Connect with us

prathivaram poem

മുഖപടം

വിരസമാം ഇന്നലെകളുടെ ജൽപ്പനങ്ങൾ വിരുന്നുവന്നുപോകുന്നു പിന്നെയും

Published

|

Last Updated

വേരറ്റുപോയ ചിന്തകൾക്കപ്പുറം
നേരിന്റെ വിരലടയാള രേഖകൾ
വരയ്ക്കുന്നു ചിതലോർമതൻ
നരച്ച ജനിമൃതിയുടെ മുഖപടം.

കരയുന്നു ചിലനേരം സ്‌മൃതിപാടകൾ
ചിരിക്കുന്നു ജീവിത നൈരാശ്യങ്ങൾ
പിരിയുന്നു കർമകാണ്ഡ വീഥികൾ
നുരയുന്നു കയ്പ്പുരസ ജീവസഞ്ചാരം.

വിരസമാം ഇന്നലെകളുടെ ജൽപ്പനങ്ങൾ
വിരുന്നുവന്നുപോകുന്നു പിന്നെയും
വരാതെപോയ സങ്കടക്കടൽത്തിരകൾ
കരയിൽ മുഖമുപേക്ഷിച്ചു മടങ്ങുന്നു.

എരിയുന്ന പകലിന്റെ വേവുപാടങ്ങൾ
ഇരുളിൻ മറയ്ക്കുള്ളിൽ ഒളിക്കുന്ന നേരം
ഇരതേടിയിറങ്ങുന്നു രാപ്പക്ഷിക്കൂട്ടങ്ങൾ
ചരിക്കുന്നു മനംവീണ്ടുമാ അച്ചുതണ്ടിൽ.