാധികാരികള്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതൊക്കെ കണ്ടറിഞ്ഞ ഐ പി എ അത്തരം ദീര്‍ഘ വീക്ഷണത്തോടെയാണ് സഹായം എത്തിക്കുന്നത്.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മലയാളികള്‍ ഉണ്ട്. അഥവാ മാനവശേഷിയില്‍ അസൂയാര്‍ഹമായ നേട്ടമുണ്ട്. കേരളത്തിന്റെ വികസനത്തിന് അവര്‍ കൈമെയ് മറന്നു സഹായിക്കും. മാലിന്യ നിര്‍മാര്‍ജനം, എളുപ്പം തകരാത്ത റോഡുകളും പാലങ്ങളും, അണക്കെട്ടുകളുടെ ഉറപ്പ്, പൊതു ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത, കൃഷിയിടങ്ങളുടെ സംരക്ഷണം, എന്നിങ്ങനെ പലതും ആലോചിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ യു എ ഇ യുടെ സമീപനം മാതൃകാപരമാണ്. മാലിന്യ നിര്‍മാര്‍ജനം ഏറ്റവും കാര്യക്ഷമമായി നടക്കുന്ന നഗരങ്ങളാണ് യു എ ഇ ക്കുള്ളത്. റോഡരികിലൊക്കെ കുപ്പത്തൊട്ടികള്‍ കാണാം. ഇവയിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ അനേകം വാഹനങ്ങളും തൊഴിലാളികളും ഉണ്ട്. വാഹനങ്ങള്‍ പ്രത്യേകം സംവിധാനം ചെയ്തതാണ്. എണ്ണ, ഖര മാലിന്യങ്ങള്‍ ഓവുചാലില്‍ ഒഴുക്കിയാല്‍ കനത്ത പിഴയുണ്ട്. ഇ-അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാനും അവ സംസ്‌കരിക്കാനും മാര്‍ഗങ്ങളുണ്ട്. ഇതിനേക്കാള്‍ പ്രധാനം, പൗരബോധമാണ്. നിരന്തര ബോധവത്കരണത്തിലൂടെയാണ് അധികാരികള്‍ ജനങ്ങളില്‍ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.

മാധ്യമങ്ങളെ അതിന് ഉപയോഗിക്കുന്നു. ഹരിത ഗൃഹ വാതക പുറന്തള്ളല്‍ ഭയന്ന് സ്വകാര്യ വാഹനങ്ങള്‍ പരമാവധി കുറയ്ക്കാന്‍ മിക്കപ്പോഴും ആഹ്വാനം കാണാം. ദുബൈ നഗരസഭ വര്‍ഷത്തിലൊരിക്കല്‍ കാര്‍ രഹിത ദിനം കൊണ്ടാടുന്നു. പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ വരെ മെട്രോയില്‍ യാത്ര ചെയ്യുന്നു. പുഴയുള്ള നാടല്ല യു എ ഇ. എന്നാല്‍ ദുബൈയില്‍ കടലിന്റെ കൈവഴി ദീര്‍ഘിപ്പിച്ച് കനാല്‍ നിര്‍മിച്ചു. കനാലിന്റെ ഇരുവശവും വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. വാരാന്ത്യങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. കേരളത്തില്‍ അനേകം നദികളുണ്ട്. നീരുറവകള്‍ക്കും ഒഴുക്കിനും വെല്ലുവിളി ആകാത്ത തരത്തില്‍ അവയെ ഉല്ലാസ കേന്ദ്രങ്ങള്‍ ആക്കാവുന്നതേയുള്ളൂ. ആദ്യം വേണ്ടത് ഓരോ നദിയുടെയും പാര്‍ശ്വങ്ങളെ സംരക്ഷിക്കുക എന്നതാണ്. പുഴയിലേക്ക് പ്ലാസ്റ്റിക്കുകളും അറവു മാലിന്യങ്ങളും വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുക എന്നതാണ്. കൂട്ടത്തില്‍, വിദേശ മലയാളികളുടെ വൈദഗ്ധ്യം നവ കേരള സൃഷ്ടിക്കായി കേരളം തേടണം. യു എ ഇ യെ കെട്ടിപ്പൊക്കിയതില്‍ കേരളീയരുടെ പങ്ക് വിസ്മരിക്കരുതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഒരിക്കല്‍ പറയുകയുണ്ടായി. നിരവധി സന്ദേശങ്ങളാണ് അത് നല്‍കുന്നത്. കേരളീയര്‍ അധ്വാന ശീലരാണ്. നവീന സാങ്കേതിക വിദ്യകള്‍ എളുപ്പം വഴങ്ങുന്ന സമൂഹമാണ്. യു എ ഇ അത് വേണ്ടപോലെ ഉപയോഗിച്ചു. കുറേ മലയാളികള്‍ നാട്ടിലും പുതിയ കാഴ്ചപ്പാടുകള്‍ നടപ്പാക്കാന്‍ പ്രാപ്തരാണ്.

സംസ്ഥാന ഭരണകൂടം ഐ പി എ പോലുള്ള കൂട്ടായ്മകളുടെ അഭിപ്രായം തേടണം. വയനാട്ടില്‍ അവരുടെ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഏറ്റവും ദരിദ്രരായ ആളുകളുടെ പുനരധിവാസത്തിന് ഉതകുന്ന സമീപനമാണ് അത്.

ഐ സി എഫ്, കെ എം സി സി പോലുള്ള സാംസ്‌കാരിക സംഘടനകളും വയനാടിന്റെ കണ്ണീരൊപ്പാന്‍ രംഗത്തുണ്ട്. കേരളത്തിന്റെ മണ്ണില്‍ വേരാഴ്ത്തി ലോകത്തോളം വളര്‍ന്ന കൂട്ടായ്മയാണ് ഐ സി എഫ്. ഗള്‍ഫ് മേഖലയില്‍ ധാര്‍മിക ജീവിത പാതയ്ക്ക് മാര്‍ഗ ദര്‍ശനം നല്‍കുന്നു. വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ നാട്ടിലുള്ള ഐ സി എഫ് സഹകാരികള്‍ ജീവന്‍ മറന്നു പ്രയത്‌നിച്ചു. ദിവസങ്ങളോളം ഭക്ഷണം വിതരണം ചെയ്തു. നവ വയനാട് നിര്‍മിതിയില്‍ ഇത്തരം സംഘടനകള്‍ക്ക് ആശയങ്ങള്‍ കാണും. ഇവരോടൊക്കെ സംസ്ഥാന ഭരണകൂടം ആശയവിനിമയം നടത്തണം. ഉള്‍കാഴ്ച ലഭിക്കും.

 

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest