Connect with us

Articles

തീവ്രദേശീയതയുടെ ഭ്രാന്തും ഒളിച്ചുകളികളും

370 റദ്ദാക്കിയ ശേഷം കശ്മീര്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. സ്വപ്‌നതുല്യമായ സുരക്ഷയിലേക്ക് കശ്മീരിനെ നയിച്ചുവെന്ന് അവകാശപ്പെട്ടതും നിങ്ങളാണ്. നിങ്ങളെ വിശ്വസിച്ചാണ് സ്വച്ഛതയുടെ താഴ്‌വര തേടി ആ മനുഷ്യര്‍ അവിടെ വന്നത്. ആ നിങ്ങള്‍ രാജ്യത്തോട് ഉത്തരം പറയണം. അവധിയാഘോഷിക്കാന്‍ പോയ ആ മനുഷ്യരെ പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കാന്‍ തീവ്രവാദികള്‍ക്ക് അവസരമൊരുക്കിയത് ആരൊക്കെ ചേര്‍ന്നാണ്? ആര്‍ക്കൊക്കെയാണ് പിഴച്ചത്?

Published

|

Last Updated

ദേശരാഷ്ട്രങ്ങളുടെ വേരുകള്‍ ദേശീയ വികാരത്തിലാണ് ആഴ്ന്നു കിടക്കുന്നത്. ഭൂപ്രദേശവും ജനതയും പരമാധികാരവും ഭരണസംവിധാനവുമെല്ലാമുണ്ടെങ്കിലും രാഷ്ട്രമാകില്ല. അതിന് ആത്മാവ് നല്‍കുന്നത് ദേശീയതയാണ്. അതൊരു വൈകാരികതയാണ്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ ഓരോ ഇന്ത്യക്കാരന്റെയും വേദനയും അമര്‍ഷവും പ്രതിഷേധവുമാകുന്നതും അവര്‍ക്കായുള്ള പ്രതികാരത്തിനായി തലപെരുക്കുന്നതും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമല്ല, അത് ദേശീയ വികാരത്തിന്റെ പ്രതിഫലനം കൂടിയാണ്. ആ വികാരത്തെ ഭരണകൂടങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ രാഷ്ട്രത്തെയാണ് ഭീകരര്‍ ആക്രമിച്ചിരിക്കുന്നത്. അതിന് പകരം ചോദിക്കാനുള്ള ബാധ്യത രാഷ്ട്രത്തിനുണ്ട്. സിന്ധുനദീജല കരാറില്‍ നിന്ന് പിന്‍വാങ്ങിയും പാക് പൗരന്‍മാരുടെ വിസ റദ്ദാക്കിയും പുതിയ വിസ നല്‍കില്ലെന്ന് പ്രഖ്യാപിച്ചും അട്ടാരി അതിര്‍ത്തിയടച്ചും അത്യാധുനിക മിസൈല്‍ പരീക്ഷിച്ചും ലശ്കര്‍ കമാന്‍ഡറെ വധിച്ചും തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകള്‍ തകര്‍ത്തും ഭീകരരെ ഓരോരുത്തരെയായി വകവരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചും ഈ ബാധ്യത നിറവേറ്റാന്‍ രാഷ്ട്രം ശ്രമിക്കുന്നു. പാഠം പഠിപ്പിക്കും, ഒരിക്കലും മറക്കാത്ത ശിക്ഷ നല്‍കും, വാക്കിലൊതുക്കില്ല എന്നൊക്കെ പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ ഒക്കെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കുന്നതും അത്തരം തലക്കെട്ടുകള്‍ക്കായി നേതാക്കള്‍ സംസാരിക്കുന്നതുമെല്ലാം ഈ ദേശീയ വികാരത്തെ പരിഗണിക്കാന്‍ വേണ്ടിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും സഊദിയില്‍ നിന്ന് ഓടിക്കിതച്ച് വന്ന് പാറ്റ്‌നയില്‍ പ്രധാനമന്ത്രി നടത്തിയ വൈകാരിക ഭാഷണം ന്യായീകരിക്കപ്പെടുന്നത് ഈ അര്‍ഥത്തിലാണ്.

എന്നാല്‍ ഈ വികാരത്തെ ഒരു പരിധിക്കപ്പുറം ഊതിക്കത്തിച്ചാല്‍ അത് അപകടകരമായ നില കൈവരിക്കും. ഒരു തരം ഭ്രാന്താവേശത്തിലേക്ക് അത് വഴിമാറും. പക്വമായി കാര്യങ്ങളെ വ്യവച്ഛേദിച്ച് മനസ്സിലാക്കാനുള്ള ശേഷി ദേശവാസികള്‍ക്ക് നഷ്ടപ്പെടും. വികാരം മാത്രമേയുണ്ടാകൂ. വിചാരം ഒട്ടുമുണ്ടാകില്ല. മൂര്‍ച്ചയേറിയ രാഷ്ട്രീയ ആയുധമാണത്. വളരെ എളുപ്പം മനുഷ്യരെ ഒരു ദിശയിലേക്ക് ആട്ടിവിടാനുള്ള ശേഷി തീവ്രദേശീയതക്കുണ്ട്. എല്ലാ ചോദ്യങ്ങളെയും നിങ്ങള്‍ക്ക് ആ ഒരൊറ്റ ആയുധം കൊണ്ട് അരിഞ്ഞു വീഴ്ത്താനാകും. പക്ഷേ ഒരു പ്രശ്‌നമുണ്ട്. ഈ ഭ്രാന്തിലേക്ക് മനുഷ്യരെ ആനയിച്ചു കഴിഞ്ഞാല്‍ അവര്‍ ഒന്നു കൊണ്ടും തൃപ്തരാകില്ല. പല്ലിന് പകരം പല്ലും കണ്ണിന് പകരം കണ്ണും തന്നെ വേണ്ടിവരും. പുല്‍വാമക്ക് പകരം ബാലാകോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് ഭരണപക്ഷം ഉദ്‌ഘോഷിക്കുന്നതും അവിടെ ഏതാനും പൈന്‍മരങ്ങള്‍ വീണുവെന്നല്ലാതെ എത്ര പേര്‍ മരിച്ചുവീണുവെന്ന് പ്രതിപക്ഷം ചോദിക്കുന്നതും തീവ്രദേശീയ വികാരത്തിന്റെ എരിതീക്കടുത്ത് നിന്നുകൊണ്ടാണ്. പഹല്‍ഗാമിന് പിറകെയും ഇതേ ഭ്രാന്താവേശം തുടങ്ങിയിരിക്കുന്നു. അത് ഭരിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നു. അവരായിട്ട് കൊളുത്തിയ തീ അണയ്ക്കാന്‍ എന്തുചെയ്യേണ്ടൂവെന്ന് അവര്‍ ബേജാറാകുന്നു. വലിയ വിവരവും അനുഭവ പരിചയവുമുള്ള പ്രതിരോധ, നയതന്ത്ര വിദഗ്ധര്‍ പോലും പ്രതികരണത്തിന് ഊക്കു പോരെന്ന് പരാതിപ്പെടുന്നു. മൃതദേഹങ്ങളുടെ എണ്ണം ചോദിക്കുന്നു. യുദ്ധോത്സുകതയുടെ കാലത്ത് അതിര്‍ത്തി മാത്രമല്ല, ഏത് ഇടവും യുദ്ധഭൂമിയായി മാറും. തെരുവില്‍, ബസില്‍, കോളജില്‍, ചാനല്‍ മുറിയില്‍, പത്രാപ്പീസുകളില്‍, ജയിലില്‍ എവിടെയും യുദ്ധം നടക്കും. പുല്‍വാമ ആക്രമണത്തിന് പിറകെ കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ “ഭാരത പൗരുഷം’ ആയുധമെടുത്തു. കശ്മീരി വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി മര്‍ദിച്ചു. ചാനലില്‍ തീവ്രദേശീയതക്ക് നേരെ സ്വരമുയര്‍ത്തിയവരെ വെര്‍ച്വല്‍ ഇടങ്ങളിലും റിയല്‍ ഇടങ്ങളിലും ആക്രമിച്ചു. പഹല്‍ഗാമിന് ശേഷവും അവ ആവര്‍ത്തിക്കുന്നു.

സരബ്ജിത് സിംഗിനെ ഓര്‍മയില്ലേ. ഈ തരന്‍തരന്‍ സ്വദേശി (പഞ്ചാബ്) എങ്ങനെ പാക് ജയിലിലെത്തിയെന്നത് ഇന്നും വിശദീകരിച്ച് തീര്‍ന്നിട്ടില്ലാത്ത കാര്യമാണ്. മദ്യലഹരിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയെന്നാണ് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ലാഹോര്‍ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനാണ് ഇയാളെന്നാണ് പാക് പോലീസ് “കണ്ടെത്തി’യത്. 1990 ആഗസ്റ്റ് 28നാണ് സരബ്ജിത് പാക് അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2013 ഏപ്രില്‍ 28ന് സരബ്ജിത് പാക് ജയിലില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആറ് ദിവസത്തിന് ശേഷം ജിന്നാ ആശുപത്രിയില്‍ മരിച്ചു. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല പാകിസ്താനും കിട്ടി ഒരു മൃതദേഹം. അത് ജമ്മുവിലെ ജയിലില്‍ നിന്നായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി 1990ല്‍ സ്‌ഫോടനം നടത്തിയെന്നാരോപിക്കപ്പെട്ട, പാകിസ്താനിലെ ദാലുവാലി സ്വദേശി സനാഉല്ല ഹഖാണ് ആക്രമിക്കപ്പെട്ടത്. 2013 മെയ് മൂന്നിന്. സരബ്ജിത്ത് മരിച്ചതിന്റെ പിറ്റേന്ന്. ആറ് ദിവസം കഴിഞ്ഞപ്പോള്‍ സനാഉല്ല ജമ്മു ആശുപത്രിയില്‍ മരിച്ചു. ഇതാണ് തീവ്രദേശീയതയെ തൃപ്തിപ്പെടുത്തുന്ന പ്രതികാരം.

എന്നാല്‍, ഒന്ന് ഇരുന്ന്, ഒരു ഗ്ലാസ്സ് പച്ചവെള്ളമൊക്കെ കുടിച്ച്, ഒരു ദീര്‍ഘശ്വാസമെടുത്ത് ആലോചിച്ച് നോക്കൂ. ഒരു ആള്‍ ഔട്ട് യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇന്ത്യക്ക് സാധിക്കുമോ? അങ്ങനെ ചെയ്യാതിരിക്കുന്നത് ഭീരുത്വമോ ദൗര്‍ബല്യമോ ആണോ? ഒരു സ്വിച്ചമര്‍ത്തി പാകിസ്താന്‍കാരുടെ കുടിവെള്ളം മുട്ടിക്കാനാകുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഇന്ത്യയെയും പാകിസ്താനെയും സഹോദരതുല്യരായ അയല്‍ക്കാര്‍ എന്നൊക്കെ ലോകം വിളിക്കുന്നുവെങ്കിലും സാമ്യമേതുമില്ലാത്ത, വൈരുധ്യങ്ങള്‍ എമ്പാടുമുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇവ. പാകിസ്താന്‍ മതാടിസ്ഥാനത്തില്‍ പിറന്ന രാഷ്ട്രമാണ്. എത്രകണ്ട് ശ്രമിച്ചാലും ഇന്ത്യയെ മതരാഷ്ട്രമാക്കുക എളുപ്പമല്ല. പാകിസ്താന് ഒരിക്കലും സുസ്ഥിര സിവിലിയന്‍ ഭരണത്തിന് കീഴില്‍ വരാന്‍ സാധിച്ചിട്ടില്ല. എത്രയൊക്കെ കുതന്ത്രങ്ങള്‍ മെനഞ്ഞാലും ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കുക എളുപ്പമായിരിക്കില്ല. ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും സൈന്യമുണ്ട്. എന്നാല്‍ പാക് സൈന്യത്തിന് സ്വന്തമായി ഒരു രാഷ്ട്രമുണ്ട്. സിവിലിയന്‍ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാകണമെങ്കില്‍ അത് സൈന്യത്തിന് ഹിതകരമാകണം. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സിവിലിയന്‍ നേതൃത്വം പല തവണ ശ്രമിച്ചിട്ടുണ്ട്. ആഗ്രയില്‍, ലാഹോറില്‍, ബസില്‍, ക്രിക്കറ്റ് ഗ്യാലറിയില്‍ ഒക്കെ ആ ശ്രമങ്ങള്‍ പരാജയമടഞ്ഞത് പാക് സൈന്യത്തിന് താത്പര്യമില്ലാത്തത് കൊണ്ട് മാത്രമാണ്. പാകിസ്താനും ഇന്ത്യയും ആണവ രാഷ്ട്രങ്ങളാണ്. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ നിന്ന്, പ്രത്യയശാസ്ത്രത്തില്‍ യുദ്ധോത്സുകത അടങ്ങിയ ഹിന്ദുത്വയുടെ വക്താവായ മോദി ഭരിക്കുമ്പോള്‍ പോലും പിന്നോട്ട് പോയിട്ടില്ല. എന്നാല്‍ പ്രത്യാക്രമണത്തിനല്ലാതെ ആണവായുധം പ്രയോഗിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഒരിക്കലും പാകിസ്താന്‍ തയ്യാറായിട്ടില്ല. നിലവിലെ ഭരണകക്ഷി എത്രയൊക്കെ മായ്ച്ച് കളയാന്‍ ശ്രമിച്ചാലും നെഹ്‌റുവിയന്‍ വിദേശനയം ഇന്ത്യന്‍ സമീപനത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും ശക്തമായി നിലകൊള്ളുന്നുണ്ട്. പഹല്‍ഗാമിന് പിറകെ ഷിംല കരാറില്‍ നിന്ന് പാകിസ്താന്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയല്ലോ. സത്യത്തില്‍ ഈ കരാറിനോട് നീതിപുലര്‍ത്താന്‍ പാകിസ്താന് ഒരിക്കലും സാധിച്ചിട്ടില്ല. അന്താരാഷ്ട്ര അതിര്‍ത്തി രൂപവത്കരിക്കുന്നതിലേക്ക് വളരാന്‍ ആ കരാറിനായില്ല. ആ കരാറിന്റെ ഇരുപുറമിരുന്ന ഇന്ദിരാ ഗാന്ധിയെ ഇന്ത്യക്കാരും സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പാകിസ്താന്‍കാരും വധിച്ചു. വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും പ്രകോപനത്തിന്റെയും ഭീകരതയോടുള്ള മൃദുസമീപനത്തിന്റെയും ഏഴ് പതിറ്റാണ്ടുകളാണ് സ്വതന്ത്ര പാകിസ്താന്റെ ചരിത്രം. യു എസിന്റെയും ചൈനയുടെയും റഷ്യയുടെയും താത്പര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞത് പാക് പ്രതിരോധ മന്ത്രിയാണ്. ഹിന്ദുത്വവാദികള്‍ ഉണ്ടാക്കിയ സര്‍വ പ്രതിച്ഛായാ നഷ്ടങ്ങളെയും നിഷ്പ്രഭമാക്കി ഇന്ത്യന്‍ ദേശീയ സമരപാരമ്പര്യം തന്നെയാണ് ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അതുകൊണ്ട് ആ പാരമ്പര്യം ഏല്‍പ്പിച്ച ഉത്തരവാദിത്വം കൈയൊഴിയാന്‍ മോദിക്കോ അമിത് ഷാക്കോ പോലും സാധിക്കില്ല.
മസില്‍ പ്രയോഗം ഉടനടി വേണമെന്ന മുറവിളി തീവ്രദേശീയതയുടെ ഭ്രാന്തമായ ആക്രോശം മാത്രമാണ്. ശരിയായ ദേശീയതയാണ് നയിക്കുന്നതെങ്കില്‍ അടിയന്തര അനിവാര്യതയായി ഉയര്‍ന്നു വരേണ്ടത് ഭീകരവാദികളെ ബൈസാരണ്‍ പുല്‍ത്തകിടിയില്‍ എത്തിച്ച സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടുപിടിക്കലാണ്. അതിന് ഒരു അന്താരാഷ്ട്ര മര്യാദയും തടസ്സമാകുന്നില്ല. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ കാലത്ത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ച അതേ ചോദ്യമാണത്. കേന്ദ്രം ഭരിക്കുന്നത് നിങ്ങളാണ്. പട്ടാളം നിങ്ങളുടെ കൈയിലാണ്. 370 റദ്ദാക്കിയ ശേഷം കശ്മീര്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. സ്വപ്‌നതുല്യമായ സുരക്ഷയിലേക്ക് കശ്മീരിനെ നയിച്ചുവെന്ന് അവകാശപ്പെട്ടതും നിങ്ങളാണ്. നിങ്ങളെ വിശ്വസിച്ചാണ് സ്വച്ഛതയുടെ താഴ്‌വര തേടി ആ മനുഷ്യര്‍ അവിടെ വന്നത്. ആ നിങ്ങള്‍ രാജ്യത്തോട് ഉത്തരം പറയണം. അവധിയാഘോഷിക്കാന്‍ പോയ ആ മനുഷ്യരെ പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കാന്‍ തീവ്രവാദികള്‍ക്ക് അവസരമൊരുക്കിയത് ആരൊക്കെ ചേര്‍ന്നാണ്? ആര്‍ക്കൊക്കെയാണ് പിഴച്ചത്? ഇന്റലിജന്‍സ് പരാജയത്തിന് ആര് മറുപടി പറയും. ജൂണില്‍ തുടങ്ങേണ്ട വിനോദ സഞ്ചാര സീസണ്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ നേരത്തേ തുടങ്ങിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞുവത്രേ. എത്ര ദയനീയമായ ന്യായീകരണമാണത്. ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദിക്കരുതെന്ന് ശശി തരൂര്‍ പറയുന്നത് കേട്ടു. ദേശീയതയാണ് മുഖ്യം, രാഷ്ട്രീയമല്ലെന്ന് വായ്ത്താരി മുഴക്കി തരൂരിന് ബി ജെ പി കൈയടിക്കുകയും ചെയ്തു. ഒരു ദേശത്തിന്റെ കരുത്ത് തെറ്റു തിരുത്തുന്നതിലും ഏറ്റുപറയുന്നതിലും ആത്മവിചാരണയിലുമാണെന്ന് ഈ വിശ്വപൗരന്‍മാര്‍ക്ക് ആര് പറഞ്ഞുകൊടുക്കും? ആക്രോശങ്ങള്‍ നടത്തി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഭരണ നേതൃത്വത്തെ സഹായിക്കാനിറങ്ങുന്ന ഈ മഹാവിവരസ്ഥന്‍മാര്‍ തീവ്രദേശീയതയുടെ ഭ്രാന്തിലകപ്പെട്ടുപോയവരാണ്.
ഭീകരവാദികള്‍ ലക്ഷ്യമിട്ടത് പതിനായിരങ്ങള്‍ മരിച്ചു വീഴുന്ന വര്‍ഗീയ കലാപമാണ്. പള്ളിമതിലില്‍ പാകിസ്താന്‍ മുര്‍ദാബാദ് പോസ്റ്റര്‍ പതിച്ചും കശ്മീര്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ആക്രമിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കൊടും വര്‍ഗീയ വിഷം തുപ്പിയും കുറേ “ദേശസ്‌നേഹികള്‍’ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഭീകരരുടെ ക്വട്ടേഷനാണ് നടപ്പാക്കുന്നത്. ആരതിമാരെപ്പോലെ ഹൈവോള്‍ട്ട് ദേശീയതയില്‍ കുടുങ്ങാത്ത മനുഷ്യരാണ് ഈ രാജ്യത്തെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കുന്നത്. ഇതിനിടയിലും മുസ്‌ലിംകള്‍ ദേശക്കൂറ് പ്രദര്‍ശിപ്പിക്കാന്‍ ഭീകരവിരുദ്ധ സമ്മേളനങ്ങള്‍ നടത്തുകയും പേര്‍ത്തും പേര്‍ത്തും ഭീകരതയെ തള്ളിപ്പറഞ്ഞ് പ്രസ്താവനയിറക്കുകയും കശ്മീരികളുടെ ആതിഥേയത്വം ഉപന്യസിക്കുകയും ചെയ്യേണ്ടി വരുന്നതാണ് കഷ്ടം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest