articles
തിരുദൂതർ (സ) എന്ന പ്രതീക്ഷ
രണ്ട് കാര്യങ്ങളാണ് വിശുദ്ധ റബീഇന്റെ ഈ പൂമുഖത്ത് എനിക്ക് പ്രിയപ്പെട്ട സഹോദരങ്ങളോട് ഓര്‍മപ്പെടുത്താനുള്ളത്. ഒന്ന്, നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ തിരുദൂതരില്‍ അങ്ങേയറ്റത്തെ പ്രതീക്ഷയുള്ളവരാകുക. നബിയാണ് നമ്മുടെ രക്ഷയെന്ന് അടിയുറച്ചു വിശ്വസിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും ചെയ്യുക. രണ്ട്, നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് കൂടെ ആ പ്രതീക്ഷ പകര്‍ന്നു കൊടുക്കുക.

ഈയിടെ ഫലസ്തീനില്‍ നിന്നുള്ള ഒരു യുവതിയുടെ കഥ കേള്‍ക്കുകയുണ്ടായി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും വംശഹത്യക്കുമിടയില്‍, ഒരു രാവില്‍ തിരുനബി(സ)യെ സ്വപ്‌നം കാണുന്നതാണ് അനുഭവം. മുറിവേറ്റവരും അവശരുമായ ഒരു കൂട്ടം ജനങ്ങളെ നബിയോര്‍ കൈപിടിച്ചു കയറ്റുന്നു. അവിടുത്തെ തിരുസ്പര്‍ശത്താല്‍ അവരെല്ലാം സുഖം പ്രാപിക്കുന്നു. അവരുടെ മുഖങ്ങള്‍ പ്രകാശിക്കുന്നു. പുതുജീവന്‍ ലഭിക്കുന്നു.
വലിയ സന്ദേശവും ആശ്വാസവുമാണ് ഈ അനുഭവം മുന്നോട്ട് വെക്കുന്നതെന്ന് തോന്നി. തിരുനബി(സ) നമുക്കാരാണ് എന്ന് അറിയലാണ് അവിടുത്തെ മനസ്സിലാക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ആദ്യ പടികളിലൊന്ന്. നിങ്ങളോട് വളരെ പിരിശമുള്ള, നിങ്ങള്‍ പ്രയാസപ്പെടുന്നത് വിഷമിക്കുന്ന തിരുദൂതരെന്നാണ് (9:128) ഖുര്‍ആന്‍ നബി(സ)യെ കുറിച്ച് നല്‍കുന്ന അതിമനോഹരമായ വിശേഷണങ്ങളിലൊന്ന്. കാരുണ്യത്തിന്റെ മനുഷ്യരൂപമായ നബി(സ) അങ്ങനെയായില്ലെങ്കിലല്ലേ ഉള്ളൂ. എന്റെ മരണ ശേഷവും നിങ്ങളെ ഞാന്‍ കാണുമെന്നും നിങ്ങളുടെ നന്മകളില്‍ സന്തോഷിക്കുമെന്നുമെല്ലാം നമുക്ക് ആശ്വാസം പകരുന്നുണ്ട് തിരുദൂതര്‍.
നബി(സ)യെക്കുറിച്ചുള്ള ഖുര്‍ആനിക പാഠങ്ങളും തിരുവചനങ്ങളുമെല്ലാം നമ്മോട് പറയുന്നത് എത്രമാത്രം പ്രതീക്ഷാനിര്‍ഭരമാണ് നമ്മുടെ ഇരു ലോകത്തെയും ഇടപാടുകളെന്നാണ്. തിരുനബി(സ)യല്ലാതെ മറ്റൊന്നുമല്ല ഈ പ്രതീക്ഷക്കാധാരം എന്നും. ഇങ്ങനെ, ഇരുലോകത്തും മുത്ത് നബി(സ) നമ്മെ കൈപിടിക്കുമെന്ന പ്രതീക്ഷയാണ് നമുക്ക് അവിടുത്തോടുള്ള സ്‌നേഹത്തിന്റെ ആധാരശിലകളിലൊന്ന്. തിരുനബി(സ)യില്‍ പ്രതീക്ഷ വെക്കൂ, നാം രക്ഷപ്പെടും. ഏതൊരു പ്രയാസമോ അക്രമമോ ഈ രക്ഷാകവചത്തിന് പുറത്തല്ല.
എത്രമാത്രം കയ്‌പേറിയ ജീവിതാനുഭവങ്ങളാണ് തിരുനബി(സ)ക്ക് നേരിടാനുണ്ടായിരുന്നതെന്ന് ഓര്‍ത്തു നോക്കൂ. അന്നേരങ്ങളിലെല്ലാം അവിടുന്ന് സംസാരിച്ചതും കൂടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നതും എത്ര മനോഹരമായാണെന്ന് നമുക്ക് കാണാം. മദീനയിലേക്കുള്ള പലായനത്തിനിടെ, ഗുഹാമുഖത്ത് ശത്രുവിന്റെ കാല്‍പ്പെരുമാറ്റവും ആയുധ സീല്‍ക്കാരവും കേട്ടപ്പോഴും, ഒരു പേടിയും വേണ്ട, അല്ലാഹു കൂടെയുണ്ട് എന്നതായിരുന്നു അവിടുത്തെ ഭാഷ്യം. തിരുനബി(സ)യുടെ അനുയായികളെന്ന നിലക്ക്, ആയിരത്തില്‍ പരം സംവത്സരങ്ങള്‍ക്കിപ്പുറത്തു നില്‍ക്കുന്ന നാം പോലും അനുഭവിക്കുന്ന സുരക്ഷിതത്വവും പ്രത്യാശകളും ആ ഗുഹക്കകം വരെയും നീണ്ടു കിടക്കുന്നില്ലേ എന്ന് ചിന്തിച്ചുനോക്കൂ!
അനുചരരുടെ എത്രയെത്ര പ്രയാസങ്ങളാണ് നബി(സ) ജീവിതകാലത്തും ശേഷവും അകറ്റിയത്. പലപ്പോഴും സാന്നിധ്യം കൊണ്ട്, വാക്കു കൊണ്ട്, തിരുസ്പര്‍ശം കൊണ്ട് അങ്ങനെ പല വിധേനയും. അക്കൂട്ടത്തില്‍ കടം കൊണ്ട് വലഞ്ഞവര്‍ മുതല്‍ കണ്ണു പറിഞ്ഞു തൂങ്ങിയവര്‍ വരെയുണ്ടായിരുന്നു. എത്രയെത്ര അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമാണ് തിരുദൂതരുടെ ഉമ്മത്ത് മറികടന്നത്.
അവയില്‍ യുദ്ധങ്ങളും പട്ടിണികളും തുടങ്ങി എല്ലാമുണ്ട്. എല്ലാത്തിലും തിരുനബി(സ)യുടെ ഭൗതികമോ അഭൗതികമോ ആയ സാന്നിധ്യവും സഹായവും അവര്‍ക്കെല്ലാം തുണയായി. നമ്മുടെ പ്രശ്‌നങ്ങളില്‍, അത് വ്യക്തിയെന്ന നിലയില്‍ നാം അനുഭവിക്കുന്ന വേദനകളോ, മനുഷ്യ സമൂഹമെന്ന നിലയില്‍ കടന്നുപോകുന്ന പ്രയാസങ്ങളോ ആകട്ടെ, അവയിലും നമുക്കാശ്വാസമായി തിരുനബി(സ) വരും എന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്.
ജീവിതത്തിലും മരണത്തിലും നമുക്ക് പ്രതീക്ഷ നല്‍കിയാണ് തിരുദൂതര്‍(സ) ജീവിച്ചത്. ആ പ്രതീക്ഷകളുടെ കൂടെ ഓര്‍മപ്പെടുത്തലാണ് ഓരോ റബീഉം. പ്രയാസങ്ങളും പരീക്ഷണങ്ങളുമില്ലാതെ ഒരു കാലവും വിശ്വാസി സമൂഹത്തിന് ഉണ്ടായിട്ടില്ല. അവ ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല. എല്ലാ കാലത്തും, എല്ലാ കഷ്ടതകള്‍ക്കിടയിലും നമ്മുടെ പിടിവള്ളി മുത്ത് നബിയാണ്. അവിടുത്തെയല്ലാതെ മറ്റാരിലും ആശ വെക്കാനില്ല.
തിരുനബി(സ)യോട് കൂറുണ്ടെങ്കില്‍ പിന്നെ ഇരുലോകത്തും പ്രതീക്ഷയാണ് എന്നൊക്കെ പാടിയും പറഞ്ഞും കഴിഞ്ഞുപോയ ഒട്ടേറെ കവികളെയും പണ്ഡിതരെയും ചരിത്രത്തിലെമ്പാടും കാണാം. നബി(സ)യെ മദ്ഹ് ചെയ്യുന്നതിലുള്ള നമ്മുടെ പ്രതീക്ഷകളിലൊന്ന് ഇരുലോകത്തെ പ്രയാസങ്ങള്‍ നീങ്ങിപ്പോകലാണല്ലോ. ഖസീദതുല്‍ ബുര്‍ദ മുതല്‍ മന്‍ഖൂസ് മൗലിദ് വരെയുമുള്ള അനുഭവങ്ങള്‍ അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. ഏത് കഷ്ടതകളും നമുക്ക് നബി(സ)യുടെ മദ്ഹ് പാടലും പറയലും എഴുതലും വായിക്കലും ചിന്തിക്കലുമെല്ലാം ഇനിയും അധികരിപ്പിച്ചുകൊണ്ടേയിരിക്കാനുള്ള സൂചനകളാണ്, ഒട്ടും കുറക്കാനല്ല എന്ന് കൂടെ കൂട്ടത്തില്‍ ഓര്‍മപ്പെടുത്തട്ടെ.
മുത്തുനബിയില്‍ നമുക്കുള്ള പ്രതീക്ഷ, തിരുസ്‌നേഹം, നമ്മുടെ വിശ്വാസം; ഇവ മൂന്നും ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നോക്കൂ, “മനം മടുക്കുകയോ സങ്കടപ്പെടുകയോ വേണ്ട, യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍(3:139)’ എന്ന് അല്ലാഹു നമ്മോട് പറയുന്നുണ്ട്. നിരാശകളില്‍ നിന്ന് റബ്ബ് നമ്മെ തിരിച്ചു വിളിക്കുന്നത് ഉള്ളുറച്ച വിശ്വാസത്തിലേക്കാണ്. എങ്ങനെയാണ് നമ്മുടെയുള്ളില്‍ വിശ്വാസമുണ്ടാകുന്നത്? തിരുനബി(സ) വളരെ ലളിതമായി നമുക്കത് പറഞ്ഞു തന്നത്, എല്ലാത്തിനും മുകളില്‍ അവിടുത്തെ സ്‌നേഹിക്കുക എന്നതാണ്. ആ സ്‌നേഹത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാകട്ടെ, നാം നേരത്തേ പറഞ്ഞതു പോലെ തിരുനബി(സ)യിലുള്ള പ്രതീക്ഷയും. മറ്റൊരിടത്ത് ഖുര്‍ആന്‍ പറഞ്ഞത് “വിശ്വാസികള്‍ക്ക് സദ് വാര്‍ത്ത അറിയിക്കുക, അവര്‍ക്ക് പടച്ചവനില്‍ നിന്ന് വലിയ പാരിതോഷികങ്ങളുണ്ട്’ (33:47) എന്നാണ്. നമ്മുടെ ഉള്ളില്‍ ആശ നിറക്കാന്‍ അല്ലാഹു പ്രത്യേകം നബിയെ പറഞ്ഞേല്‍പ്പിക്കുന്നത് കാണാമിവിടെ. ഇതില്‍പരം നമുക്കെന്തു വേണം! ഓര്‍ക്കുക, “അങ്ങ് അവരിലുണ്ടായിരിക്കെ അവരെ നാം ശിക്ഷിക്കുകയില്ല നബിയേ’ (8:33) എന്നും പടച്ചവന്‍ പറയുന്നത് കാണാം. ആകയാല്‍, ഈ പ്രതീക്ഷയില്‍ നിന്നകന്നു പോകാതെ കൂടിയാണ് നാം നമ്മുടെ വിശ്വാസവും അതിന്റെ അടിക്കല്ലായ തിരുസ്‌നേഹവും സംരക്ഷിക്കേണ്ടത്.
തിരുനബി(സ) നമുക്കേവര്‍ക്കും എല്ലാ കാലത്തും പ്രതീക്ഷയുടെ വിളക്കുമാടമായി ജീവിച്ചു കാണിച്ചു തന്നുകൊണ്ടേയിരിക്കുന്നു. അവിടെ തീരുന്നില്ല നമുക്കുള്ള പാഠം. നബിയോര്‍ ജീവിച്ച പോലെ ജീവിക്കാന്‍ ശ്രമിക്കുക എന്നത് ഒരു വിശ്വാസിയുടെ അടിസ്ഥാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. അത് ചുറ്റുമുള്ള മനുഷ്യര്‍ക്ക് ആശയാകുക എന്ന കാര്യത്തിലുമതേ. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രതീക്ഷയുടെ തുരുത്താകണം നമ്മള്‍. പ്രാര്‍ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടുമതേ. നാമെന്ന വ്യക്തികള്‍ മാത്രമല്ല, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ നഗരങ്ങള്‍, നാം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം അങ്ങനെയാകണം. ചുറ്റിലേക്കും കണ്ണോടിക്കുക, വേദനിക്കുന്നവരെ കാണുക, കൈ പിടിക്കുക.
ചുരുക്കത്തില്‍ രണ്ട് കാര്യങ്ങളാണ് വിശുദ്ധ റബീഇന്റെ ഈ പൂമുഖത്ത് എനിക്ക് പ്രിയപ്പെട്ട സഹോദരങ്ങളോട് ഓര്‍മപ്പെടുത്താനുള്ളത്. ഒന്ന്, നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ തിരുദൂതരില്‍ അങ്ങേയറ്റത്തെ പ്രതീക്ഷയുള്ളവരാകുക. നബിയാണ് നമ്മുടെ രക്ഷയെന്ന് അടിയുറച്ചു വിശ്വസിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും ചെയ്യുക. രണ്ട്, നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് കൂടെ ആ പ്രതീക്ഷ പകര്‍ന്നു കൊടുക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വയം നാം പ്രതീക്ഷയായി മാറുക. ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും, ഫലസ്തീനിലും അല്ലാത്തിടങ്ങളിലുമുള്ളവര്‍ക്കെല്ലാം, തിരുദൂതരുടെ കരുണാമയമായ സാന്നിധ്യം കൊണ്ട് അല്ലാഹു ആശ്വാസം നല്‍കട്ടെ, ആമീന്‍.