Kerala
ഭാര്യയും മകളും ഉള്‍പെടെ മൂന്ന് സ്ത്രികളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം
വയനാട് | ഭാര്യയും മകളും ഉള്‍പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വയനാട് ഇരുളം മാതമംഗലത്താണ് സംഭവം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കുപ്പാടി സ്വദേശി ജിനിവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജിനുവും ഭാര്യ സുമതിയും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരാന്‍ സുമതിയോട് ജിനു ആവശ്യപ്പെട്ടിരുന്നു. തിരിച്ചു വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം ജിനു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാളെ വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ കസ്റ്റഡിയിലെടുത്തതായും പരുക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.