Connect with us

hajj 2022

ഹാജിമാരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരി ഒരുങ്ങി; ഹജ്ജ് കർമങ്ങള്‍ക്ക് നാളെ തുടക്കം

വെള്ളിയാഴ്ച സുബഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി ഹാജിമാര്‍ നീങ്ങിത്തുടങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി. ഖലീലുല്ലാഹി ഇബ്രാഹീം നബി (അ)മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ)മിന്റെയും ത്യാഗസ്മരണപുതുക്കി ശുഭ വസ്ത്രം ധരിച്ച് ലബ്ബൈക്കയുടെ മന്ത്രധ്വനികള്‍ ഉരുവിട്ട് ഹാജിമാര്‍ ഇന്നും നാളെയുമായി മിനയിലെത്തും. ഹാജിമാരുടെ വരവോടെ മിനാ താഴ്‌വാരം ഭക്തി സാന്ദ്രമാകും. ദുല്‍ഹിജ്ജ എട്ടാം ദിനമായ ‘യൗമുത്തര്‍വിയ’ ദിനത്തിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. നാളെയാണ് യൗമുത്തർവിയ.

വെള്ളിയാഴ്ച്ച സുബഹി വരെ നിസ്‌കാരത്തിലും ഇബാദത്തിലുമായി ഒരു രാത്രി മുഴുവന്‍ വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. ഹജ്ജ് കര്‍മത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് മിനായിലാണ്. വെള്ളിയാഴ്ച സുബഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി ഹാജിമാര്‍ നീങ്ങിത്തുടങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം.

ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ ഹാജിമാര്‍ക്ക് സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സഊദി ഗവണ്‍മെന്റ് നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് മിനായിലെ ടെന്റുകള്‍. 2.5 ദശലക്ഷം ചതുരശ്ര മീറ്റരില്‍ വ്യാപിച്ചുകിടക്കുന്ന ടെന്റുകളില്‍ 100,000-ത്തിലധികം എയര്‍കണ്ടീഷനറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ടെന്റുകളുടെ നിര്‍മ്മാണം.

മക്കയിലെ ഹറം പള്ളിക്ക് കിഴക്കാണ് തമ്പുകളുടെ നഗരമായ മിന സ്ഥിതിചെയ്യുന്നത്. ഹജ്ജ് തീര്‍ഥാടന വേളയില്‍ മാത്രമാണ് മിനയില്‍ ജനവാസമുണ്ടാകുക. ഹജ്ജ് കഴിയുന്നതോടെ തമ്പുകളുടെ നഗരി ശാന്തമാകും.

ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാര്‍

ഈ വര്ഷം ഹജ്ജിന് ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാരാണ് പുണ്യ ഭൂമിയിലെത്തിയത്. ഇവരില്‍ 5,765 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം മക്കയിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്ഷം മിനയിലെ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപത്തെ ടെന്റുകളിലാണ് താമസമൊരുക്കിയത്.

വഴികാട്ടിയായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ റൂട്ട് മാപ്പ്

ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി. ഇന്ത്യന്‍ ഹജ്ജിന് മിഷന് കീഴിലും സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മ്മാര്‍ വഴിയും ഹജ്ജിനെത്തിയവരുടെ ഇന്ത്യന്‍ ക്യാമ്പുകളുടെ റൂട്ട് മാപ്പ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest