Connect with us

editorial

സ്വതന്ത്രമായിരിക്കണം ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷ പ്രചാരണങ്ങളെയും അശ്ലീല ഉള്ളടക്കങ്ങളെയും നിയന്ത്രിക്കാൻ സംവിധാനം വേണമെന്നത് തർക്കമറ്റ വിഷയമാണ്. ഈ സംവിധാനം പൊതുസമൂഹത്തിൽ നിന്നുവരുന്ന വിമർശങ്ങളെ ഇല്ലാതാക്കാനുള്ള സർക്കാർ ചട്ടുകമാകരുത്.

Published

|

Last Updated

ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് നിർദേശിച്ചിരിക്കുന്നു സുപ്രീം കോടതി. ഓൺലൈൻ മീഡിയകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. വിദ്വേഷ പ്രചാരണം, അപകീർത്തികരവും രാജ്യതാത്പര്യത്തിനു വിരുദ്ധവുമായ പോസ്റ്റുകൾ, അശ്ലീല ഉള്ളടക്കം തുടങ്ങി സമൂഹത്തിനും രാജ്യത്തിനും ഹാനികരമായ പോസ്റ്റുകൾ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് കോടതി നിർദേശിച്ചത്. ഇക്കാര്യത്തിൽ സർക്കാർ നാലാഴ്ചക്കകം നിർദേശം സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ
പറയുന്നു.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും മാറ്റിമറിച്ചിരിക്കുന്നു ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മുന്നേറ്റം. ഡിജിറ്റൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള മാധ്യമമാണ് സോഷ്യൽ മീഡിയ. ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടമായി ഇത് മാറിക്കഴിഞ്ഞു. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിലവസങ്ങൾ കണ്ടെത്തൽ, ബിസിനസ്സ്, വിനോദം, തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ആളുകൾ ഇന്ന് ആശ്രയിക്കുന്നത് ഓൺലൈൻ സംവിധാനങ്ങളെയാണ്. വ്യാജവാർത്തകളുടെ അനിയന്ത്രിതമായ പ്രവാഹം, വിദ്വേഷ പ്രചാരണം, അശ്ലീല ഉള്ളടക്കങ്ങളുടെ കുത്തൊഴുക്ക്, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി ദോഷവശങ്ങളുമുണ്ട് ഈ പ്ലാറ്റ്‌ഫോമിന്. സോഷ്യൽ മീഡിയയെ നിയന്ത്രക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുപ്രീം കോടതി നേരത്തേയും സർക്കാറിനെ ഉണർത്തിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണ്. ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ സ്വാതന്ത്ര്യം അനിയന്ത്രിതമായ ഇടങ്ങളിൽ സമൂഹത്തെയും രാഷ്ട്രത്തെയും ദോഷകരമായി ബാധിക്കുന്ന അപകടാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ നിലവിൽ വ്യക്തിഗത ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം രാജ്യത്തിന്റെ പൊതുചർച്ചകളെ നിയന്ത്രിക്കുന്ന ശക്തമായ പ്ലാറ്റ്‌ഫോമായി വളർന്നു കഴിഞ്ഞിട്ടുണ്ട്. ഇത്തരം ചർച്ചകൾ ജനാധിപത്യ സംവിധാനത്തിൽ അനിവാര്യമാണെങ്കിലും അത് രാജ്യത്തിന്റെ സുരക്ഷക്കും സമൂഹങ്ങളുടെ കെട്ടുറപ്പിനും ഐക്യത്തിനും അഖണ്ഡതക്കും വിഘാതമാകാതിരിക്കാൻ നിയന്ത്രണങ്ങൾ കൂടിയേ തീരൂ.

അതേസമയം നിയന്ത്രണം തീർത്തും നിഷ്പക്ഷവും സ്വതന്ത്രവുമായിരി ക്കണം. ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലാകരുത്. അഥവാ മാധ്യമ സെൻസർഷിപ്പായി മാറരുത്. നിയന്ത്രണത്തിനും സെൻസർഷിപ്പിനുമിടയിൽ നേരിയ ഭിത്തിയേ ഉള്ളൂ.അത് തകർന്നാൽ ജനാധിപത്യത്തിന്റെ ശ്വാസം നിലക്കും. കേന്ദ്ര സർക്കാർ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വായമൂടിക്കെട്ടാൻ പലപ്പോഴായി നീക്കം
നടത്തിയിട്ടുണ്ട്.

2018ൽ സ്മൃതി ഇറാനി വാർത്താ വിനിമയ മന്ത്രിയായിരിക്കെയായിരുന്നു ഒരു നീക്കം. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ, വർഗീയ അജൻഡകൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശം ഉയർന്ന സാഹചര്യത്തിൽ അതിനു തടയിടുകയെന്ന ലക്ഷ്യത്തിലായിരുന്നു സ്മൃതി ഇറാനി രംഗത്തുവന്നത്. സർക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ഏകപക്ഷീയമായ ഈ നടപടിക്കെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിയുക
യായിരുന്നു.

2001ൽ ഐ ടി നിയമത്തിൽ ചില സുപ്രധാന ഭേദഗതി കൊണ്ടുവന്നു. ദേശസുരക്ഷ, മതവികാരം, നിയമലംഘനം എന്നിവയുടെ പേരിൽ ഏതൊരു പോസ്റ്റും നീക്കം ചെയ്യാൻ സർക്കാറിനു അധികാരം നൽകുന്നതാണ് ഈ ഭേദഗതി.അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതിനും ഉള്ളടക്കം നിയന്ത്രിക്കുന്നതിനും ഡാറ്റാ എൻക്രിപ്ഷൻ ദുർബലമാക്കുന്നതിനും സർക്കാറിന് ഇത് കൂടുതൽ അധികാരം നൽകുന്നു. ഈ ഭേദഗതിയുടെ ബലത്തിൽ സർക്കാറിനെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ “തെറ്റായ ഉള്ളടക്കം’ എന്ന് മുദ്രകുത്തി നീക്കം ചെയ്തു. സർക്കാർ നയങ്ങളെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ തടയപ്പെട്ടു.

2023ലെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്്ഷൻ നിയമമായിരുന്നു അടുത്തത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ ഇറങ്ങിപ്പോയ തക്കത്തിലാണ് രാജ്യസഭ ഈ ബില്ല് പാസ്സാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം അടിമച്ചമർത്താൻ സർക്കാർ നേരത്തേ കൊണ്ടുവന്ന ബില്ലുകളുടെ മറ്റൊരു പതിപ്പായിരുന്നു ഇത്. ദേശീയതലത്തിൽ ഡാറ്റാ സംരക്ഷണ ബോർഡിന് രൂപം കൊടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്ല്. കേന്ദ്ര സർക്കാറിന്റെ ദയാവായ്പിൽ മാത്രം പ്രവർത്തിക്കുന്നതാണ് ബോർഡ്. ശരിയായ ഒരു വിവര സംരക്ഷണ ചട്ടക്കൂടിന് അനിവാര്യമായ സ്വയം ഭരണാധികാരം ബോർഡിനു നൽകുന്നില്ല. മാത്രമല്ല, ബോർഡ് അധ്യക്ഷൻ, അംഗങ്ങൾ എന്നിവർക്കു നിയമനടപടികളിൽ നിന്ന് സംരക്ഷണവും നൽകുന്നു. വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട് പുട്ടുസ്വാമി കേസിൽ സുപ്രീം കോടതി മുൻവെച്ച വ്യവസ്ഥകളുടെ ലംഘനം കൂടിയാണിതെന്നും
വിമർശിക്കപ്പെട്ടു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷ പ്രചാരണങ്ങളെയും അശ്ലീല ഉള്ളടക്കങ്ങളെയും നിയന്ത്രിക്കാൻ സംവിധാനം വേണമെന്നത് തർക്കമറ്റ വിഷയമാണ്. ഈ സംവിധാനം പൊതുസമൂഹത്തിൽ നിന്നുവരുന്ന വിമർശങ്ങളെ ഇല്ലാതാക്കാനുള്ള സർക്കാർ ചട്ടുകമാകരുത്. പൂർണമായും രാഷ്ട്രീയ ഇടപെടലിൽ നിന്ന് മുക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം. സുപ്രീം കോടതിക്കു കൂടി പങ്കാളിത്തമുള്ളതായിരിക്കണം ഈ സ്വതന്ത്ര ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി.

---- facebook comment plugin here -----

Latest