local body election 2025
ഇന്ത്യൻ ജനാധിപത്യത്തിന്റെ "ആദ്യത്തെ ഏടുകൾ' ഇവിടെയുണ്ട്!
നീരോൽപ്പാലം സ്വദേശി ചൊക്ലി ഉസ്മാന്റെ ശേഖരത്തിലുള്ളത് സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച (1951-52) ലെ ആദ്യ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച ബാലറ്റ് പെട്ടി.
പെരുവള്ളൂർ | ഇന്ത്യയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിർണായക ഭാഗമായിത്തീർന്ന ബാലറ്റ് പെട്ടി ഇന്നും അമൂല്യനിധി പോലെ സൂക്ഷിക്കുന്ന ഒരാളുണ്ട് തേഞ്ഞിപ്പലത്ത്. നീരോൽപ്പാലം സ്വദേശി ചൊക്ലി ഉസ്മാന്റെ ശേഖരത്തിലുള്ളത് സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച (1951-52) ലെ ആദ്യ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച ബാലറ്റ് പെട്ടി.
ഹൈദരാബാദിലെ ഗോദ്‌റേജ് കമ്പനിയുടെ ആൽവിൻ വിഭാഗം നിർമിച്ച കട്ടിയുള്ള ഇരുമ്പ് നിർമിത ബാലറ്റ് പെട്ടികളിൽ ഒന്നാണ് ഉസ്മാന്റെ കൈവശമുള്ളത്. രണ്ടര കിലോ തൂക്കം വരുന്ന ഈ ബാലറ്റ് പെട്ടിക്ക് ആറ് ഇഞ്ച് ഉയരവും ഒന്പത് ഇഞ്ച് നീളവുമാണുള്ളത്. അക്കാലത്ത് പ്രചാരണങ്ങളിലെ താരമായിരുന്ന മെഗാഫോണുകളും കോൺഗ്രസ്സിനെതിരെ ലീഗ്-കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ സമയത്ത് അറബി മലയാളത്തിൽ പുറത്തിറങ്ങിയ പ്രചരണ നോട്ടീസ്, ആദ്യകാല രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ രീതികളും നിലപാടുകളും മനസ്സിലാക്കാൻ സഹായിക്കുന്ന 1964 മുതലുള്ള നോട്ടീസുകൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ ഉൾപ്പെടെയുള്ള പഴയ പത്ര കട്ടിംഗുകൾ, പാർട്ടിയുടെ പേരും ചിഹ്നവും അടിക്കാൻ ഉപയോഗിച്ചിരുന്ന മരം കൊണ്ടും ലെഡ്ഡ് കൊണ്ടും നിർമിച്ച അച്ചുകൾ, 1970 കളിലെ സമ്മതിദായകരുടെ പട്ടിക, വോട്ടർമാർക്ക് ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്താൻ നൽകിയിരുന്ന സീൽ തുടങ്ങിയ പലതും ജനാധിപത്യ ചരിത്രത്തിലെ അമൂല്യ ഏടുകളായി ഉസ്മാൻ ഇന്നും സൂക്ഷിച്ചുവരുന്നു.
നാണയങ്ങൾ, പുരാവസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമുള്ള ഉസ്മാൻ പുരാവസ്തു ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ ആർക്കിയോളജി ഹെറിറ്റേജ് അസ്സോസിയേഷൻ കോഴിക്കോട്, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി, നാപ്സ് തിരൂർ എന്നീ സംഘടനകളിൽ അംഗമാണ്.






