Connect with us

Editors Pick

ഗെയിമിംഗ് സെന്റർ പ്രവർത്തിച്ചത് യാതൊരു ലൈസൻസുമില്ലാതെ; ഇത് ക്ഷണിച്ചുവരുത്തിയ ദുരന്തം

സ്ഥാപനത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്.

Published

|

Last Updated

രാജ്കോട്ട് | ഒൻപത് കുട്ടികളടക്കം 27 പേർ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന ടി ആർ പി ഗെയിമിംഗ് സെന്റർ പ്രവർത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തി. ഗെയിമിംഗ് സോണിന് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫയർ ക്ലിയറൻസിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും സെന്ററിന് ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയ രാജ്‌കോട്ട് മേയർ നയ്‌ന പെദാഡിയ, ഇക്കാര്യം സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ നിർമാണത്തിലെ പാളിച്ചകളും അപടത്തിന്റെ തീവ്രത കൂട്ടാനിടയാക്കി. യഥാർഥത്തിൽ ഇതൊരു ക്ഷണിച്ചുവരുത്തിയ ദുരന്തമായി മാറി.

ഫയർ എൻഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോൺ എങ്ങനെ പ്രവർത്തിച്ചുവെന്ന് ഞങ്ങൾ അന്വേഷിക്കുമെന്ന് നയ്‌ന പെദാഡിയ പറഞ്ഞു. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയവും അനുവദിക്കില്ലെന്നും സംഭവസ്ഥലലം സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഥാപനത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. ഗെയിമിംഗ് സെന്ററിൽ നിന്ന് പുറത്തു കടക്കാൻ ഒരു എക്സിറ്റ് മാത്രമാണുണ്ടായിരുന്നത്. തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ ഈ എക്സിറ്റ് വഴി പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും തിക്കും തിരക്കും കാരണം രക്ഷപ്പെടാൻ സാധിച്ചില്ല. മാത്രവുമല്ല കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് സമീപം താൽക്കാലിക കെട്ടിടം തകർന്നുവീണതോടെ ഈ വഴി അടയുകയും ചെയ്തു.

വാരാന്ത്യ ഡിസ്‌കൗണ്ട് ഓഫർ ആയതിനാൽ ടിആർപി ഗെയിമിംഗ് സോണിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വേനലവധിയായതിനാൽ കുട്ടികളുമായി നിരവധി രക്ഷിതാക്കൾ സെന്ററിലെത്തിയിരുന്നു. 99 രൂപയ്ക്കാണ് പ്രത്യേക ഓഫർ പ്രകാരം ഇന്നലെ സെന്ററിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ടിആർപി ഗെയിം സോണിൻ്റെ ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ഗുജറാത്തിലെ എല്ലാ ഗെയിം സോണുകളും പരിശോധിക്കാനും അഗ്നി സുരക്ഷാ അനുമതിയില്ലാതെ ഓടുന്നവ അടച്ചുപൂട്ടാനും സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ, പോലീസ് കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തീപിടിത്തത്തിൻ്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം. താത്കാലിക ഘടന തകർന്നതും കാറ്റിൻ്റെ വേഗതയും അപടകത്തിൽ ആഴംകൂട്ടി. കിലോമീറ്ററുകൾ അകലെ വരെ പുകച്ചുരുളുകൾ എത്തിയിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന വേണ്ടിവരും. ഇതിനായി ഇരകളുടെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Latest