National
ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ധര്‍മേന്ദ്ര 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി| ബോളിവുഡ് സിനിമാതാരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വീട്ടിലെത്തി. ബോളിവുഡിന്റെ ‘ഹീ-മാന്‍’ എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തേയും റെക്കോര്‍ഡാണ്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.


