Connect with us

covid

കൊവിഡിനെ തുരത്താൻ പുണ്യാഹവുമായി വന്നയാൾ വൈറസ് ബാധിച്ച് മരിച്ചു

താൻ മന്ത്രിച്ച വെള്ളം തളിച്ച് ശ്രീലങ്കയിൽ നിന്ന് കൊവിഡിനെ തുരത്താമെന്നും ഇത് പുഴയിലേക്ക് ഒഴുക്കുകയാണെങ്കിൽ അയൽരാജ്യമായ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഇല്ലാതാകുമെന്നും അവകാശപ്പെട്ടയാളാണ് വൈറസ് ബാധിച്ച് മരിച്ചത്

Published

|

Last Updated

കൊളംബോ | ശ്രീലങ്കൻ പ്രധാനമന്ത്രിയടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖർക്ക് പുണ്യാഹം നൽകി കൊവിഡ് ‘ചികിത്സ’ നടത്തിയ മന്ത്രവാദി കൊവിഡ് ബാധിച്ച് മരിച്ചു. 48കാരനായ ഇലിയന്ത വിറ്റിയാണ് മരിച്ചത്. താൻ മന്ത്രിച്ച വെള്ളം തളിച്ച് ശ്രീലങ്കയിൽ നിന്ന് കൊവിഡിനെ തുരത്താമെന്നും ഇത് പുഴയിലേക്ക് ഒഴുക്കുകയാണെങ്കിൽ അയൽരാജ്യമായ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഇല്ലാതാകുമെന്നും അവകാശപ്പെട്ടയാളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെയാണ് വാർത്ത പുറത്തുവിട്ടത്. കൊവിഡ് വാക്‌സീൻ സ്വീകരിക്കാൻ ഇദ്ദേഹം വിമുഖത കാണിച്ചതായും ഇന്നലെ കൊളംബോയിൽ ഇലിയന്തയുടെ ശവസംസ്‌കാരം നടന്നതായും അവർ കൂട്ടിച്ചേർത്തു.

ഇലിയന്തയുടെ ചികിത്സാ രീതിക്ക് അംഗീകാരം നൽകിയ ആരോഗ്യ മന്ത്രി പവിത്ര വാന്നിയാറാച്ചിക്കും പിന്നീട് കൊവിഡ് ബാധിച്ചിരുന്നു. ഐ സി യുവിൽ പ്രവേശിപ്പിച്ച ഇവരുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കാൽമുട്ടിന് പരുക്കേറ്റ തന്റെ അസുഖം ഭേദമാക്കിയത് ഇലിയന്തയാണെന്ന് 2010ൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പ്രസ്താവന നടത്തിയതോടെയാണ് ഇയാൾ പ്രസിദ്ധനാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇരട്ട സെഞ്ച്വറി നേടാൻ കാരണവും ഇലിയന്തയാണെന്ന് അന്ന് സച്ചിൻ പ്രസ്താവിച്ചിരുന്നു.

അതിനിടെ, മന്ത്രവാദിയുടെ മരണത്തിൽ പ്രധാനമന്ത്രി മഹിന്ദാ രജപക്സെ അടക്കമുള്ള പ്രമുഖർ അനുശോചിച്ചു. മന്ത്രിമാരടക്കമുള്ള ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം ഇലിയന്തക്ക് പിന്തുണയുമായി എത്തിയപ്പോൾ, രാജ്യത്തെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ശക്തമായ വിമർശവുമായി രംഗത്തെത്തിയിരുന്നു. ആയുർവേദ വിദഗ്ധരും ഇദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിരുന്നില്ല.

Latest