Connect with us

international book fair

അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ അബുദബിയിൽ തുടക്കമാകും

ജർമനി അതിഥി രാജ്യം

Published

|

Last Updated

അബുദബി | അബുദബി അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും.  മെയ് 29ന് അവസാനിക്കുന്ന 31-ാമത് മേളയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള 1,000 പ്രസാധകരുടെ പങ്കാളിത്തമുണ്ടാകും. അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ 73,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന മേളക്ക് മുൻവർഷങ്ങളെപ്പോലെ 150,000-ത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അബുദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദബി (ഡി സി ടി അബുദബി) അറിയിച്ചു.

16 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുത്ത സന്ദർശകർ അൽ ഹുസൻ ആപ്പിൽ ഗ്രീൻ പാസ് ഹാജരാക്കിയാൽ പ്രവേശനം അനുവദിക്കും, വാക്സിനേഷൻ എടുക്കാത്ത സന്ദർശകർ 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് പി സി ആർ പരിശോധനാ ഫലം ഹാജരാക്കണം. ആദ്യ ദിവസം മുതൽ കുട്ടികളെ സ്വാഗതം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. സന്ദർശകർ എപ്പോഴും മുഖംമൂടി ധരിച്ചിരിക്കണം. ജർമനിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 15-ലധികം സാംസ്കാരിക പരിപാടികൾക്ക് പുറമെ പത്തോളം ജർമ്മൻ പ്രസാധകരും ബുദ്ധിജീവികളും മേളയിൽ പങ്കെടുക്കും.

പ്രത്യേക ജർമ്മൻ സിനിമകളുടെ പ്രദർശനങ്ങളും ജർമ്മൻ, അറബ് സംസ്കാരങ്ങൾ തമ്മിലുള്ള സഹകരണം ഉയർത്തിക്കാട്ടുന്ന പരിപാടികളും മേളയിലുണ്ടാകും. അറബ് സംസ്കാരത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് ഈജിപ്ഷ്യൻ എഴുത്തുകാരൻ താഹ ഹുസൈനെ അറബിക് സാഹിത്യത്തിന്റെ ഡീൻ എന്ന പേരിൽ ഈ വർഷത്തെ വ്യക്തിത്വമായി ആദരിക്കും. പുസ്തകമേളക്കൊപ്പം, അറബിക് പബ്ലിഷിംഗ് ആന്റ് ക്രിയേറ്റീവ് ഇൻഡസ്ട്രീസിന്റെ ആദ്യ അന്താരാഷ്ട്ര കോൺഗ്രസിലും പ്രസാധകർ പങ്കെടുക്കും. പുസ്തകമേളയുടെ രണ്ടാം ദിവസമായ മെയ് 24ന്, ഈ വർഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട സൗദി ചിന്തകൻ ഡോ. അബ്ദുല്ല അൽ ഗതാമി ഉൾപ്പെടെ ഒമ്പത് ശൈഖ് സായിദ് ബുക്ക് അവാർഡ് ജേതാക്കളെ ആദരിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി