Kerala
വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം വര്‍ധിച്ചു:കമ്മിഷ്ണര്‍ ഡോ.അബ്ദുല്‍ ഹക്കീം
എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികള്‍ ആരംഭിക്കണമെന്നും സ്വന്തം ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയില്‍ ഉള്ളതെങ്കില്‍ അഞ്ചാം ദിവസം തന്നെ വിവരങ്ങള്‍ ഉള്ള ഓഫീസിലേക്ക് അപേക്ഷ അയക്കണം.
കോഴിക്കോട് | വിവരാവകാശ നിയമത്തിന് മുമ്പില്ലാത്ത വിധത്തിലുള്ള പ്രാധാന്യവും പ്രശസ്തിയും ആണ് രാജ്യത്തും സംസ്ഥാനത്തും കൈവന്നിരിക്കുന്നത് എന്ന് സംസ്ഥാന വിവരാവകാശ കമ്മിഷ്ണര്‍ ഡോ.എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. ന്യുയോര്‍ക്ക് ടൈംസും ബിബിസിയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും നമ്മുടെ ദേശീയ മാധ്യമങ്ങളും കേരളത്തിലെ വിവരാവകാശ കമ്മിഷനെ പ്രശംസിച്ച് ലേഖനവും സ്റ്റോറികളും നല്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍മാരുടെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. ഈ സാഹചര്യം നിലനിര്‍ത്തുന്നതിന് വിവരാവകാശ ഓഫീസര്‍മാരുടെ ഭാഗത്തുനിന്ന് കൂടുതല്‍ സജീവമായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികള്‍ ആരംഭിക്കണമെന്നും സ്വന്തം ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയില്‍ ഉള്ളതെങ്കില്‍ അഞ്ചാം ദിവസം തന്നെ വിവരങ്ങള്‍ ഉള്ള ഓഫീസിലേക്ക് അപേക്ഷ അയക്കണം.
കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയം അനാവശ്യമായി കവരുന്ന രീതിയില്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കുന്നത് ശരിയല്ല. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയമാണ് ഇതിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഒരു ഫയല്‍ തുടങ്ങുമ്പോള്‍ വിവരാവകാശ അപേക്ഷയ്ക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍കണ്ട് വേണം അവ ആരംഭിക്കാനെന്നും ഡോ.ഹക്കിം പറഞ്ഞു.
വിവരാവകാശ അപേക്ഷയുടെ ആദ്യ മറുപടിയില്‍ തന്നെ രേഖകള്‍ക്ക് അടയ്‌ക്കേണ്ട തുകയുടെ വിശദാംശങ്ങളും പേജുകളുടെ എണ്ണവും അപ്പീലിനുള്ള വിലാസവും അപേക്ഷകനെ അറിയിക്കണം.
ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെഴുത്തി ഒരാള്‍ക്ക് 375,000 രൂപ ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് കെ ടി അബ്ദുല്‍ മനാഫ് നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാതിരുന്ന നഗരസഭ സെക്രട്ടറി, വിവരാവകാശ ഉദ്യോഗസ്ഥന്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടാന്‍ കമ്മിഷന്‍ തീരുമാനിച്ചു. രേഖകളുടെ ആവശ്യമായ പരിശോധനകള്‍ ഇല്ലാതെ ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പോലീസ്, വിജിലന്‍സ് കേസുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷകന് നല്‍കാനും വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു. ഇദ്ദേഹം തന്നെ നല്‍കിയ മറ്റൊരു വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കുന്നത് രണ്ടുമാസവും 12 ദിവസവും വൈകിപ്പിച്ചതിന് വിവരാവകാശ നിയമത്തിലെ 20(1)വകുപ്പ് പ്രകാരം പിഴ ഈടാക്കാനും തീരുമാനമായി.
ജില്ലയിലെ ലൈബ്രറികളുടെ ഗ്രേഡിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി കെ സുമേഷ് സമര്‍പ്പിച്ച അപേക്ഷയില്‍ 10 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരി മറുപടി നല്‍കണം. കോഴിക്കോട് ലോ കോളജിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലെ മാര്‍ക്ക് ഷീറ്റ്, മുഴുവന്‍ അപേക്ഷകരുടെയും വിവരങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുത്തവര്‍ തയ്യാറാക്കിയ തരം തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റുകള്‍ ,സ്‌കോര്‍ഷീറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ഒരാഴ്ചക്കകം അപേക്ഷകയായ അഡ്വ. പി അനഘക്ക് നല്‍കണം.
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒപി ടിക്കറ്റിന് അഞ്ച് രൂപ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് മൂന്ന് ദിവസത്തിനകം അപേക്ഷകനായ പി മാണിക്ക് നല്‍കണം. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നേരത്തേ ജോലിചെയ്ത പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വി എം ബഷീര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാതിരുന്ന കേസില്‍ താമരശ്ശേരി ഡിവൈഎസ്പി ഒരാഴ്ചയ്ക്കകം മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് വിവരാവകാശ കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.
ഭൂമിയില്‍ നിന്ന് ആളുമാറി കരം പിരിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ കമ്മിഷന്‍ മുമ്പാകെ തെളിവെടുപ്പിന് ഹാജരാകാതിരുന്ന എലത്തൂര്‍ വില്ലേജ് ഓഫീസര്‍ക്ക് സമന്‍സ് അയക്കാനും 23ന് നേരിട്ട് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാവാനും നിര്‍ദ്ദേശിച്ചു. കരുണാകരന്‍ നായരുടെ വിവരാവകാശ അപേക്ഷയിലാണ് നടപടി.
ആര്‍ ഡി ഒ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനിത കെ എം നല്‍കിയ അപേക്ഷയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസില്‍ നിന്ന് 50 വര്‍ഷം മുമ്പുള്ള രേഖ ആവശ്യപ്പെട്ട് ബിലേഷ് കുമാര്‍ പി കെ നല്‍കിയ അപേക്ഷയില്‍ ഓഫീസിലെ റെക്കോര്‍ഡ് മുറിയില്‍ എത്തി റെക്കോര്‍ഡ് പരിശോധന നടത്തുന്നതിന് അപേക്ഷകനെ സഹായിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
സിറ്റിംഗില്‍ എട്ട് അപേക്ഷകളില്‍ വിവരങ്ങള്‍ തല്‍ക്ഷണം ബന്ധപ്പെട്ടവര്‍ ലഭ്യമാക്കി. സിറ്റിംഗില്‍ പരിഗണിച്ച 19 കേസുകളില്‍ 18 എണ്ണം തീര്‍പ്പാക്കി.