Connect with us

National

ഓപറേഷന്‍ സിന്ദൂരിന്റെ വിജയത്തില്‍ രാജ്യം അഭിമാനിച്ചു, എന്നാല്‍, കോണ്‍ഗ്രസ്സിനത് ഇഷ്ടപ്പെട്ടില്ല; രൂക്ഷ പരാമര്‍ശങ്ങളുമായി മോദി

ഓപറേഷന്‍ സിന്ദൂര്‍ വിജയത്തിന്റെ ഞെട്ടലില്‍ നിന്ന് പാകിസ്താനും കോണ്‍ഗ്രസ്സും ഇതുവരെ കരകയറിയിട്ടില്ല.

Published

|

Last Updated

പട്ന | കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപറേഷന്‍ സിന്ദൂരിന്റെ വിജയത്തില്‍ രാജ്യം അഭിമാനിച്ചെങ്കിലും കോണ്‍ഗ്രസ്സിന് അത് ഇഷ്ടപ്പെട്ടില്ല. പാകിസ്താനിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെങ്കിലും കോണ്‍ഗ്രസ്സിനാണ് അത് ഉറക്കമില്ലാത്ത രാത്രികള്‍ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപറേഷന്‍ സിന്ദൂര്‍ വിജയത്തിന്റെ ഞെട്ടലില്‍ നിന്ന് പാകിസ്താനും കോണ്‍ഗ്രസ്സും ഇതുവരെ കരകയറിയിട്ടില്ല. ബിഹാറിലെ അറായില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം.

സീറ്റ് വിഭജനത്തെച്ചൊല്ലി പ്രതിപക്ഷ സഖ്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന പ്രതിജ്ഞയുമായി എന്‍ ഡി എ മുന്നോട്ട് പോകുകയാണെന്നും മറുവശത്ത് കോണ്‍ഗ്രസ്സും ആര്‍ ജെ ഡിയും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ആര്‍ ജെ ഡി-കോണ്‍ഗ്രസ്സ് തര്‍ക്കം രൂക്ഷമാണ്. അവര്‍ക്ക് ബിഹാറിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എന്‍ ഡി എ സര്‍ക്കാര്‍ നടത്തി. ബിഹാറിലേക്ക് നുഴഞ്ഞുകയറിയവരെ ഇവിടുത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്. എസ് ഐ ആറിനെതിരായ യാത്ര നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്നും വോട്ട് രേഖപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം ഓര്‍ക്കണം. ഫാക്ടറികള്‍ അടച്ചുപൂട്ടുന്ന റെക്കോര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ കഴിയുമോയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. എന്‍ ഡി എക്ക് മാത്രമേ നിക്ഷേപവും തൊഴില്‍ അവസരങ്ങളും കൊണ്ടുവരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.