Aksharam Education
ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യം നടന്നത് 1951-52 വർഷങ്ങളിലായിരുന്നു. അന്ന് വോട്ടു ചെയ്യാനുള്ള പ്രായപരിധി 21 വയസ്സായിരുന്നു. 1951 ഒക്‌ടോബർ 25 ന് തുടക്കമിട്ട തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നാല് മാസമെടുത്ത് അടുത്ത വർഷം ഫെബ്രുവരി 21നാണ് പൂർത്തിയാക്കിയത്. 10,59,44,495 പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തയത്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് എന്നാണെന്ന് കൂട്ടുകാർക്ക് അറിയുമോ… നമ്മുടെ രാജ്യം ഭരിക്കേണ്ടത് ആരെന്ന് തീരുമാനിക്കുന്നത് ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണെന്ന് കഴിഞ്ഞ “അക്ഷര’ത്തിൽ നമ്മൾ വായിച്ചല്ലോ.
രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിട്ടാൽ മാത്രമാണ് അതിനിടക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക.
അതേസമയം, ലോക്‌സഭാ അംഗം മരിക്കുകയോ രാജിവെക്കുകയോ ചെയ്താൽ ആ മണ്ഡലത്തിൽ മാത്രം വീണ്ടും തിരഞ്ഞെടുപ്പ് നടത്തി പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യം നടന്നത് 1951-52 വർഷങ്ങളിലായിരുന്നു. അന്ന് വോട്ടു ചെയ്യാനുള്ള പ്രായപരിധി 21 വയസ്സായിരുന്നു. 1951 ഒക്‌ടോബർ 25 ന് തുടക്കമിട്ട തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നാല് മാസമെടുത്ത് അടുത്ത വർഷം ഫെബ്രുവരി 21നാണ് പൂർത്തിയാക്കിയത്. 10,59,44,495 പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. 489 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. രണ്ടേകാൽ ലക്ഷം ബൂത്തുകൾ തിരഞ്ഞെടുപ്പിനായി അന്ന് സജ്ജീകരിച്ചു. ഓരോ സ്ഥാനാർഥിക്കുമുള്ള പ്രത്യേക ബോക്സിലായിരുന്നു വോട്ട് ചെയ്ത ബാലറ്റ് നിക്ഷേപിക്കേണ്ടിയിരുന്നത്. 14 ദേശീയ പാർട്ടികളും 64 പ്രാദേശിക കക്ഷികളും അന്നത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
489ൽ 364 സീറ്റ് നേടി ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നു. 16 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷമായി. 1957ൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിൽ 371 സീറ്റിൽ വിജയിച്ച നെഹ്റു മന്ത്രിസഭ വീണ്ടും അധികാരമേറ്റു. 27 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം സ്ഥാനത്തെത്തി. 1962ൽ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിലും 361 സീറ്റുമായി കോൺഗ്രസ്സ് തന്നെ അധികാരത്തിലെത്തി. 29 സീറ്റ് സി പി ഐക്കും ലഭിച്ചു. നെഹ്‌റു തന്നെയായിരുന്നു മൂന്നാമതും പ്രധാനമന്ത്രി. 1964 മേയ് 27 ന് നെഹ്റു അന്തരിച്ചതിനെ തുടർന്ന് ഗുൽസാരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി. പിന്നീട് ലാൽ ബഹാദൂർ ശാസ്ത്രിയെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
1966 ജനുവരി 11ന് ശാസ്ത്രി മരിച്ചതോടെ ജനുവരി 24ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1967 ലാണ് നാലാം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1971ൽ നടന്ന അഞ്ചാം തിരഞ്ഞെടുപ്പും അടിയന്തരാവസ്ഥക്ക് ശേഷം 1977 ൽ ആറാം തിരഞ്ഞെടുപ്പും നടന്നു. 1980 ജനുവരിയിൽ ഏഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 353 സീറ്റുമായാണ് അധികാരത്തിലെത്തിയത്. 1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതോടെ മൂത്ത പുത്രനായ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദമേറ്റെടുത്തു. 1985 ൽ എട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ 414 സീറ്റുമായി കോൺഗ്രസ്സ് വലിയ ഭൂരിപക്ഷം നേടി. 1989ലെ തിരഞ്ഞെടുപ്പിൽ 197സീറ്റ് നേടി കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 143 സീറ്റുണ്ടായിരുന്ന ജനതാദൾ, 85 സീറ്റു നേടിയ ബി ജെ പിയുടെയും ഇടതുപക്ഷകക്ഷികളുടെയും പിന്തുണയോടെ സർക്കാറുണ്ടാക്കി. പിന്നീട് ബി ജെ പി പിന്തുണ പിൻവലിച്ചതോടെ ചന്ദ്രശേഖറിന്റെ നേതൃതൃത്വത്തിലുള്ള ജനതാദൾ കോൺഗ്രസ്സ് പിന്തുണയോടെ രാജ്യം ഭരിച്ചു. 1991 ൽ പത്താമത് തിരഞ്ഞെടുപ്പും 1996,1998,1999,2004, 2009, 2014,2019, 2024 വർഷങ്ങളിൽ തുടർ ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നടന്നു. 2029 ലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുക.
രാജ്യസഭ
ലോക്സഭ പോലെ രാജ്യസഭ പിരിച്ചുവിടാൻ കഴിയില്ല. രാജ്യസഭാ അംഗങ്ങളുടെ കാലാവധി ആറ് വർഷമാണെങ്കിലും കാലാവധി തീരുന്നതിനനുസരിച്ച് അംഗങ്ങൾ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക.
നിയമനിർമാണ സഭയായ പാർലിമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ. ലോക്സഭയും രാജ്യസഭയും ഉൾപ്പെടുന്നതാണ് പാർലിമെന്റ്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമനിർമാണസഭകളിലെ അംഗങ്ങൾ ചേർന്നാണ് രാജ്യസഭാ പ്രതിനിധികളെ തിരഞ്ഞെടുക്കുക. കൂടാതെ സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യും. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.
(നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് അടുത്ത അക്ഷരത്തിൽ)






